22 December Sunday

കാർഷിക മുന്നേറ്റത്തിന്‌ സർക്കാരിന്റെ 5 പദ്ധതി

സ്വന്തംലേഖകൻUpdated: Thursday Aug 15, 2024

തിരുവനന്തപുരം > സംസ്ഥാന കൃഷിവകുപ്പിന്റെ മുഖച്ഛായ മാറ്റുന്ന അഞ്ച്‌ നൂതനപദ്ധതിയുമായി കൃഷി വകുപ്പ്‌. കാർഷിക സേവനങ്ങൾക്കുള്ള ഏകജാലക സംവിധാനമായ ‘കതിർ’ ആപ്, കാർഷിക സംരംഭങ്ങളും കൂട്ടായ്മകളും ഒരുമിച്ച് ഒരു കുടക്കീഴിൽ അണിനിരത്തുന്നതിന് ഉദ്ദേശിച്ച്‌ ആനയറ വേൾഡ്‌ മാർക്കറ്റിൽ കാബ്‌കോ എക്സ്പോ സെന്റർ ആൻഡ്‌ അഗ്രിപാർക്കിന്റെ നിർമാണം, വ്യക്തികളുടെയും സർക്കാരിന്റെയും തരിശുഭൂമി കൃഷിക്കായി വിട്ടുനൽകുന്ന ‘നവോത്ഥാൻ’, സംസ്ഥാനത്തെ കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്താനായി തയ്യാറാക്കിയ ‘അനുഭവം’,  കാർഷികവികസനം കൂടുതൽ ജനകീയവും സുതാര്യവുമാകുന്നതിന്റെ ഭാഗമായുള്ള ‘വെളിച്ചം’ തുടങ്ങിയവയാണ്‌ അഞ്ച്‌ പദ്ധതി. ഇവയ്‌ക്ക്‌ ശനിയാഴ്‌ച തുടക്കമാകും. കാബ്‌കോ എക്‌സ്‌പോ സെന്റർ ഒഴികെയുള്ള പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. കാബ്‌കോ എക്‌സ്‌പോ സെന്ററിന് മന്ത്രി പി പ്രസാദ്‌ കല്ലിടും.

കതിർ ആപ്

കൃഷി ഭവനുകളെ സ്മാർട്ടാക്കുകയെന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് തയ്യാറാക്കിയതാണ്‌ ‘കതിർ’ സോഫ്റ്റ്‌വെയറും മൊബൈൽ ആപ്പും. കർഷകർക്കുള്ള എല്ലാ സേവനവും ഒരുകുടക്കീഴിൽ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ സംയോജിത പോർട്ടലാണ്‌ ഇത്‌. കാലാവസ്ഥാ വിവരങ്ങൾ, മണ്ണ് പരിശോധനാ സംവിധാനം, പ്ലാന്റ് ഡോക്ടർ സംവിധാനം, കാർഷികപദ്ധതി വിവരങ്ങൾ, വകുപ്പിന്റെ പ്രോഗ്രാമുകൾ, ഇവന്റുകൾ സംബന്ധിച്ച വിവരങ്ങൾ ഒന്നാംഘട്ടത്തിലും വിത്ത്, വളം തുടങ്ങിയവയുടെ ലഭ്യത, കാർഷിക യന്ത്രങ്ങളുടെയും തൊഴിലാളികളുടെയും ലഭ്യത തുടങ്ങിയവ രണ്ടാംഘട്ടത്തിലും വിള ഇൻഷുറൻസ്, വിളനാശത്തിനുള്ള നഷ്ടപരിഹാരം, കർഷകരുടെ ഉൽപ്പന്നങ്ങൾ വിപണനം നടത്താൻ സംവിധാനം തുടങ്ങിയ സേവനങ്ങൾ മൂന്നാം ഘട്ടത്തിലും ആപ്പിലൂടെ കർഷകരിലേക്കെത്തിക്കും. കതിർ ആപ് പ്ലേ സ്റ്റോറിൽനിന്ന്‌ ഡൗൺലോഡ് ചെയ്യാം. ചിങ്ങം ഒന്നുമുതൽ കതിർ ആപ്പിന്റെ ആദ്യഘട്ട സേവനങ്ങൾ ലഭിക്കും.

കാബ്‌കോ അഗ്രിപാർക്ക്‌

ആനയറ വേൾഡ്‌ മാർക്കറ്റിലാകും കാബ്‌കോ എക്‌സിബിഷൻ ആൻഡ്‌ അഗ്രിപാർക്കിന്റെ നിർമാണം. കൺവൻഷനുകൾ, വിപണനമേളകൾ, ബിസിനസ് മീറ്റുകൾ, കോർപറേറ്റ് ഇവന്റുകൾ എന്നിവ നടത്തുന്നതിനുള്ള സൗകര്യം. മൊത്തം 1,02,876 ചതുശ്രയടി വിസ്‌തൃതി. ഏഴുനില. ഒന്നരവർഷത്തിനകം ഭാഗികമായി പൂർത്തീകരിക്കും. ചെലവ്‌ 59 കോടി.

നവോത്ഥാൻ പദ്ധതി

കൃഷിക്ക് അനുയോജ്യമായ ഭൂമി, അത് വിട്ടുനൽകാൻ താൽപ്പര്യമുള്ള വ്യക്തികളിൽനിന്നും പൊതുമേഖലാ  സ്ഥാപനങ്ങളിൽനിന്നും കണ്ടെത്തി കൃഷി ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് കൈമാറുന്നതാണ്‌ പദ്ധതി. വ്യക്തികൾ /ഗ്രൂപ്പുകൾ എന്നിവർക്ക് സർക്കാർ ഇടപെടലിൽ ഭൂമി ലഭ്യമാക്കും. ഏകദേശം 50,000 ഹെക്ടർ തരിശ് സ്ഥലത്തുനിന്നും 3500 കോടി വിലമതിപ്പുള്ള പഴങ്ങളും പച്ചക്കറികളും ഉൽപ്പാദിപ്പിക്കുകയാണ്  ലക്ഷ്യം. കാബ്‌കോയാണ്‌ പദ്ധതിനിർവഹണ ഏജൻസി.

അനുഭവം പദ്ധതി

ഓരോ കൃഷിഭവനിലും വൃക്തിഗത ക്യുആർ കോഡുകൾ സ്ഥാപിച്ച്‌ കർഷകരുടെ പ്രതികരണങ്ങൾ തത്സമയം ശേഖരിച്ച്‌, കൃഷിഭവനുകളിലെ സന്ദർശക രജിസ്ട്രേഷൻ, പ്രതികരണ സംവിധാനങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതാണ്‌ പദ്ധതി. സേവനാനുഭവങ്ങൾ ഉന്നതതലത്തിൽനിന്ന്‌ നേരിട്ട്‌ വിലയിരുത്താനായി കോൾ സെന്റർ സംവിധാനവും ഒരുക്കും.

വെളിച്ചം പദ്ധതി

കാർഷികമേഖലയുമായി ബന്ധപ്പെട്ട വിവിധ സർക്കാർ യോഗങ്ങൾ പൊതുജനങ്ങൾക്ക്‌ കാണാൻ  ലൈവായി ഓൺലൈ‌നായി സൗകര്യം ഒരുക്കുന്നതാണ്‌ വെളിച്ചം. കൃഷി വകപ്പിന്റെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്വവും വർധിപ്പിക്കുകയാണ്‌ ലക്ഷ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top