പറവൂർ > അമ്പാടി സേവാ കേന്ദ്രത്തിന്റെ ആംബുലൻസിൽനിന്ന് എയർഗൺ കണ്ടെത്തിയ സംഭവത്തിൽ കോട്ടുവള്ളി സ്വദേശി മിഥുൻ, ചെറായി സ്വദേശി ശങ്കർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. സംഘപരിവാർ സംഘടനകളുടെ നിയന്ത്രണത്തിലുള്ള സംഘടനയാണ് അമ്പാടി സേവാകേന്ദ്രം. ഇവരുടെ ആംബുലൻസിന്റെ ഡ്രൈവറാണ് പൊലീസ് പിടിയിലായ മിഥുൻ.
ഞായറാഴ്‌ച വൈകിട്ട് 5.30നാണ് സംഭവം. പോപ്പുലർ ഫ്രണ്ടിന്റെ പ്രകടനം നടക്കുമ്പോഴാണ് മിഥുൻ ബൈക്കിൽ എയർഗണ്ണുമായി വന്നത്. പൊലീസിനെ കണ്ടപ്പോൾ തോക്ക് താൻ ഓടിക്കുന്ന ആംബുലൻസിന്റെ ഉള്ളിലേക്കു വച്ചു. ഈ ആംബുലൻസിൽ മറ്റൊരു ആംബുലൻസിലെ ഡ്രൈവറായ ശങ്കർ ഇരിക്കുന്നുണ്ടായിരുന്നു. തോക്ക് വയ്ക്കുന്നതു ശ്രദ്ധയിൽപ്പെട്ട പ്രകടനക്കാർ ആംബുലൻസ് വളഞ്ഞു.
പൊലീസെത്തി രണ്ടുപേരെയും ആംബുലൻസും തോക്കും കസ്റ്റഡിയിലെടുത്തു. മുനമ്പം ഡിവൈഎസ്‌പി ആർ ബൈജുകുമാർ മിഥുനെയും ശങ്കറിനെയും ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായി സംസാരിച്ചെന്നും അവർ പറഞ്ഞ കാര്യങ്ങളിൽ പൊരുത്തക്കേടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രകടനം നടക്കുന്നതിനിടെ തങ്ങളെ ആക്രമിക്കാനാണ് ഇയാൾ എത്തിയതെന്ന് കാട്ടി പോപ്പുലർ ഫ്രണ്ട് പൊലീസിൽ പരാതി നൽകി. ബിജെപിയുടെ സജീവ പ്രവർത്തകനായ മിഥുൻ തോക്കുമായി പിടിയിലായ സംഭവം ഗൗരവമുള്ളതാണെന്നും, തെരഞ്ഞെടുപ്പ് അടുത്തസമയത്ത് ബോധപൂർവമായ കുഴപ്പങ്ങളുണ്ടാക്കാനുള്ള ശ്രമത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എസ് സന്ദീപ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..