തളിപ്പറമ്പ് > സംസ്ഥാനത്ത് റോഡപകട മരണനിരക്ക് ഗണ്യമായി കുറഞ്ഞതായി കണക്കുകൾ. അഞ്ചുവർഷത്തിനിടെ നൂറുകണക്കിന് ജീവൻ രക്ഷിക്കാൻ കഴിഞ്ഞതായി റോഡ് സുരക്ഷാ അതോറിറ്റിയുടെ കണക്കുകൾ പറയുന്നു. 2019ൽ 41,111 അപകടങ്ങളിലായി 4,440 പേർക്ക് ജീവഹാനി ഉണ്ടായെങ്കിൽ ഈവർഷം ജനുവരി മുതൽ മെയ്‌വരെ 21,578 റോഡപകടങ്ങളിൽ 1,717 മരണമാണ് റിപ്പോർട്ട് ചെയ്‌തത്. നിർമിതബുദ്ധി ക്യാമറ(എഐ ക്യാമറ)കളുടെ പിടിയിൽ വീഴുമെന്നതിനാൽ പലരും റോഡ് നിയമം കൃത്യമായി പാലിച്ചതാണ് കാരണം. 2023 ഏപ്രിലിലാണ് സംസ്ഥാനത്ത് എഐ ക്യാമറകൾ മിഴി തുറന്നത്.
ഹെൽമറ്റ് ഉപയോഗം കൂടി
റോഡപകടങ്ങൾ 2022–-23 വർഷത്തിലേതിനേക്കാളും കൂടുതലായാണ് 23 –-24ൽ റിപ്പോർട്ട് ചെയ്‌തതെങ്കിലും അപകടമരണ നിരക്ക് ഒമ്പതുശതമാനം കുറഞ്ഞു. 2022–-23 വർഷത്തിൽ 46,130 റോഡപകടങ്ങളിൽ 4,283 ജീവനുകളാണ് രക്ഷിക്കാനായത്. സീറ്റ്ബെൽറ്റ്, ഹെൽമറ്റ് തുടങ്ങിയ ജീവൻരക്ഷാ സാമഗ്രികൾ ഉപയോഗിക്കാൻ മടിച്ചിരുന്നവർ പോലും ക്യാമറകളുടെ വരവോടെ ഇവ ശീലമാക്കിയതാണ് മരണനിരയ്‌ക്ക് കുറച്ചത്.
2019ൽ 40,000 കടന്ന റോഡപകടം കോവിഡ് അടച്ചിടൽ കാലമുൾപ്പെട്ട 2020ൽ 27,877 ആയും ഭാഗിക നിയന്ത്രണങ്ങളുണ്ടായിരുന്ന 2021ൽ 33,391 ആയും കുറഞ്ഞിരുന്നു.
എന്നാൽ നിയന്ത്രണങ്ങൾ നീക്കിയ 2022ൽ 43,910 ആയും 2023ൽ 48,091 ആയും വർധിച്ചു. മരണനിരക്കാവട്ടെ 2019ൽ 4440 ആയിരുന്നിടത്ത് 2979(2020), 3373(2021), 4317(2022), 4080 (2023) എന്നിങ്ങനെ ആയിരുന്നു. 2019വരെ ആയിരം അപകടങ്ങളിൽ 108 പേർക്ക് ജീവഹാനി ഉണ്ടായിരുന്നിടത്ത് 80 (2024)ആയി കുറക്കാനും ക്യാമറകൾക്കായി. 2023 ഏപ്രിൽ 19ന് എഐ ക്യാമറ പ്രവർത്തിച്ചുതുടങ്ങിയെങ്കിലും ജൂൺ അഞ്ചുവരെ പിഴ ഈടാക്കിയില്ല. പകരം നിയമലംഘനത്തെക്കുറിച്ച് നോട്ടീസയച്ച് ബോധവൽക്കരിച്ചു. സംസ്ഥാനത്താകെ 675 എഐ ക്യാമറവഴി ഇക്കഴിഞ്ഞ മാർച്ച് 31 വരെ 59.46 കോടി രൂപയാണ് പിഴ ഈടാക്കിയത്. ഇതിൽ 50 ശതമാനവും അപകടങ്ങൾ കുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് റോഡ് സുരക്ഷാ അതോറിറ്റിക്ക് കൈമാറുന്നുണ്ട്. ഇതുവഴിയുള്ള റോഡ് ഓഡിറ്റിങ് ഉൾപ്പെടെയുളള പ്രവർത്തനങ്ങളാണ് അപകടനിരക്ക് കുറച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..