കൊച്ചി > എല്ലാവർക്കും സൗജന്യമായി നിയമോപദേശം നൽകുന്ന എഐ ബോട്ട് വികസിപ്പിച്ച് പത്താംക്ലാസ്സുകാരൻ. ഇടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ റൗൾ ജോൺ അജുവാണ് ന്യായ സാഥി (Nyaya Sathi) എന്ന എഐ ബോട്ട് വികസിപ്പിച്ചത്. മന്ത്രി പി രാജീവാണ് റൗളിനെപ്പറ്റി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. എഐ വഴി എങ്ങനെ മനുഷ്യർക്ക് കുറെകൂടി മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്താമെന്നതിനെ കുറിച്ച് റൗളുമായി സംസാരിച്ചെന്നും വിദ്യാർഥിയുടേത് മികച്ച മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യത്തിന് വിധേയനായ ആൾക്ക് നീതിലഭിക്കാനുള്ള കാര്യങ്ങൾ അതിവേഗത്തിൽ ഈ നിർമ്മിത ബുദ്ധി സംവിധാനം പറഞ്ഞുതരും. ഐപിസിയിലും ബിഎൻഎസ്സിലും ഏത് വകുപ്പുകളിലാണ് കുറ്റകൃത്യം സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് പറഞ്ഞുതരും. ബിഎൻഎസ് പരിചിതമാകുന്നതിന് പൊലീസുകാർക്കും അഭിഭാഷകർക്കും വരെ എഐ ബോട്ട് സഹായകരമായിരിക്കുമെന്ന് മന്ത്രി കുറിച്ചു. ലോകത്തെമ്പാടുമുള്ളവർക്ക് എഐയിൽ ക്ലാസ്സെടുക്കുന്ന പ്രതിഭയാണ് റൗൾ. റൗളിന് എല്ലാവിധ പിന്തുണയും നൽകും. സ്റ്റാർട്ടപ് സിഇഒ അനൂപ് അംബികയെ ഇതിനായി ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..