തിരുവനന്തപുരം > ആറ് ആഭ്യന്തര റൂട്ടുകളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് എയർ ഇന്ത്യ. തിരുവനന്തപുരം- ചെന്നൈ, ചെന്നൈ- ഭുവനേശ്വർ, ചെന്നൈ- ബാഗ്‌ഡോഗ്ര, കൊൽക്കത്ത- വാരണാസി, കൊൽക്കത്ത- ഗുവാഹത്തി, ഗുവാഹത്തി- ജയ്‌പൂർ എന്നീ റൂട്ടുകളിലാണ് പുതിയ സർവീസുകൾ ആരംഭിച്ചത്.
ഗുവാഹത്തി- ജയ്‌പൂർ റൂട്ടിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് മാത്രമാണ് നേരിട്ടുള്ള വിമാന സർവീസ് നടത്തുന്നത്. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് തിരുവനന്തപുരം - ചെന്നൈ റൂട്ടിൽ ആഴ്‌ച തോറുമുണ്ടായിരുന്ന സർവീസുകളുടെ എണ്ണം രണ്ടിൽ നിന്നും ഒൻപതായും വർധിപ്പിച്ചു. ദിവസവും വൈകിട്ട് 6.50ന് ചെന്നൈയിൽ നിന്നും പുറപ്പെട്ട് 8.20ന് തിരുവനന്തപുരത്തും തിരികെ രാത്രി 8.50ന് പുറപ്പെട്ട് 10.20ന് ചെന്നൈയിലും എത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്.
ആഴ്ച തോറും ആകെ 73 വിമാന സർവീസുകളാണ് തിരുവനന്തപുരത്ത് നിന്നും എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. ആഭ്യന്തര- അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കായി 12 നേരിട്ടുള്ള സർവീസുകളും 23 വൺ സ്റ്റോപ് സർവീസുകളും ഉൾപ്പടെയാണിത്.
അബുദാബി, ബഹ്‌റൈൻ, ബെംഗളൂരു, കണ്ണൂർ, ദമാം, ദുബായ്, ദോഹ, ഹൈദരാബാദ്, ചെന്നൈ, മസ്‌ക്കറ്റ്, റിയാദ്, ഷാർജ എന്നിവിടങ്ങളിലേക്ക് നേരിട്ടും അയോധ്യ, ഭുവനേശ്വർ, മുംബൈ, കോഴിക്കോട്, കൊൽക്കത്ത, കൊച്ചി, ഡെൽഹി, ഗുവാഹത്തി, ഗോവ, ഗ്വാളിയർ, ഇൻഡോർ, ബാഗ്‌ഡോഗ്ര, മംഗളൂരു, റാഞ്ചി, ജയ്‌പൂർ, ജിദ്ദ, ലഖ്‌നൗ, പൂണെ, സിംഗപ്പൂർ, സൂറത്ത്, വിജയവാഡ, വാരാണസി, വിശാഖപട്ടണം, എന്നിവിടങ്ങളിലേക്ക് തിരുവനന്തപുരത്ത് നിന്നും വൺ സ്റ്റോപ് സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസിനുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..