കൊച്ചി
സ്‌ക്രീനിൽ "സ്വർണപ്പൂച്ച'യുടെ ദൃശ്യങ്ങൾ തെളിഞ്ഞതും കൊച്ചുമിടുക്കർക്ക് ആവേശം. ക്വിസ് മാസ്റ്റർ ചോദ്യം പറഞ്ഞുതീരുംമുമ്പേ ഉത്തരമെഴുതാൻ തിടുക്കമായി. എൽപി വിഭാഗത്തിൽ കൂടുതൽപേരും ഉത്തരമെഴുതിയ ചോദ്യങ്ങളിലൊന്നായിരുന്നു അസമിലെ മനസ് ദേശീയോദ്യാനത്തിൽ അടുത്തിടെ കണ്ടെത്തിയ ഏഷ്യാറ്റിക് ഗോൾഡൻ ക്യാറ്റിനെക്കുറിച്ചുള്ളത്. എഐ ഗായിക ലിൻഡയെക്കുറിച്ചുള്ള ചോദ്യത്തിനും അതിവേഗം ഉത്തരം തയ്യാർ.
അനശ്വരനടൻ തിലകൻ ആദ്യമായി അഭിനയിച്ച "പെരിയാർ' എന്ന ചിത്രത്തിന്റെ സംവിധായകൻ ആരെന്ന ചോദ്യത്തിന് എച്ച്‌എസ് വിഭാഗം കുട്ടികൾക്ക് തെല്ലും സംശയമുണ്ടായില്ല, പി ജെ ആന്റണി. അദ്ദേഹത്തിന്റെ പേരുനൽകിയ വേദിയിൽത്തന്നെയാണ് കുട്ടികൾ മത്സരിച്ചതും.
പാരിസ് ഒളിമ്പിക്‌സും ആദ്യമായി ഒളിമ്പിക്‌സ് മാതൃകയിൽ നടത്തിയ സംസ്ഥാന കായികമേളയും പാർലമെന്റ് മന്ദിരവും കാട്ടൂർക്കടവും പഥേർ പാഞ്ജലിയിലെ നായിക ഉമാദാസ് ഗുപ്‌തയും രത്തൻ ടാറ്റയുടെ സംസ്‌കാരവുമെല്ലാം വിവിധ വിഭാഗങ്ങളിൽ ചോദ്യങ്ങളായി. ചിത്രങ്ങളും വീഡിയോയും കവിതാശകലങ്ങളും ശാസ്‌ത്രവും കണക്കുമെല്ലാം കോർത്തിണക്കിയ ചോദ്യങ്ങളാണ് മെഗാ ഫൈനലിൽ കുട്ടികൾ നേരിട്ടത്. പുത്തനറിവുകൾ സമ്മാനിക്കുന്നതായി ഓരോ മത്സരവും.
എൽപി വിഭാഗത്തിൽ രാജേഷ് എസ് വള്ളിക്കോട്, യുപി വിഭാഗത്തിൽ എ സിന്ധു, എച്ച്‌എസ് വിഭാഗത്തിൽ ടി വിജേഷ്, എച്ച്‌എസ്‌എസ് വിഭാഗത്തിൽ എം കെ മധു എന്നിവരായിരുന്നു ക്വിസ് മാസ്റ്റർമാർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..