22 November Friday

അതിജീവിതർക്ക്‌ പൂർണപിന്തുണ : മഹിളാ അസോസിയേഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024


തിരുവനന്തപുരം
സിനിമാ മേഖലയിൽ ദുരനുഭവങ്ങൾ നേരിട്ട മുഴുവൻ സ്ത്രീകൾക്കും പൂർണ പിന്തുണ അറിയിക്കുന്നെന്നും നിയമപരമായി മുന്നോട്ടുപോകുന്നവർക്ക്‌ എല്ലാ പിന്തുണയും നൽകുമെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ. നടി ആക്രമിക്കപ്പെട്ട വിഷയത്തിലും ഇതേ നിലപാടാണ് സ്വീകരിച്ചതെന്ന്‌ അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.

അതിജീവിതയ്‌ക്കൊപ്പം ഉറച്ചുനിൽക്കുകയും എല്ലാ പിന്തുണയും നൽകുകയും ചെയ്തതായി അസോസിയേഷൻ പ്രസ്താവിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റി രൂപീകരിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവന്നശേഷം  നിരവധി സ്‌ത്രീകൾ പരാതിയുമായി വന്നിട്ടുണ്ട്‌. കൂടുതൽ സ്ത്രീകൾക്ക്‌ മുന്നോട്ടുവരാൻ ഇത്‌ ധൈര്യം പകരും. ഈ ശുദ്ധീകരണ പ്രവർത്തനത്തിൽ അവർ തനിച്ചല്ല. ജനാധിപത്യ മഹിളാ അസോസിയേഷനും പൊതുസമൂഹവും അവർക്കൊപ്പം ഉറച്ചുനിൽക്കും.

ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷക സംഘത്തെ നിയോഗിച്ച സർക്കാർ നടപടി അഭിനന്ദനാർഹമാണ്. അതേസമയം, ഇരകൾക്ക് നീതി നേടിക്കൊടുക്കാനെന്ന വ്യാജേന സർക്കാരിനെ അട്ടിമറിക്കാൻ പ്രതിപക്ഷ സംഘടനകൾ നടത്തുന്ന ശ്രമങ്ങൾ പൊതുസമൂഹം ചെറുത്തുതോൽപ്പിക്കും.
അതിജീവിതരായ സ്ത്രീകൾക്ക് ധൈര്യത്തോടെ പുറത്തുവരാനും നീതി നേടിയെടുക്കാനുമുള്ള സാഹചര്യം കേരളത്തിലുണ്ട്. ഇതിനുവേണ്ട നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. മുഴുവൻ തൊഴിൽ മേഖലകളും സ്ത്രീ സൗഹൃദമാക്കാനും സ്ത്രീ സുരക്ഷ ഉറപ്പുവരുത്താനും സർക്കാരിനൊപ്പം നിലകൊള്ളാൻ പൊതുസമൂഹം തയ്യാറാകണമെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ സൂസൻ കോടിയും സെക്രട്ടറി സി എസ്‌ സുജാതയും പ്രസ്താവിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top