ന്യൂഡൽഹി > കേരളത്തിൽ കോഴിക്കോട് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) സ്ഥാപിക്കണമെന്ന ആവശ്യം രാജ്യസഭയിൽ ഉന്നയിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി.
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്ക് (PMSSY) കീഴിൽ വിവിധ സംസ്ഥാനങ്ങളിലായി 22 പുതിയ എയിംസുകൾ കേന്ദ്രസർക്കാർ ഇന്നുവരെ പ്രഖ്യാപിച്ചു. ആരോഗ്യ സംരക്ഷണ മേഖലയിൽ കേരളത്തിന് ശ്രദ്ധേയമായ നേട്ടങ്ങൾ ഉണ്ടായിരുന്നിട്ടും എയിംസ് എന്ന കേരളത്തിന്റെ നിരന്തരമായ ആവശ്യം പരിഗണിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ത്രിതീയ ആരോഗ്യ സംരക്ഷണത്തിനും ഗവേഷണത്തിനുമായി ദേശീയ പ്രാധാന്യമുള്ള കേന്ദ്ര ഗവൺമെൻ്റ് ധനസഹായമുള്ള ഒരു സ്ഥാപനത്തിൻ്റെ അഭാവം കേരളം നേരിടുന്നുണ്ട്.
കോഴിക്കോട് ജില്ലയിലെ കിനാലൂർ എയിംസ് സ്ഥാപിക്കുന്നതിനുള്ള അനുയോജ്യ സ്ഥലമാണെന്ന് കണ്ടെത്തി സംസ്ഥാന സർക്കാർ ശുപാർശ നൽകിയിരുന്നതാണ്. എന്നിട്ടും ഒരു ദശാബ്ദത്തിലേറെയായുള്ള കേരളത്തിന്റെ ആവശ്യത്തിന് മേൽ കേന്ദ്രസർക്കാർ അനുകൂലമായ തീരുമാനമെടുത്തിട്ടില്ല. 2023 ജൂലൈ 25-ന് ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് പിഎംഎസ്എസ് വൈയുടെ നിലവിലെ ഘട്ടത്തിൽ കേരളത്തിൽ എയിംസ് അംഗീകരിച്ചിട്ടില്ലെന്ന മറുപടിയാണ് കേന്ദ്രം നൽകിയത്. ഈ തീരുമാനം കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണ മേഖലയിലെ ആവശ്യങ്ങൾക്ക് തുരങ്കം വയ്ക്കുന്നതാണ്.
സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്നും കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതിന് എത്രയും വേഗം അംഗീകാരം നൽകണമെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..