തൃശൂർ > ആദം പറക്കുകയാണ്, സ്വപ്നം കണ്ട ആകാശവും കടന്ന്. ഓസ്ട്രേലിയൻ നഗരം കേന്ദ്രീകരിച്ച് നാസ നടത്തുന്ന കാലാവസ്ഥാ വ്യതിയാന വിശകലന പദ്ധതിയിൽ ഭാഗമായ ഇന്ത്യയിലെ ആദ്യ ട്രാൻസ്മെൻ പൈലറ്റാണ് ആദം ഹാരി. സിംഗിൾ എൻജിൻ എയർക്രാഫ്റ്റ് ഉപയോഗിച്ച് 10,000 അടി ഉയരത്തിൽ നടത്തുന്ന പഠനത്തിൽ ഉഷ്ണതരംഗങ്ങളും ഫയർ ലൈറ്റ്‌നിങ്ങുമാണ് പ്രധാനവിഷയം. ഒരുവർഷമാണ് പദ്ധതി കാലാവധി. അഞ്ചുപേരടങ്ങുന്ന എയർക്രാഫ്റ്റ് ഡിസൈനിങ് ടീമിലാണ് ഈ തൃശൂർ സ്വദേശിയും ഇടം നേടിയത്.
ഓസ്ട്രേലിയ എഡിത്ത് കോവൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് നാസ പദ്ധതി നടപ്പാക്കുന്നത്. ഈ യൂണിവേഴ്സിറ്റിയിലെ ബാച്ചിലർ ഓഫ് ഏവിയേഷൻ ടെക്നോളജി എയറോനോട്ടിക്സ് വിദ്യാർഥിയാണ് ആദം. അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് യോഗ്യതനേടിയത്. ദക്ഷിണാഫ്രിക്കയിൽനിന്ന് നേടിയ സ്വകാര്യ പൈലറ്റ് ലൈസൻസ് ഓസ്ട്രേലിയയിലേക്ക് മാറ്റി. കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് നേടാൻ ഫ്ലൈറ്റ് ട്രെയിനിങ് പെർത്തിലാണ് പരിശീലിക്കുന്നത്.
ആറുമാസത്തോടെ പരിശീലനം പൂർത്തിയാകും. രണ്ട് കമ്പനികൾ ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്. ജോലിക്കൊപ്പം എയറോനോട്ടിക്കൽ മേഖലയിൽ പിച്ച്ഡി നേടാനാണ് ആദമിന്റെ ആഗ്രഹം. ഡെൽഫ്റ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് എയറോനോട്ടിക്കൽ എൻജിനിയറിങ്, സസ്‌റ്റൈനബിൾ ഏവിയേഷൻ തുടങ്ങിയ വിഷയങ്ങളിൽ മൈക്രോ ക്രെഡിറ്റ്സും ഹോങ്കോങ് പോളിടെക്നിക് യൂണിവേഴ്സിറ്റിയിൽനിന്ന് എയർലൈൻ ഓപ്പറേഷൻസ് യൂണിറ്റ് ക്രെഡിറ്റ്സും സ്വന്തമാക്കിയിട്ടുണ്ട്. 11-ാം വയസ്സിലാണ് പൈലറ്റാകണമെന്ന ആഗ്രഹം ആദത്തിന്റെ ഉള്ളിൽ മുളപൊട്ടിയത്.
പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് ആൺകുട്ടിയാകണമെന്ന ആഗ്രഹം ആദം കുടുംബത്തെ അറിയിച്ചത്. ഇതോടെ കുടുംബത്തിൽ അസ്വസ്ഥതകൾ പ്രകടമായി. എന്നിട്ടും രണ്ട് ആഗ്രഹവും കൈവിട്ടില്ല. പ്ലസ്ടു പഠനത്തിനുശേഷം പൈലറ്റാവാൻ ജോഹന്നാസ് ബർഗിലേക്ക് പറന്നു. സ്വകാര്യ പൈലറ്റ് പരിശീലനം പൂർത്തിയാക്കി. വ്യക്തിത്വം വെളിപ്പെടുത്തിയതോടെ തുടർ പഠനം മുടങ്ങി. ഇതോടെയാണ് സംസ്ഥാനസർക്കാരിന്റെയും ഡെൽറ്റയുടെയും സ്കോളർഷിപ്പോടെയാണ് ദക്ഷിണാഫ്രിക്കയിലും തുടർന്ന് ഓസ്ട്രേലിയലിലും കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസിനുള്ള പരിശീലനം നടത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..