22 December Sunday
ക്രമസമാധാനച്ചുമതല മനോജ്‌ എബ്രഹാമിന്‌

എം ആര്‍ അജിത്കുമാറിനെതിരെ നടപടി ; ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കി

സ്വന്തം ലേഖകൻUpdated: Monday Oct 7, 2024

എം ആർ അജിത് കുമാർ / മനോജ് എബ്രഹാം


തിരുവനന്തപുരം
ആരോപണങ്ങൾ സംബന്ധിച്ച് പൊലീസ് മേധാവി നൽകിയ അന്വേഷണ റിപ്പോർട്ടിനെ തുടർന്ന്   എഡിജിപി എം ആർ അജിത്‌കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന്‌ മാറ്റി. സായുധവിഭാഗം എഡിജിപിയായാണ്‌ മാറ്റം. ഇന്റലിജൻസ്‌ വിഭാഗം എഡിജിപി മനോജ്‌ എബ്രഹാമിനാണ്‌ പകരം ചുമതല. ഞായർ രാത്രി ഒമ്പതോടെ മുഖ്യമന്ത്രി ഒപ്പിട്ട ഉത്തരവ്‌ പുറത്തിറങ്ങി.

നേരത്തെ എഡിജിപി എം ആർ അജിത്കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളിൽ സംസ്ഥാന പൊലീസ് മേധാവിയും പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. ആർഎസ്‌എസ്‌ നേതാക്കളുമായി കൂടിക്കാഴ്ച  ചട്ടവിരുദ്ധമാണെന്ന അന്വേഷണ റിപ്പോർട്ടുകൂടി പരിഗണിച്ചാണ്‌ എഡിജിപിയെ ക്രമസമാധാന ചുമതലയിൽനിന്ന്‌ നീക്കാൻ  തീരുമാനിച്ചത്‌.

അജിത്‌കുമാറിനെതിരെ പി വി അൻവർ എംഎൽഎ ആരോപണം ഉയർത്തിയതിനുപിന്നാലെ സെപ്‌തംബർ രണ്ടിന്‌ സർക്കാർ പൊലീസ്‌ മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഒരു മാസത്തിനകം റിപ്പോർട്ട്‌ നൽകാനായിരുന്നു നിർദേശം. 33ാം ദിവസം പ്രത്യേകാന്വേഷണസംഘം ആഭ്യന്തരവകുപ്പിന്‌ അന്വേഷണറിപ്പോർട്ട്‌  കൈമാറി.

എഡിജിപിക്കെതിരായ ആരോപണങ്ങളിൽ ചില വസ്‌തുതകളുണ്ടെന്ന്‌ കണ്ടതിന്റെ അടിസ്ഥാനത്തിലാണ്‌  നടപടി.  ആരോപണങ്ങളിൽ ഒരുഭാഗം സാമ്പത്തിക ഇടപാടും സ്വത്തുസമ്പാദനവുമാണ്‌. വിജിലൻസ്‌ അന്വേഷണം വേണമെന്ന പൊലീസ്‌ മേധാവിയുടെ ശുപാർശയിൽ എഡിജിപിക്കും പത്തനംതിട്ട മുൻ എസ്‌പി സുജിത്‌ദാസിനുമെതിരെ വിജിലൻസ്‌ അന്വേഷണവും പുരോഗമിക്കുകയാണ്‌. തൃശൂർപൂരം അലങ്കോലമാക്കിതിൽ അജിത്‌കുമാറിന്റെ പങ്ക്‌സംബന്ധിച്ച്‌ മറ്റൊരു അന്വേഷണവും നടക്കുന്നുണ്ട്‌.

ഞായർ രാവിലെ അന്വേഷണ റിപ്പോർട്ട്‌ ലഭിച്ചതോടെ മുഖ്യമന്ത്രി നടപടിക്ക്‌ നിർദേശിച്ചു.  രാത്രി സെക്രട്ടറിയറ്റിലെ ഓഫീസിലെത്തിയാണ്‌ മുഖ്യമന്ത്രി സ്ഥലംമാറ്റ ഉത്തരവിൽ ഒപ്പിട്ടത്‌.ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്തുമെന്നും ചട്ടവിരുദ്ധമായി പ്രവർത്തിച്ചുവെന്ന്‌ കണ്ടാൽ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നൽകിയ ഉറപ്പാണ്‌ നടപടിയിലൂടെ പാലിക്കപ്പെടുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top