പാലക്കാട്> ബിജെപി ഡീലിൽ പ്രതിഷേധിച്ച് കോൺഗ്രസിൽനിന്നു നേതാക്കൾ രാജിതുടരുന്നതിനിടെ ബിജെപിയിലും പാളയത്തിൽപ്പട. പാലക്കാട് നഗരസഭാ കൗൺസിലറും ബിജെപി ദേശീയ സമിതി അംഗവുമായ എൻ ശിവരാജൻ സി കൃഷ്‌ണകുമാറിനെ സ്ഥാനാർഥിയാക്കിയതിനെതിരെ രംഗത്തെത്തി. ഇ ശ്രീധരനുകിട്ടിയ വോട്ട് കൃഷ്‌ണകുമാറിന് ലഭിക്കില്ലെന്ന് തുറന്നുപറഞ്ഞ് അദ്ദേഹം എതിർപ്പ് പരസ്യപ്പെടുത്തി. പാലക്കാട് നഗരത്തിൽ ബിജെപിയെ വളർത്തുന്നതിൽ പ്രധാനപങ്കുവഹിച്ച മുതിർന്ന നേതാവാണ് ശിവരാജൻ.
ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്നാണ് ആർഎസ്‌എസ് നേതൃത്വം ബിജെപിയോട് ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം തള്ളി കൃഷ്‌ണകുമാറിനെ പ്രഖ്യാപിച്ചതിൽ വലിയ അട്ടിമറി നടന്നുവെന്ന് ഒരു വിഭാഗം കരുതുന്നു. എൽഡിഎഫ് ആരോപിക്കുന്ന കോൺഗ്രസ്–- ബിജെപി ഡീൽ യാഥാർഥ്യമാണെന്ന് കൃഷ്‌ണകുമാറിന്റെ വരവോടെ ബോധ്യമായെന്നും ബിജെപിയിലെ പ്രബല വിഭാഗം വ്യക്തമാക്കുന്നു. കൂടാതെ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ദേശീയ നേതൃത്വം അനുവദിച്ച പണം നേതാക്കൾ തട്ടിയെന്ന ആക്ഷേപം ബിജെപിയിൽ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതേത്തുടർന്ന് ജില്ലാ നേതൃത്വത്തിൽ ഭൂരിഭാഗവും യോഗങ്ങൾ ബഹിഷ്‌കരിക്കുക പതിവാണ്.
ശ്രീധരന് കിട്ടിയ വോട്ട്
കൃഷ്‌ണകുമാറിന് ലഭിക്കില്ലെന്ന്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായിരുന്ന ഇ ശ്രീധരന് കിട്ടിയ അത്രയുംവോട്ട് ഇത്തവണ സി കൃഷ്‌ണകുമാറിന് ലഭിക്കില്ലെന്ന് ബിജെപി ദേശീയ സമിതി അംഗം എൻ ശിവരാജൻ. വ്യക്തിപരമായ വോട്ടും പാർടി വോട്ടും രണ്ടാണ്. ബിജെപി ചിഹ്നത്തിന് കിട്ടുന്ന വോട്ട് ഏത് പൂച്ചയെ നിർത്തിയാലും ലഭിക്കും. എന്നാൽ അതുപോലെയല്ല വ്യക്തികൾ വാങ്ങുന്ന വോട്ട്. ബിജെപിക്ക് പുറത്തുള്ള വോട്ട് കിട്ടാൻ ശോഭ സുരേന്ദ്രൻ സ്ഥാനാർഥിയാകണമെന്ന് പ്രവർത്തകർ ആഗ്രഹിച്ചിരുന്നു. പാർടി ഒരു സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ അത് അംഗീകരിക്കും. നേതൃത്വം ആവശ്യപ്പെട്ടാൽ മാത്രമേ പ്രചാരണത്തിനിറങ്ങൂവെന്നും ശിവരാജൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..