ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്–-2024 ഉപജില്ലാ മത്സരങ്ങൾക്ക് ആവേശക്കലാശം. സ്കൂൾ മത്സരങ്ങളിൽ വിജയിച്ച കുട്ടികളാണ് ഉപജില്ലാ മത്സരത്തിൽ മാറ്റുരച്ചത്. 112 പേർ വിജയികളായി ജില്ലാ മത്സരത്തിലേക്ക് യോഗ്യത നേടി. ഒക്‌ടോബർ 19നാണ് ജില്ലാ മത്സരം.
ഉപജില്ലാ മത്സരങ്ങളുടെ ജില്ലാ ഉദ്‌ഘാടനം ഞാറക്കൽ ഗവ. വിഎച്ച്‌എസ്‌എസിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവഹിച്ചു. നടൻ സലിം ഹസ്സൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ സാജിത് സമ്മാനദാനം നടത്തി. പെരുമ്പാവൂരിൽ കേരള ബാങ്ക് ഡയറക്ടർ പുഷ്പ ദാസ് ഉദ്ഘാടനം ചെയ്തു. ടെൽക് മുൻ ചെയർമാൻ എൻ സി മോഹനൻ സമ്മാനദാനം നടത്തി. ആലുവയിൽ സിപിഐ എം ഏരിയ സെക്രട്ടറി എ പി ഉദയകുമാർ ഉദ്‌ഘാടനം ചെയ്തു. നടനും എഴുത്തുകാരനുമായ റഫീഖ് ചൊക്ലി സമ്മാനവിതരണം നടത്തി.
കല്ലൂർക്കാട് സിപിഐ എം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൊലീസ് എസ്‌എച്ച്‌ഒ കെ ഉണ്ണിക്കൃഷ്ണൻ സമ്മാനവിതരണം നടത്തി. എറണാകുളത്ത് എഴുത്തുകാരൻ വിനോദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ വി എ ശ്രീജിത് സമ്മാനവിതരണം നടത്തി. കോതമംഗലത്ത് ആന്റണി ജോൺ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. തിരക്കഥാകൃത്തുക്കളായ ആദർശ് സുകുമാരൻ, പോൾസൺ സ്‌കറിയ എന്നിവർ സമ്മാനദാനം നടത്തി. മട്ടാഞ്ചേരിയിൽ സിപിഐ എം കൊച്ചി ഏരിയ സെക്രട്ടറി കെ എം റിയാദ് ഉദ്‌ഘാടനം ചെയ്തു. കെ ജെ മാക്‌സി എംഎൽഎ സമ്മാനവിതരണം നടത്തി. കോലഞ്ചേരിയിൽ വയലിനിസ്റ്റ് അപർണ ബാബു ഉദ്ഘാടനം ചെയ്തു. പി വി ശ്രീനിജിൻ എംഎൽഎ സമ്മാനദാനം നിർവഹിച്ചു.
പറവൂരിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് സനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം എ എസ് അനിൽകുമാർ സമ്മാനദാനം നടത്തി. കൂത്താട്ടുകുളത്ത് നഗരസഭാ അധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. കിഴകൊമ്പ് പുരോഗമന കലാസാഹിത്യ ഗ്രന്ഥശാല സെക്രട്ടറി എം കെ രാജു സമ്മാനദാനം നിർവഹിച്ചു. മൂവാറ്റുപുഴയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് ആനി ജോർജ് സമ്മാനദാനം നടത്തി. പിറവത്ത് നഗരസഭാ ഉപാധ്യക്ഷൻ കെ പി സലിം ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എൽ മാഗി സമ്മാനവിതരണം നടത്തി. തൃപ്പൂണിത്തുറയിൽ സംസ്ഥാന ബാലാവകാശ കമീഷൻ അംഗം കെ കെ ഷാജു ഉദ്ഘാടനം ചെയ്തു. ചിത്രകാരനും ഡോക്യുമെന്ററി സംവിധാനത്തിൽ സംസ്ഥാന പുരസ്കാര ജേതാവുമായ ബിനുരാജ് കലാപീഠം സമ്മാനങ്ങൾ വിതരണം ചെയ്‌തു.
അങ്കമാലിയിൽ നടൻ രമേഷ് കുറുമശേരി ഉദ്‌ഘാടനം ചെയ്തു. സമ്മാനവിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ് നിർവഹിച്ചു.
ചോദ്യം ഏതുമാകട്ടെ,
ഉത്തരം മുട്ടാതെ കുട്ടിക്കൂട്ടം
കൊച്ചി
മുണ്ടക്കൈയിലെ ദുരന്തമുഖത്ത് സൈന്യം നിർമിച്ച അതിജീവന പാലം, സ്‌ക്രീനിൽ ചിത്രം കണ്ടതും സംശയമേ ഉണ്ടായില്ല കൊച്ചുമിടുക്കർക്ക്. "ബെയ്‌ലി പാലം'. മിനിറ്റുകൾക്കകം ഉത്തരമെത്തി. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്–-2024ന്റെ ഉപജില്ലാ മത്സരം സമ്മാനങ്ങൾക്കായുള്ള പോരാട്ടത്തിനപ്പുറം അറിവിന്റെ പങ്കുവയ്‌ക്കലായി.
"കൂളാ'യാണ് കുട്ടിക്കൂട്ടം ചോദ്യങ്ങളെ നേരിട്ടത്. ക്വിസ് മാസ്റ്റർമാരും രസകരമായി ഇടപെട്ടു. ചോദ്യങ്ങളിലെ വൈവിധ്യവും കുട്ടികളെ ആവേശത്തിലാക്കി. ഈയടുത്ത് കണ്ടതും കേട്ടതുമായ കാര്യങ്ങളായിരുന്നു ചോദ്യങ്ങളിലധികവും. അതുകൊണ്ട് ഒന്നു സംശയിച്ചാലും ക്വിസ് മാസ്റ്റർമാരുടെ ചെറിയ "ക്ലൂ'കൾ കേൾക്കുമ്പോഴേക്കും ദാ വരുന്നു ഉത്തരം. എന്നാൽ, കടലാസിലേക്ക് പകർത്തിയപ്പോൾ തെറ്റിപ്പോയ സങ്കടവുമുണ്ടായി ചിലർക്ക്. പാരിസ് ഒളിമ്പിക്‌സിലെ താരങ്ങളായ പി ആർ ശ്രീജേഷിന്റെയും വിനേഷ് ഫോഗട്ടിന്റെയും ചിത്രങ്ങൾ കുട്ടികൾ അതിവേഗം തിരിച്ചറിഞ്ഞു.
ഭാഷയും ചരിത്രവും ലേശം വലച്ചെങ്കിലും വിട്ടുകൊടുത്തില്ല കുട്ടിക്കൂട്ടം. ശാസ്‌ത്രവും കണക്കും അത്ര കുഴപ്പിച്ചില്ല. പലയിടത്തും "സൗദി വെള്ളയ്‌ക്ക'യും ആട്ടവും ആനന്ദ് ഏകർഷിയുമെല്ലാം ചോദ്യക്കടലാസിലുണ്ടായി. ഹേമ കമ്മിറ്റി റിപ്പോർട്ടും കുട്ടികൾക്ക് കൃത്യമായി അറിയാം. ടൈബ്രേക്കർ വേണ്ടിവന്നു വിജയികളെ കണ്ടെത്താൻ. അടുത്തഘട്ടത്തിലേക്ക് എല്ലാവർക്കും പോകാനാകില്ലെങ്കിലും കൂടുതൽ കാര്യങ്ങളും കണ്ടും അറിഞ്ഞും പഠിച്ചുമായിരുന്നു കൊച്ചുകൂട്ടുകാരുടെ മടക്കം.
സമ്മാനത്തുക വയനാടിന് നൽകി സാന്ദ്ര മരിയ സോണി
പിറവം
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിൽ ലഭിച്ച സമ്മാനത്തുക വയനാട് ദുരിതാശ്വാസനിധിയിലേക്ക് നൽകി സാന്ദ്ര മരിയ സോണി. പിറവം എംകെഎം സ്കൂൾ ഒമ്പതാംക്ലാസ് വിദ്യാർഥിനിയായ സാന്ദ്രയ്‌ക്ക് എച്ച്‌എസ് വിഭാഗത്തിൽ രണ്ടാംസ്ഥാനമാണ് ലഭിച്ചത്.
തന്റെ അധ്യാപകർ അഞ്ചുദിവസത്തെ ശമ്പളം വയനാട് ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതായി അക്ഷരമുറ്റം വേദിയിൽ പറയുന്നത് കേട്ടാണ് സാന്ദ്ര സമ്മാനത്തുക വേദിയിൽവച്ച് കൈമാറിയത്. സമ്മാനത്തുക കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എൽ മാഗി ഏറ്റുവാങ്ങി. പാമ്പാക്കുട കൊള്ളിക്കാട്ടിൽ സോണി ജോസഫ്, ഷീമോൾ എന്നിവരുടെ മകളാണ്. കഴിഞ്ഞ രണ്ട് സീസണുകളിലും ഉപജില്ലാ വിജയിയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..