28 October Monday

റബർ വിലയിടിവ്‌ ; ടയർ കമ്പനികൾക്കെതിരെ 
പോരാട്ടം ശക്തമാക്കും : 
കിസാൻസഭ

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024


ന്യൂഡൽഹി
ടയർ കമ്പനികൾ കൂട്ടുചേർന്ന്‌ ഒത്തുകളിച്ച്‌ സ്വാഭാവിക റബറിന്റെ വിലയിടിക്കുന്നത്‌ അങ്ങേയറ്റം അപലപനീയമാണെന്ന്‌ അഖിലേന്ത്യ കിസാൻസഭ പ്രസ്‌താവനയിൽ പറഞ്ഞു. ലക്ഷക്കണക്കിന്‌ റബർ കർഷകരുടെയും തൊഴിലാളികളുടെയും ചെറുകിട വ്യാപാരികളുടെയും ജീവിതമാർഗം പ്രതിസന്ധിയിലാക്കുന്ന വിധത്തിലാണ്‌ ടയർ കമ്പനികളുടെ ഒത്തുകളി. കർഷകർ കടക്കെണിയിൽ വീഴുമ്പോൾ ടയർ കമ്പനികളുടെ ലാഭം കുന്നുകൂടുന്നു.

നിലവിൽ അന്താരാഷ്‌ട്ര വിപണിയിൽ റബർ വില കിലോയ്‌ക്ക്‌ കേരളത്തിലെ വിപണിവിലയെക്കാൾ 30 രൂപ കൂടുതലാണ്‌. ആഭ്യന്തരവിപണിയിൽ റബർ വില ഉയരുമ്പോൾ ടയർ കമ്പനി ലോബി കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തി തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ സംവിധാനം സൃഷ്ടിക്കുന്നതാണ്‌ പതിവ്‌. അന്താരാഷ്‌ട്ര വിപണിയിൽ വില ഉയർന്നുനിൽക്കുമ്പോൾ കയറ്റുമതി വർധിപ്പിക്കാൻ കർഷകർക്ക്‌ കേന്ദ്രം സൗകര്യം ചെയ്‌തുകൊടുക്കുന്നുമില്ല.

ആഭ്യന്തരവിപണിയിൽ വിലയിടിക്കാൻ ടയർകമ്പനി ലോബി നടത്തിയ ഒത്തുകളികളുടെ ചരിത്രം കുപ്രസിദ്ധമാണ്‌. വിപണിയിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ കുത്തക ടയർ കമ്പനികൾ ആഴ്‌ചകളോളം റബർ വാങ്ങുന്നത്‌ നിർത്തിവച്ചെന്ന്‌ വ്യാപാരികൾ പരസ്യമായി പറയുന്നു. കുത്തക ടയർ കമ്പനി ലോബിയുടെ ഒത്തുകളി അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണം. സ്വാഭാവിക റബറിന്‌ ആദായകരമായ വില ഉറപ്പാക്കണം. ടയർ കമ്പനികളുടെ ചൂഷണത്തിൽനിന്ന്‌ കർഷകരെ രക്ഷിക്കാൻ അഖിലേന്ത്യ കിസാൻസഭ പോരാട്ടം തുടരുമെന്ന്‌ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെയും ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണനും പ്രസ്‌താവനയിൽ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top