24 December Tuesday

അറിവ് അനന്തം ; ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ മെഗാ ഫൈനൽ

സ്വന്തം ലേഖകൻUpdated: Sunday Nov 24, 2024

എറണാകുളം മഹാരാജാസ് കോളേജിൽ അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ സംസ്ഥാന മെഗാ ഫൈനലിനെത്തിയ മത്സരാർഥികൾ ഉദ്ഘാടകൻ മന്ത്രി പി രാജീവിനൊപ്പം ഫോട്ടോ: പി ദിലീപ്കുമാർ


കൊച്ചി
അറിവിന്റെ പുതുവെളിച്ചവും തിരിച്ചറിവിന്റെ ആഴവും പകർന്ന്‌ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ മെഗാ ഫൈനൽ. ചരിത്രമുറങ്ങുന്ന മഹാരാജാസ്‌ കലാലയത്തിൽ സംഘടിപ്പിച്ച മെഗാ ഫൈനലിൽ മത്സരത്തിന്റെ പിരിമുറുക്കത്തിനും മുകളിൽനിന്നത്‌ പുതുവഴി വെട്ടി മുന്നേറാനുള്ള ജ്ഞാനതൃഷ്‌ണ. ഉന്നതനിലവാരത്തിലുള്ള ചോദ്യങ്ങൾക്ക്‌ കുട്ടികൾ ചടുലതയോടെ ഉത്തരങ്ങൾ നൽകി.

കടമ്പകൾ ഏറെ കടന്ന്‌ മെഗാ ഫൈനലിൽ അണിനിരന്നവർ ഇഞ്ചോടിഞ്ച്‌ പോരാട്ടം കാഴ്‌ചവച്ചു. കുട്ടികളോട്‌ ചോദ്യംചോദിച്ച്‌ വ്യവസായമന്ത്രി പി രാജീവ്‌ ഫൈനൽ ഉദ്‌ഘാടനം ചെയ്‌തു. വിപുലമായ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ദേശാഭിമാനി അറിവുത്സവം പുതുചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്ന്‌ പി രാജീവ്‌ പറഞ്ഞു. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ അധ്യക്ഷനായി. ചലച്ചിത്രതാരം ശ്യാം മോഹൻ മുഖ്യാതിഥിയായി.


 

ദേശാഭിമാനി കൊച്ചി യൂണിറ്റ്‌ മാനേജർ രഞ്ജിത്‌ വിശ്വം, അക്ഷരമുറ്റം സംസ്ഥാന കോ–-ഓർഡിനേറ്റർ പ്രദീപ്‌ മോഹൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജോൺ ഫെർണാണ്ടസ്‌, ദേശാഭിമാനി കൊച്ചി ന്യൂസ്‌ എഡിറ്റർ ടി ആർ അനിൽകുമാർ, കെഎസ്‌ടിഎ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ വി ബെന്നി, മഹാരാജാസ്‌ കോളേജ്‌ പ്രിൻസിപ്പൽ ഡോ. ഷജിലാബീവി, ഡോ. എം എസ്‌ മുരളി, സ്‌റ്റേജ്‌ ആൻഡ്‌ അറേഞ്ച്‌മെന്റ്‌ കമ്മിറ്റി ചെയർമാൻ സി മണി, ഗോപൻ നമ്പാട്ട്‌ എന്നിവർ സംസാരിച്ചു. പ്രമോദ്‌ സുധാകരന്റെ നേതൃത്വത്തിൽ വിന്റ്‌സ്‌ മെഷീൻ ബാൻഡ്‌ സംഘം സാക്‌സഫോൺ–-പുല്ലാങ്കുഴൽ സംഗീതവിരുന്നൊരുക്കി. ‘സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ’ വിഷയത്തിൽ സിറ്റി സൈബർ സെൽ എസ്‌ഐ വൈ ടി പ്രമോദ്‌ ക്ലാസെടുത്തു. വിജയികൾക്കുള്ള സമ്മാനവിതരണം മെഗാ ഇവന്റായി പിന്നീട്‌ കൊച്ചിയിൽത്തന്നെ സംഘടിപ്പിക്കും.

അൽ മുക്താദിർ ഗ്രൂപ്പാണ് ടൈറ്റിൽ സ്പോൺസർ. ഹൈം ഗൂഗിൾ ടിവിയും കല്യാൺ ജ്വല്ലേഴ്സുമാണ് മുഖ്യ പ്രായോജകർ. വൈറ്റ്‌ മാർട്ട്‌, വെൻകോബ്‌, ഓക്സിജൻ ഡിജിറ്റൽ ഷോപ്പി, കേരള ബാങ്ക്‌, കെഎസ്എഫ്ഇ, സിയാൽ, പ്രോമിസ് എഡ്യുക്കേഷണൽ കൺസൾട്ടൻസി, സൂര്യ ഗോൾഡ്‌ ലോൺ, ജോസ്‌കോ ജ്വല്ലേഴ്‌സ്‌, ബാങ്ക് ഓഫ് ബറോഡ, ഇസിആർ ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷൻ, ഇമേജ്‌ മൊബൈൽസ് ആൻഡ്‌ കംപ്യൂട്ടേഴ്‌സ്‌, വള്ളുവനാട്‌ ഈസി മണി, ഗ്ലോബൽ അക്കാദമി എന്നിവ പ്രായോജകരുമാണ്‌.

പരിശ്രമമാണ്‌ പ്രധാനം; 
ആരാധകരോട്‌ ‘ആദി’
‘‘ജയവും തോൽവിയുമല്ല, പരിശ്രമിക്കുകയെന്നതാണ്‌ വലിയ കാര്യം’’– ‘ജെകെ– -ജസ്റ്റ്‌ കിഡ്ഡിങ്‌’ എന്ന ഡയലോഗിലൂടെ പ്രേമലുവിലെ  ആദിയെ അവതരിപ്പിച്ച്‌ കുട്ടികളുടെ പ്രിയതാരമായി മാറിയ ശ്യാം മോഹന്റെ വാക്കുകൾ. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ മെഗാ ഫൈനലിൽ മുഖ്യാതിഥിയായിരുന്നു ശ്യാം മോഹൻ.  ‘‘എന്റെ ഏറ്റവും വലിയ ഫാൻസ്‌ കുട്ടികളാണ്‌.’’ പ്രിയപ്പെട്ട ആദി സംസാരിച്ചുതുടങ്ങിയപ്പോൾ കൈയടി മുഴങ്ങി. ‘‘ആദിയെന്നും ജെകെയെന്നുമാണ്‌ അവരെന്നെ വിളിക്കുന്നത്‌. ശരിക്കും പേര്‌ മറക്കുന്ന അവസ്ഥയാണ്‌. 2015ൽ ജോലി ഉപേക്ഷിച്ച്‌ ഒമ്പതുവർഷമെടുത്തു പ്രേമലുപോലൊരു ചിത്രത്തിലെ നല്ല കഥാപാത്രം ലഭിക്കാൻ. പരിശ്രമിച്ചാൽ പലതും പഠിക്കാൻ പറ്റും.  കുട്ടികൾക്ക്‌ ഇത്ര വലിയ അവസരം നൽകുന്ന ദേശാഭിമാനി കൈയടി അർഹിക്കുന്നു’’–- ശ്യാം മോഹൻ പറഞ്ഞു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമൊപ്പം സെൽഫിയെടുത്ത്‌ മത്സരാർഥികൾക്ക്‌ വിജയാശംസ നേർന്നാണ്‌ ശ്യാം മടങ്ങിയത്‌.



 

സംഗീതമധുരം പകർന്ന്‌ 
പ്രമോദും സംഘവും
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ മെഗാ ഫൈനലിന്‌ സംഗീതമധുരം പകർന്ന്‌ വിന്റ്‌സ്‌ മെഷീൻ ബാൻഡ്‌. സാക്‌സഫോണിലും പുല്ലാങ്കുഴലിലും മത്സരാർഥികൾക്ക്‌ പ്രമോദ്‌ സുധാകരൻ സൂപ്പർ ഹിറ്റ്‌ ഗാനങ്ങളുടെ സംഗീതവിരുന്നൊരുക്കി.  ഓരോ ഗാനം കഴിയുമ്പോഴും നിറഞ്ഞ കൈയടി നൽകി സദസ്സ്‌ കലാകാരന്മാരെ അഭിനന്ദിച്ചു. ജ്യോതിഷ്‌ പീറ്റർ (കീബോർഡ്‌), ജാക്‌സൺ ആൽബർട്ട്‌ (റിഥംസ്‌) എന്നിവരും പ്രമോദിന്‌ ഒപ്പമുണ്ടായി.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top