കൊച്ചി > ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത കൈവരിച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് മിനി സിവിൽ സ്റ്റേഷന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. 350 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം പൂർത്തീകരിക്കുന്നത്. ജനങ്ങൾ ദൈനംദിനം ആശ്രയിക്കേണ്ടി വരുന്ന എല്ലാ സർക്കാർ ഓഫീസുകളും ഒരു കുടക്കീഴിൽ വരുന്നത് പൊതുജനങ്ങൾക്ക് ഏറെ ആശ്വാസകരമാകും. സേവനം ഔദാര്യമല്ല മറിച്ച് അവകാശമാണ്. ജനങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ എത്താതെ തന്നെ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന രീതിയിലുള്ള മികച്ച സംവിധാനങ്ങൾ ഒരുക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ തലത്തിൽ നടക്കുന്നത് മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന കെ-സ്മാർട്ട് പദ്ധതി പ്രാവർത്തികമായി കഴിഞ്ഞു. നിലവിൽ മുനിസിപ്പാലിറ്റികളിൽ കെ സ്മാർട്ട് വഴിയുള്ള സേവനം ലഭ്യമാകുന്നുണ്ട്. ഏപ്രിൽ ഒന്ന് മുതൽ കെ-സ്മാർട്ടിൻ്റെ സേവന ഫലങ്ങൾ ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ സമയബന്ധിതമായി ഓഫീസുകളിൽ പോകാതെ തന്നെ പൊതുജനങ്ങൾക്ക് ലഭ്യമാവും. കെ- സ്മാർട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങൾക്കായുള്ള അപേക്ഷകളും പരാതികളും ഓൺലൈനായി സമർപ്പിക്കാനും അവയുടെ സ്റ്റാറ്റസ് ഓൺലൈനായി തന്നെ അറിയാനും സാധിക്കും. കെ-സ്മാർട്ട് മൊബൈൽ ആപ്പ് ഉപയോഗിക്കുന്നതിന് സർവ്വേ നടത്തി ഡിജിറ്റൽ സാക്ഷരരല്ലാത്തവർക്ക് തദ്ദേശ സ്ഥാപനങ്ങൾ വഴി പരിശീലനം നൽകി വരുന്നതായി മന്ത്രി അറിയിച്ചു.
മാലിന്യമുക്ത കേരളം സാധ്യമാക്കാൻ ഊർജിതമായ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ ഇടപെടൽ ഉണ്ടാകും. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ വഴി കൃത്യമായി പിഴ ഈടാക്കും. അതിദരിദ്രരില്ലാത്ത കേരളം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾ ഏറെ കാര്യക്ഷമമായാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ശ്രീനിജിൻ എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സി ആർ പ്രകാശ്, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ജെ ജോയ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ വി സനീഷ്, എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ കെ കെ ജോയ്, ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിന്ധു കൃഷ്ണകുമാർ, ജനപ്രതിനിധികൾ, ഉദ്യോസ്ഥർ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..