തിരുവനന്തപുരം
കോഴയിടപാട് നടത്തിയത് മറച്ചുവച്ച് നിക്ഷേപം സ്വീകരിച്ചതിന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് അമേരിക്കൻ കോടതി കുറ്റപത്രവും അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചത് വിഴിഞ്ഞം തുറമുഖ നിർമാണത്തെ ബാധിക്കില്ലെന്ന് പൊതുവിലയിരുത്തൽ. അദാനി ഓഹരി വൻതോതിൽ ഇടിയുകയും പല പദ്ധതികളെക്കുറിച്ചും ആശങ്ക ഉയർത്തുന്ന വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ, ഓഹരി വിപണിയിൽ തിരിച്ചുകയറുകയാണെന്നും വിഴിഞ്ഞം തുറമുഖ നിർമാണവും വിമാനത്താവള വികസനവും ഒരു തടസവും കൂടാതെ നടക്കുമെന്നുമാണ് അദാനി കമ്പനി അധികൃതർ നൽകുന്ന വിശദീകരണം. അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നപ്പോഴും ഓഹരി വിലകൾ ഇടിഞ്ഞുവെങ്കിലും തുറമുഖ നിർമാണമേഖലയെ ദോഷകരമായി ബാധിച്ചിരുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാംഘട്ട നിർമാണം പൂർത്തിയായി ട്രയൽ റൺ നടക്കുകയാണ്. അമ്പതിലധികം കപ്പലുകളും വന്നുകഴിഞ്ഞു. ഔദ്യോഗികമായ കമീഷനിങ് മാത്രമാണ് നടക്കാനുള്ളത്. അത് ഉടൻ നടത്താനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാർ.
ഒന്നാം ഘട്ടത്തിന് 8,867 കോടി രൂപയാണ് ചെലവ്. 5,596 കോടി സംസ്ഥാന സർക്കാർ വിഹിതമാണ്. പതിനായിരത്തിലധികം കോടി രൂപയുടെ രണ്ടാം ഘട്ടനിർമാണവും തടസങ്ങളില്ലാതെ നടത്താനാകും. ബ്രേക്ക് വാട്ടർ മൂന്ന് കി.മീ. ൽനിന്ന് നാല് ആയും ബർത്ത് 800 മീറ്ററിൽനിന്ന് 2000 മീറ്ററായും ഉയർത്തുന്നതാണ് രണ്ടാം ഘട്ടം. തുറമുഖം പൂർണതോതിൽ വരുന്നതോടെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നേരിട്ടും കേരളത്തിലാകെ പരോക്ഷമായും ഉണ്ടാകാൻ പോകുന്ന വികസനം മുന്നിൽ കണ്ട് വികസന ട്രയാങ്കിൾ ഉൾപ്പെടെ വിവിധ പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്തിട്ടുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..