21 September Saturday

"നാടറിയണം, ഞാൻ രാജ്യദ്രോഹിയല്ല"

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

മലപ്പുറം > "ഞാനൊരു രാജ്യദ്രോഹിയല്ല. എന്റെ തകർക്കപ്പെട്ട സ്വപ്നങ്ങൾ എവിടെയെങ്കിലും അടയാളപ്പെടുത്തണം. എനിക്ക് രാജ്യസ്നേഹിയായി മരിക്കണം...' കമ്യൂണിസ്റ്റ് ആഭിമുഖ്യമുണ്ടെന്ന് പറഞ്ഞ് 52 വർഷംമുമ്പ് കേന്ദ്രസർക്കാർ ജോലിയിൽനിന്ന് പുറത്താക്കിയ ആലപ്പുഴക്കാരൻ അഡ്വ. ആർ മനോഹരൻ നീതിക്കായുള്ള നടത്തത്തിലാണ്. "കമ്യൂണിസ്റ്റ് മുദ്രകുത്തി കേന്ദ്രസർക്കാർ സർവീസിൽനിന്ന്  പുറത്താക്കിയവരെ പുനരധിവസിപ്പിക്കണം" എന്ന ആവശ്യവുമുന്നയിച്ച് കാസർകോട്ടുമുതൽ തിരുവനന്തപുരംവരെയാണ്‌ യാത്ര. വെള്ള ബനിയനും കൈലിമുണ്ടും ധരിച്ച് പ്ലക്കാർഡുമേന്തിയാണ്‌ എഴുപത്തഞ്ചാം വയസ്സിൽ പ്രതിഷേധ യാത്ര.

1969ൽ ഇന്ത്യൻ ആർമിയിലാണ് മനോഹരൻ ജോലിക്ക് പ്രവേശിച്ചത്. എന്നാൽ, 1971ൽ മദ്രാസ് എൻജിനിയറിങ് വിഭാഗത്തിൽനിന്ന് 'സർവീസിന് ആവശ്യമില്ല' എന്നുകാട്ടി പുറത്താക്കി. പരിശോധനയിൽ കമ്യൂണിസ്റ്റാണെന്ന് തെളിഞ്ഞതാണ് കാരണം. 1972ൽ ബോംബെ ആദായനികുതി വകുപ്പിൽ ജോലി കിട്ടി. ഒമ്പതുമാസത്തിനുള്ളിൽ അവിടെനിന്ന് പുറത്താക്കി. ഇത്തരത്തിൽ നിരവധി പേർക്കാണ്‌ അക്കാലത്ത്‌ ജോലി നഷ്ടമായത്‌. ചിലർ ആത്മഹത്യചെയ്‌തു. പലരും പ്രായാധിക്യത്താൽ ബുദ്ധിമുട്ടുകയാണ്. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിൽ വിഷയം ഉന്നയിച്ചിരുന്നു. വൈകിയായാലും നീതിനിഷേധം ചോദ്യംചെയ്യണമെന്നതുകൊണ്ടാണ് ഈ യാത്ര –മനോഹരൻ പറഞ്ഞു. ആഗസ്ത് 15ന് കാസർകോട് തലപ്പാടിയിലാണ്‌ യാത്ര തുടങ്ങിയത്. നവംബറോടെ തിരുവനന്തപുരത്തെത്തുമെന്നാണ് പ്രതീക്ഷ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top