11 September Wednesday

ആദിമധ്യാന്തം ആദിയുടെ അമ്മ

പി നിഷാദ്‌Updated: Wednesday Mar 8, 2023

രഞ്ജിനി മകൻ ആദിത്യനൊപ്പം

ശൂരനാട്> ബിസിജി വാക്‌സിൻ എടുക്കാനായി കൈയിൽ തൊട്ടപ്പോൾ കുഞ്ഞ്‌ വാവിട്ടുകരഞ്ഞു. ഇത്രയും അസഹ്യമായ കരച്ചിൽ അസാധാരണമാണല്ലോ എന്ന്‌ സന്ദേഹിച്ച്‌ പരിശോധിച്ചപ്പോൾ ഡോക്‌ടർമാർക്ക്‌ തെറ്റിയില്ല. കുഞ്ഞിന്‌ അസ്ഥികൾ പൊട്ടുന്ന ‘ഓസ്റ്റിയോ ജനസസ്‌ ഇംപെർഫെക്ട’ രോഗം. വാത്സല്യത്തോടെ ഒന്നുവാരിയെടുത്താലോ ചുംബനം നൽകിയാലോ അസ്ഥികൾ പൊട്ടുമെന്ന അവസ്ഥ... ഇവിടുന്നങ്ങോട്ട്‌ സൂക്ഷ്‌മതയോടെയും ശ്രദ്ധയോടെയും കുഞ്ഞിനെ പരിചരിക്കാനായി ജീവിതം മാറ്റിവയ്‌ക്കുകയായിരുന്നു പോരുവഴി ഇടയ്‌ക്കാട്‌ രഞ്ജിനിഭവനിൽ രഞ്ജിനി. 15 വർഷത്തിനിപ്പുറം ആ കുഞ്ഞ്‌ വളർന്ന്‌ പ്രധാനമന്ത്രിയുടെ ബാൽകിരൺ പുരസ്‌കാരം നേടി. അവൻ ആദിത്യ സുരേഷ്‌.
 
എംഎസ്‌സി മൈക്രോബയോളജിയിൽ ബിരുദാനന്തര ബിരുദധാരിയായ രഞ്ജിനി ജോലിസ്വപ്‌നങ്ങളെല്ലാം ത്യജിച്ചാണ്‌ മകന്‌ കൂട്ടിരുന്നത്‌. രഞ്ജിനിയുടെ സ്‌നേഹവും വാത്സല്യവുമെല്ലാം കുളിർമഴപോലെ പെയ്‌തപ്പോൾ ആദിത്യനിലും മാറ്റങ്ങൾ പ്രതിഫലിച്ചു. അഞ്ചാം വയസ്സിലാണ് എഴുന്നേറ്റിരിക്കാൻ തുടങ്ങിയത്. ഇതോടെ സ്‌കൂളിൽ ചേർക്കാൻ  തീരുമാനിച്ചു. ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾ സ്‌കൂളിൽ സ്ഥിരമായി പോകേണ്ടതില്ലെങ്കിലും ആദിത്യന്റെ ആഗ്രഹത്തിന്‌ രഞ്ജിനി ഒപ്പംനിന്നു. പ്രത്യേകം സജ്ജമാക്കിയ വീൽച്ചെയറിൽ അവനെ സ്‌കൂളിലെത്തിച്ചു. ക്ലാസിൽ കൂട്ടിരുന്ന്‌ നോട്ടുകൾ രഞ്ജിനി എഴുതി. വീട്ടിലിരുത്തി പഠിപ്പിച്ചു. 
 
പോരുവഴി ഓണവിള യുപിഎസിലും ജയജ്യോതി വിഎച്ച്എസ്എസിലും മിക്ക ദിവസവും ആദിത്യനൊപ്പം രഞ്ജിനിയും ക്ലാസിലെത്തിയിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ ഒമ്പത്‌ എ പ്ലസ് നേടിയായിരുന്നു ആദിത്യന്റെ വിജയം. സംഗീതത്തിലും പ്രതിഭയുള്ള ആദിത്യനെ സംസ്ഥാന കലോത്സവംവരെയുള്ള വേദികളിലും റിയാലിറ്റി ഷോകളിലും എത്തിച്ചതും രഞ്ജിനിതന്നെ. 
അച്ഛൻ സുരേഷും സഹോദരൻ അശ്വിനും മുത്തച്ഛനും മുത്തശ്ശിയുമെല്ലാം  ഏറെ പ്രിയപ്പെട്ടവർ ആണെങ്കിലും അമ്മയുടെ ഒപ്പമിരിക്കാനാണ്‌ ആദിത്യന് കൂടുതൽ ഇഷ്‌ടം. ഒരേസമയം അമ്മയും കളിക്കൂട്ടുകാരിയും ടീച്ചറും ഒക്കെയായി മാറും രഞ്ജിനി.
 
ആറുവർഷമായി ആദിത്യന്റെ ശരീരത്തിൽ പൊട്ടലുണ്ടായിട്ടില്ല. 20 വയസ്സ്‌ ആകുമ്പോഴേക്ക് സർജറിയിലൂടെ ആദ്യത്യന് ശേഷി നേടാൻ കഴിഞ്ഞേക്കാമെന്ന്‌ ഡോക്‌ടർമാർ പറഞ്ഞതിനാൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്‌ കുടുംബം. വെല്ലുവിളി നേരിടുന്ന കുട്ടികളുടെ കഴിവും ആഗ്രഹവും തിരിച്ചറിഞ്ഞ്‌ അവർക്ക് പ്രചോദനം നൽകണം എന്നാണ് അമ്മമാരോട് രഞ്ജിനിക്ക് പറയാനുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top