കൊച്ചി
ജസ്‌റ്റിസ് ഹേമ കമ്മിറ്റി പോലൊന്ന് മറ്റ് ഇൻഡസ്‌ട്രിയിൽ ഉണ്ടായിട്ടില്ലെന്നും സ്‌ത്രീകളുടെ പ്രശ്‌നം കേൾക്കാൻ തയ്യാറായ സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും നടി ഷീല മാധ്യമങ്ങളോട് പറഞ്ഞു. കുറ്റം ചെയ്‌തവർ ശിക്ഷിക്കപ്പെടണം. നടിമാരുടെ വെളിപ്പെടുത്തൽ കേട്ടപ്പോൾ സങ്കടംതോന്നി. തുറന്നുപറയാൻ ധൈര്യം കാണിച്ചതിൽ സന്തോഷം. വ്യക്തിപരമായി അത്തരം അനുഭവമുണ്ടായിട്ടില്ല. എന്നാൽ, സെറ്റിലുണ്ടായ അനുഭവങ്ങളെക്കുറിച്ച് ചില സ്‌ത്രീകൾ പരസ്‌പരം പറയുന്നത് കേട്ടിട്ടുണ്ട്. അന്ന് പരാതി പറയാനുള്ള സ്ഥലമോ, സാഹചര്യമോ ഇല്ലായിരുന്നു.
ഡബ്ല്യുസിസിയോട് ബഹുമാനമുണ്ട്. വലിയ പോരാട്ടമാണ് അവരുടേത്. അതിലെ നടിമാരുടെ കരിയർ പോയി. എന്താണ് പവർ ഗ്രൂപ്പെന്ന് മനസ്സിലാകുന്നില്ല. ഇപ്പോൾ കേൾക്കുമ്പോഴാണ് ഇങ്ങനെയൊക്കെയുണ്ടെന്ന് അറിയുന്നത്. ഒരു നടിയുടെ ജീവിതത്തിൽക്കയറി കളിക്കുന്നത് വലിയ ആക്രമണമാണ്. സ്ഥാനാർഥി സാറാമ്മ, കള്ളിച്ചെല്ലമ്മ തുടങ്ങിയ സിനിമകളിൽപ്പോലും എനിക്ക് പുരുഷന്മാരേക്കാൾ വേതനം കിട്ടിയിട്ടില്ല.
സ്ത്രീകൾക്കുനേരെ പെട്ടെന്നുണ്ടാകുന്ന ആക്രമണങ്ങളിൽ എങ്ങനെ തെളിവ് കാണിക്കാനാകും. ഒരാൾ ഓടിവന്ന് കെട്ടിപ്പിടിച്ച് ഉമ്മവച്ചാൽ നമ്മൾ ഉടനെ സെൽഫിയെടുക്കുമോയെന്നും ഷീല ചോദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..