19 September Thursday

സിപിഐ എം നേതാവും പറവൂർ നഗരസഭാ മുൻ ചെയർമാനുമായിരുന്ന അഡ്വ. എൻ എ അലി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

പറവൂർ > സിപിഐ എം നേതാവും പറവൂർ നഗരസഭാ മുൻ ചെയർമാനും ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ മുൻ ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന നടുവിലപറമ്പിൽ അഡ്വ. എൻ എ അലി (83) അന്തരിച്ചു. ചൊവ്വ വൈകിട്ട് 6 30ന്‌ പറവൂരിലെ വസതിയിലായിരുന്നു അന്ത്യം. മൃതദേഹം ബുധൻ പകൽ 11 വരെ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് സമീപമുള്ള സ്വവസതിയിലും 11 മുതൽ 12 വരെ സിപിഐ എം ഏരിയ കമ്മിറ്റി ഓഫിസിലും 12 മുതൽ ഒരു മണി വരെ മുനിസിപ്പൽ ടൗൺഹാളിലും തുടർന്നു 1.15 വരെ പറവൂർ ബാർ അസോസിയേഷൻ ഹാളിലും 1.30 മുതൽ വള്ളുവള്ളിയിലെ തറവാട്ട് വീട്ടിലും പൊതുദർശനത്തിനു വയ്ക്കും. കബറടക്കം മൂന്നിന് വള്ളുവള്ളി മുസ്‌ലിം ജുമാസ്‌ജിദ് ഖബർസ്‌ഥാനിൽ.

മൂന്നു തവണ പറവൂർ നഗരസഭാധ്യക്ഷനായിരുന്നു. ദീർഘകാലം ഓൾ ഇന്ത്യാ ലോയേഴസ്‌ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായും വിവിധ ട്രേഡ്‌ യൂണിയനുകളുടെ ഭാരവാഹിയായും പ്രവർത്തിച്ചു.

വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെ പൊതുരംഗത്തെത്തി. എസ്‌എഫ്‌ഐ  സംസ്‌ഥാന വൈസ് പ്രസിഡന്റായിരുന്നു. സിപിഐ എം പറവൂർ ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.  നഗരസഭ ചെയർമാന്മാരുടെ ചേംബറിന്റെ ചെയർമാനായിരുന്നു.  ജല അതോറിറ്റി ഡയറക്‌ടർ ബോർഡ് അംഗം, പറവൂർ ഡിസ്ട്രിക്‌ട് കോർട്ട് ബാർ അസോസിയേഷൻ പ്രസിഡന്റ്‌, കുസാറ്റ് എംപ്ലോയീസ് യൂണിയൻ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു.

ഭാര്യ: പ്രഫ.റുഖിയ അലി (മുൻ നഗരസഭ കൗൺസിലർ, മഹിളാ സഹകരണ സംഘം മുൻ പ്രസിഡന്റ്‌).   മകൻ: പരേതനായ അഡ്വ.അംജദ് അലി (സീനിയർ ഗവ.പ്ലീഡർ, ഹൈക്കോടതി). മരുമകൾ: ഫാത്തിമ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top