22 December Sunday
തദ്ദേശ അദാലത്ത്‌ :
 16,767 പരാതികൾക്ക്‌ പരിഹാരം

തദ്ദേശസ്ഥാപനങ്ങളിൽ അനാവശ്യ അവധി 
അനുവദിക്കില്ല: മന്ത്രി എം ബി രാജേഷ്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024


തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിൽ നിരുത്തരവാദപരമായി അവധി എടുക്കുന്ന പ്രവണത കർശനമായി തടയുമെന്ന്‌ മന്ത്രി എം ബി രാജേഷ്‌. ആശുപത്രിയിൽ കഴിയുന്നവർക്കല്ലാതെ ദീർഘമായ അവധി അനുവദിക്കരുത്‌. അത്തരത്തിലുള്ള അവധികളെല്ലാം റദ്ദാക്കാൻ നിർദ്ദേശം നൽകി. ഇതൊരു പ്രവണതയാവുന്നതുകൊണ്ടാണ്‌ തീരുമാനമെന്ന്‌ മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അവധിയേ അനുവദിക്കില്ല എന്നല്ല. ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നവരുണ്ട്‌. നിയമമനുസരിച്ച്‌ മൂന്ന്‌ മാസം തുടർച്ചയായി അവധി എടുത്താലാണ്‌ പകരം ആളെ നിയമിക്കാനാകുക. ചിലർ ഒരുമാസം അവധിയിൽ പോയിട്ട്‌ രണ്ട്‌ ദിവസം ജോലിക്ക്‌ എത്തും. വീണ്ടും അവധിയിൽ പോകും. ഇത്തരത്തിൽ അസോസിയേഷനുകളുടെയും തദ്ദേശ സ്ഥാപന മേധാവികളുടെയും തുടർച്ചയായ പരാതി ലഭിക്കുന്നുണ്ട്‌. അവധി എടുക്കുന്നത്‌ സംബന്ധിച്ച്‌ മാനദണ്ഡം തയ്യാറാക്കാൻ പ്രിൻസിപ്പൽ ഡയറക്‌ടറെ ചുമതലപ്പെടുത്തി.

ഫയലുകൾ വച്ച്‌ താമസിക്കുന്നവർക്കെതിരെയും നടപടി ഉണ്ടാകും. ഇന്റേണൽ വിജിലൻസ്‌ സംവിധാനം കൂടുതൽ കർശനമാക്കും. വിജിലൻസ്‌ ഓഫീസർമാർക്ക്‌ തദ്ദേശ സ്ഥാപനങ്ങളുടെ ചുമതല വീതിച്ചു നൽകും. അഴിമതി ആക്ഷേപമുള്ളവരുടെ പ്രത്യേക പട്ടിക തയ്യാറാക്കും. അവരെ നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

 

തദ്ദേശ അദാലത്ത്‌ :
 16,767 പരാതികൾക്ക്‌ പരിഹാരം
തദ്ദേശമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ ലഭിച്ച 17,799 പരാതിയിൽ 16,767 എണ്ണം തീർപ്പാക്കി. അപേക്ഷകന് അനുകൂലമായാണ് 92 ശതമാനവും തീർപ്പാക്കിയത്‌. ഇതിൽ 14,095 പരാതിയിൽ തീരുമാനം നടപ്പിലാക്കി. 37 പൊതുതീരുമാനങ്ങളും ചട്ടഭേതഗതികളും ഉണ്ടായി. ചൊവ്വാഴ്‌ച വയനാട് ജില്ലാ അദാലത്തിൽ ലഭിച്ചവ ഉൾപ്പെടെ 1,032 പരാതിയാണ്‌ ഇനിയുള്ളത്‌. ഇതിന്റെ പ്രവർത്തനം പുരോഗമിക്കുകയാണെന്ന്‌ മന്ത്രി എം ബി രാജേഷ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എല്ലാ ജില്ലകളിലും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപറേഷനിലുമാണ്‌ അദാലത്ത് നടന്നത്. 15നകം പരാതികൾ പൂർണമായി തീർപ്പാക്കി, റിപ്പോർട്ട് സമർപ്പിക്കും. ഇത് വിലയിരുത്താൻ മൂന്ന് മേഖലകളായി തിരിച്ച് മന്ത്രിതല അവലോകനം നടത്തും. ഇതിന് പുറമേ പ്രിൻസിപ്പൽ ഡയറക്ടറേറ്റിലും സർക്കാരിലും തീർപ്പാകാതെ കിടക്കുന്ന ഫയലുകൾ പരിഹരിക്കാൻ പ്രത്യേക അദാലത്തും നടത്തും. കോർപറേഷനുകളുടെ പ്രത്യേകമായ പ്രശ്നം പരിഹരിക്കാനുള്ള യോഗവും തീരുമാനിച്ചിട്ടുണ്ട്. ഈ നടപടികൾ നവംബർ 15ന്‌ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top