22 November Friday

എഡിജിപിയുടെ മാറ്റം : ഉറപ്പ്‌ പാലിച്ച്‌ 
മുഖ്യമന്ത്രിയും സർക്കാരും

സുജിത്‌ ബേബിUpdated: Sunday Oct 6, 2024


തിരുവനന്തപുരം
എഡിജിപി എം ആർ അജിത്‌കുമാറിനെതിരായ ആരോപണങ്ങളിൽ സർക്കാർ നടപടികൾ ചട്ടങ്ങളും നിയമങ്ങളും പാലിച്ച്‌. ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥനെതിരായ ആരോപണങ്ങൾ അതീവ ഗൗരവത്തിലെടുത്താണ്‌ സർക്കാർ പൊലീസ്‌ മേധാവിയെ അന്വേഷണത്തിന്‌ ചുമതലപ്പെടുത്തിയതും റിപ്പോർട്ടിൽ നടപടി സ്വീകരിച്ചതും.
എഡിജിപിക്കെതിരെ പി വി അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചതിനുപിന്നാലെ പൊലീസ്‌ അസോസിയേഷൻ സമ്മേളനത്തിൽവച്ച്‌  മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ നിലപാട്‌ വ്യക്തമാക്കി. പൊലീസിലെ പുഴുക്കുത്തുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ അന്വേഷിക്കും എന്നുമായിരുന്നു മുഖ്യമന്ത്രി കേരളത്തിന്‌ നൽകിയ ഉറപ്പ്‌. അൻവറിന്റെ പരാതിയുടെയും എഡിജിപിയുടെ കത്തിന്റെയും അടിസ്ഥാനത്തിൽ സെപ്‌തംബർ രണ്ടിനാണ്‌ പൊലീസ്‌ മേധാവി ഡോ. ഷെയ്‌ഖ്‌ ദർവേഷ്‌ സാഹിബിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചത്‌.

ആരോപണമുന്നയിച്ച എംഎൽഎയിൽനിന്നും ആരോപണവിധേയരായ ഉദ്യോഗസ്ഥരിൽനിന്നും മൊഴിയെടുത്തു. കൂടുതൽ തെളിവുകളും ശേഖരിച്ചു. ഒരു മാസമാണ്‌ റിപ്പോർട്ട്‌ നൽകാൻ അന്വേഷണ സംഘത്തിന്‌ അനുവദിച്ചത്‌. അന്വേഷണത്തിനിടെ നൽകിയ മൊഴിയിൽ പി വി അൻവർ സാമ്പത്തികാരോപണങ്ങളും ഉന്നയിച്ചു. ഇക്കാര്യങ്ങൾ വിജിലൻസ്‌ അന്വേഷണപരിധിലുള്ളതാണെന്ന്‌ പൊലീസ്‌ മേധാവി സർക്കാരിന്‌ റിപ്പോർട്ട്‌ നൽകി. സെപ്‌തംബർ 19ന്‌ സർക്കാർ എം ആർ അജിത്‌കുമാറിനും പത്തനംതിട്ട മുൻ എസ്‌പി സുജിത്‌ദാസിനുമെതിരെ വിജിലൻസ്‌ അന്വേഷണവും പ്രഖ്യാപിച്ചു. ക്രൈംബ്രാഞ്ച്‌ എസ്‌പി ജോൺകുട്ടിയുടെ നേതൃത്വത്തിൽ വിജിലൻസ്‌ അന്വേഷണവും പുരോഗമിക്കുകയാണ്‌.

പത്തനംതിട്ട മുൻ എസ്‌പി സുജിത്‌ദാസിനെ സർവീസിൽനിന്ന്‌ സസ്പെൻഡ്‌ ചെയ്യുകയും ചെയ്തു. സേനയുടെ അച്ചടക്കത്തിന് ചേരാത്ത രീതിയിൽ സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നതിലായിരുന്നു നടപടി.ഉയർന്ന പൊലീസുദ്യോഗസ്ഥനെ അന്വേഷണത്തിന്‌ ചുമതലപ്പെടുത്തി, നടപടിക്രമം പാലിച്ച്‌ പഴുതടച്ചാണ് എഡിജിപിയെ ക്രമസമാധാനച്ചുമതലയിൽനിന്ന്‌ മാറ്റിയിരിക്കുന്നത്‌. ആരോപണമുന്നയിച്ച പി വി അൻവറും പ്രതിപക്ഷവും രാഷ്ട്രീയ താൽപര്യങ്ങളോടെ സർക്കാരിനെതിരെ അധിക്ഷേപം ചൊരിഞ്ഞു. എന്നാൽ, നടപടിക്രമങ്ങളിൽനിന്നും ചട്ടങ്ങളിൽനിന്നും അണുവിട മാറാതെ സർക്കാർ മുന്നോട്ട്‌ പോകുകയായി
രുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top