22 November Friday
ചങ്ങമ്പുഴ കൃഷ്‌ണപിള്ള, ജസ്റ്റിസ്‌ 
വി ആർ കൃഷ്‌ണയ്യർ, ഭരത്‌ പി ജെ ആന്റണി, ദാക്ഷായണി വേലായുധൻ എന്നിവരുടെ 
പേരിലാണ്‌ വേദികൾ

അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ ; മഹത്‌ സ്‌മരണകളിൽ ഒരുങ്ങും നാല്‌ വേദികൾ

സ്വന്തം ലേഖകൻUpdated: Friday Nov 22, 2024

ചങ്ങമ്പുഴ കൃഷ്‌ണപിള്ള, ജസ്റ്റിസ്‌ വി ആർ കൃഷ്‌ണയ്യർ, പി ജെ ആന്റണി, 
ദാക്ഷായണി വേലായുധൻ


കൊച്ചി
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റിന്റെ മെഗാ ഫൈനലിന്‌ എറണാകുളം മഹാരാജാസ്‌ കോളേജിലെ നാല്‌ വേദികൾ ഒരുങ്ങുന്നത്‌ കൊച്ചിയുടെ രാഷ്‌ട്രീയ സാംസ്‌കാരിക ചരിത്രത്തെ സ്വാധീനിച്ച മഹത്‌ വ്യക്തിത്വങ്ങളുടെ സ്‌മരണയിൽ. കാവ്യകലയ്‌ക്ക്‌ കാൽപ്പനികസൗരഭ്യം സമ്മാനിച്ച മഹാകവി ചങ്ങമ്പുഴ കൃഷ്‌ണപിള്ളയുടെ പേരിലുള്ള വേദിയിലാണ്‌ എൽപി വിഭാഗം മത്സരം. ജനഹൃദയങ്ങളിലെ ന്യായാധിപൻ ജസ്റ്റിസ്‌ വി ആർ കൃഷ്‌ണയ്യരുടെ സ്‌മരണകളിലാണ്‌ യുപി വിഭാഗത്തിന്റെ മത്സരവേദി. അഭിനയകലയുടെ അത്യുന്നതങ്ങൾ കീഴടക്കിയ ഭരത്‌ പി ജെ ആന്റണിയുടെ പേരിലാണ്‌ ഹൈസ്‌കൂൾ വിഭാഗം മത്സരം അരങ്ങേറുക. മുളവുകാട്‌ എന്ന കൊച്ചുദ്വീപിൽനിന്ന്‌ രാജ്യത്തിന്റെ ഭരണഘടനാ അസംബ്ലിയോളം വളർന്ന ദാക്ഷായണി വേലായുധന്റെ ത്രസിപ്പിക്കുന്ന ജീവിതസ്‌മരണകളിലാണ്‌ ഹയർ സെക്കൻഡറി വിഭാഗം മത്സരവേദി.

അക്ഷരമുറ്റം സംസ്ഥാന മത്സരത്തിനും മെഗാ ഇവന്റിനും ആദ്യമായി മഹാനഗരം വേദിയാകുമ്പോൾ മഹത്‌ വ്യക്തിത്വങ്ങളുടെ സ്‌മരണ വേദികളെ സമ്പന്നമാക്കും. അക്കാദമിക്‌ രംഗത്ത്‌ സമുന്നതസ്ഥാനമുള്ള മഹാരാജാസ്‌ കോളേജിൽ മത്സരത്തിന്‌ വേദികളൊരുങ്ങുന്നുവെന്നതും ശ്രദ്ധേയം. ശനി രാവിലെ പത്തിന്‌ വ്യവസായമന്ത്രി പി രാജീവ്‌ മത്സരം ഉദ്‌ഘാടനം ചെയ്യും. യുവ സിനിമാതാരം ശ്യാം മോഹനാണ്‌ മുഖ്യാതിഥി. സ്‌കൂൾതലംമുതൽ വാശിയേറിയ പോരാട്ടത്തിലൂടെ ജില്ലാ മത്സരവിജയികളായവരാണ്‌ കൊച്ചിയിൽ കിരീടപോരാട്ടത്തിന്‌ എത്തുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top