പാലക്കാട് > പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിച്ചതിന് പിന്നാലെ നഗരത്തിൽ വ്യാപക അക്രമം. വിക്ടോറിയ കോളേജിൽ വോട്ടെണ്ണൽ കഴിഞ്ഞ് വിജയാഹ്ലാദം നടത്തിയ പ്രവർത്തകർ റോഡരികിലുണ്ടായിരുന്ന എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ പോസ്‌റ്ററുകളും ബാനറുകളും നശിപ്പിച്ചു. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിനെ കൈയേറ്റം ചെയ്യാനും യുഡിഎഫ് പ്രവർത്തകർ ശ്രമിച്ചു. സിപിഐ എം ജില്ലാക്കമ്മിറ്റി ഓഫീസിന് സമീപത്താണ് സരിനുനേരെ യുഡിഎഫുകാർ പാഞ്ഞടുത്തത്. ഡിവൈഎഫ്‌ഐ പ്രവർത്തകരും പൊലീസും ചേർന്നാണ് സരിനെ ജില്ലാക്കമ്മിറ്റി ഓഫീസിനുള്ളിലെത്തിച്ചത്.
ഇടതു പ്രവർത്തകർക്കുനേരെ ആക്രോശിച്ചെത്തിയ യുഡിഎഫ് സംഘത്തെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ എഎസ്‌പി അശ്വതി ജിജി, നോർത്ത് പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ വിപിൻ വേണുഗോപാൽ എന്നിവരുൾപ്പടെ പൊലീസുകാർക്കുനേരെയും കൈയേറ്റ ശ്രമമുണ്ടായി. അശ്വതി ജിജിയുടെ ഹെൽമറ്റ് തട്ടിമാറ്റാൻ യുഡിഎഫുകാർ ശ്രമിക്കുന്നതിനിടെ ഹെൽമറ്റ് കഴുത്തിൽ കുടുങ്ങി. സിപിഐ എം ജില്ലാക്കമ്മിറ്റി ഓഫീസിനു മുന്നിൽ അസഭ്യവർഷം നടത്തി. വിജയിച്ച യുഡിഎഫ് സ്ഥാനാർഥിയും സിപിഐ എം പ്രവർത്തകര പ്രകോപിപ്പിക്കാൻ ശ്രമിച്ചു. ഡോ. പി സരിൻ മാധ്യമ പ്രവർത്തകരോട് തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിക്കുന്നതിനിടെ പടക്കം പൊട്ടിച്ച് പ്രശ്‌നമുണ്ടാക്കാൻ നോക്കി. എൽഡിഎഫ് പ്രവർത്തകർ സംയമനം പാലിച്ചതിനാൽ വലിയ സംഘർഷത്തിലേക്ക് നീങ്ങിയില്ല.
കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റത്തിൽ എഎസ്പി അശ്വതി ജിജിയുടെ ഹെൽമറ്റ് കഴുത്തിൽ കുരുങ്ങിയത് സഹപ്രവർത്തകൻ ശരിയാക്കുന്നു
നിർദേശം പാലിക്കാതെ പൊലീസുകാർക്കിടയിൽ യുഡിഎഫ് പ്രവർത്തകർ പടക്കം പൊട്ടിച്ചപ്പോൾ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..