തിരുവനന്തപുരം > സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കൽ കേന്ദ്രങ്ങളിൽനിന്ന് കുടുംബത്തിന്റെ സംരക്ഷണത്തിലേക്ക് ഒന്നരവർഷത്തിനിടെ എത്തിയത് 100 കുരുന്നുകൾ. ഇതിൽ 17 കുട്ടികൾ വിദേശ രാജ്യങ്ങളിലേക്ക് പോയത് സർവകാല റെക്കോഡാണ്. മറ്റുസംസ്ഥാനങ്ങളിലേക്ക് 34 പേരെ ദത്തുനൽകി. കേരളത്തിൽമാത്രം 49 പേരെയാണ് ദത്തെടുത്തത്. തമിഴ്നാട്ടിലേക്കാണ് ഏറ്റവുമധികം കുട്ടികൾ ദത്തെടുക്കപ്പെട്ടത്. പുതിയ ഭരണസമിതി അധികാരമേറ്റ് ഒന്നരവർഷം പൂർത്തിയാകും മുമ്പേയാണ് ഇത്രയധികം കുട്ടികളെ സനാഥത്വത്തിന്റെ ലോകത്തിലേക്ക് കൈപിടിച്ച് ഉയർത്തിയതെന്ന് ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി പറഞ്ഞു. വെള്ളിയാഴ്ചമാത്രം ഏഴ് കുട്ടികളാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പോയത്. ഏറ്റവുമധികം കുട്ടികളെ ദത്തെടുത്തത് തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽനിന്നാണ്. പ്രത്യേകശേഷി വിഭാഗത്തിലുള്ള എട്ട് കുട്ടികളെയാണ് ഈ വർഷം സ്വീകരിച്ചതെന്ന് സെക്രട്ടറി പറഞ്ഞു.
വിദേശം: അമേരിക്ക (അഞ്ച്), ഇറ്റലി (നാല്), ഡെൻമാർക്ക് (നാല്), യുഎഇ- (മൂന്ന്), സ്വീഡൻ (ഒന്ന്). മറ്റ് സംസ്ഥാനങ്ങളിൽ: തമിഴ്നാട് -(19), ആന്ധ്രപ്രദേശ് (നാല്), കർണാടകം (ഏഴ്), തെലങ്കാന (രണ്ട്), മഹാരാഷ്ട്ര-, പശ്ചിമ ബംഗാൾ-, പോണ്ടിച്ചേരി (ഒന്നുവീതം) എന്നിങ്ങനെയാണ് ദത്തെടുക്കപ്പട്ടതിന്റെ എണ്ണം. കേന്ദ്ര അഡോപ്ഷൻ ഏജൻസിയായ കാര (സെൻട്രൽ അഡോപ്‌ഷൻ റിസോഴ്‌സ് അതോറിറ്റി)
വഴിയാണ് ഓൺലൈനായി ദത്തെടുക്കൽ അപേക്ഷ നൽകുന്നത്. ഇതിൽ മുൻഗണനാ ക്രമപ്രകാരം മാനദണ്ഡങ്ങൾക്ക് അനുസരിച്ച് നിയമപരമായി നടപടി ക്രമങ്ങൾ പൂർത്തീകരിച്ചാണ് ദത്ത് നൽകുന്നത്.
നടപടിക്രമങ്ങൾ ഓൺലൈനാക്കിയതോടെ വിദേശത്തുനിന്ന് കൂടുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. എല്ലാവരെയും സനാഥരാക്കുകയെന്ന പ്രചാരണത്തിന്റെ ഭാഗമായി താരാട്ട് എന്ന പേരിൽ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാതല ദത്തെടുക്കൽ അവബോധ പരിപാടികൾ സംഘടിപ്പിച്ചു വരികയാണെന്ന് ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..