കോഴിക്കോട്
കേരളത്തിൽ എച്ച്‌ഐവി ബാധിതരുടെ എണ്ണം കുറയുന്നു. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പുറത്തുവിട്ട കണക്കനുസരിച്ച് 1065 പേർക്ക് മാത്രമാണ് ഈ വർഷം എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം 1270 പേർക്കായിരുന്നു രോഗബാധ. 2005ൽ 2627 രോഗബാധിതരുണ്ടായിരുന്നു. 1-0 വർഷത്തിനിടെ രോഗികൾ കൂടുതലുണ്ടായത് 2007ലും (3972) കുറവ് 2020ലുമായിരുന്നു (840).
ലോകത്താകമാനം 3.9 കോടി എച്ച്ഐവി ബാധിതരാണുള്ളത്. ഇന്ത്യയിൽ 2023ൽ 0.13 കോടി പേർക്കാണ് എച്ച്ഐവി കണ്ടെത്തിയത്. രാജ്യത്ത് പ്രായപൂർത്തിയായവരിലെ എച്ച്ഐവി സാന്ദ്രത 0.20 ആണെങ്കിൽ കേരളത്തിൽ 0.07 മാത്രമാണ്. ഇതരസംസ്ഥാനത്തുള്ളവർ കേരളത്തിലേക്ക് കുടിയേറുന്നത് രോഗത്തിന്റെ വ്യാപന സാധ്യത വർധിപ്പിക്കുന്നു.
എച്ച്ഐവിയുടെ തോത് നിയന്ത്രിക്കാനായി ജ്യോതിസ്, ഉഷസ്, കെയർ സപ്പോർട്ട്, പുലരി തുടങ്ങിയ സേവനകേന്ദ്രങ്ങൾ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. അവകാശങ്ങളുടെ പാത സ്വീകരിക്കൂ എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം. ഡിസംബർ ഒന്നിനാണ് എയ്‌ഡ്‌സ് ദിനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..