23 November Saturday

ദണ്ഡിയാത്രമുതൽ പാരീസ്‌ ഒളിമ്പിക്‌സ്‌വരെ അതിരില്ലാത്ത 
അറിവിൻ ആകാശം

സ്വന്തം ലേഖകർUpdated: Thursday Aug 29, 2024

തിരുവനന്തപുരം> ദണ്ഡിയാത്രയിൽ സമരഭടന്മാർക്ക്‌ ആവേശം പകർന്ന ‘രഘുപതി രാഘവ രാജാറാം’ എന്ന ഗാനത്തിന്‌ സംഗീതം നൽകിയത്‌ ആര്‌, ഇന്ത്യക്കു വേണ്ടി പാരീസ്‌ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ 21 കാരൻ ആര്‌ ...

ഉഷാറായി ഉത്തരങ്ങൾ എഴുതി കുട്ടികൾ മിടുക്ക്‌ കാട്ടിയപ്പോൾ അക്ഷരമുറ്റം രണ്ടാംഘട്ടം അറിവുത്സവമായി. എല്ലാ ഉപജില്ലയിലും കുട്ടികൾ ഇഞ്ചോടിഞ്ച്‌ പോരാടി. ഏറെ ഉത്സാഹത്തോടെയാണ്‌ കുട്ടികൾ ചോദ്യങ്ങളെ നേരിട്ടത്‌. മിക്കയിടത്തും ടൈ ബ്രേക്ക്‌ വേണ്ടി വന്നു. തിരുവനന്തപുരം നോർത്ത്‌ ഉപജില്ലയിൽ നാലുവിഭാഗങ്ങളിലും ടൈ ബ്രേക്കിലൂടെയാണ്‌ വിജയികളെ കണ്ടെത്തിയതെന്നത്‌ പ്രത്യേകതയായി. വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും എത്തിയത്‌ അക്ഷരമുറ്റം മത്സരവേദിയെ സമ്പുഷ്‌ടമാക്കി. രക്ഷിതാക്കൾക്കായി പ്രത്യേക ക്ലാസും ഒരുക്കിയിരുന്നു.
ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടിയവർക്ക്‌ ഓരോ വിഭാഗത്തിലും ആയിരം രൂപ വീതം സമ്മാനത്തുകയും ഉപഹാരവും സർട്ടിഫിക്കറ്റും സമ്മാനിച്ചു. രണ്ടാം സ്‌ഥാനക്കാർക്ക്‌ 500 രൂപയും ഉപഹാരവും സർട്ടിഫിക്കറ്റും നൽകി. സ്‌കൂൾതല വിജയികൾക്കുള്ള സർട്ടിഫിക്കറ്റും സമ്മാന പുസ്‌തകവും വിതരണം ചെയ്‌തു. ഉപജില്ലയിൽ ഒന്നാമതെത്തിയ സ്‌കൂളുകൾക്കും പ്രത്യേക പുരസ്‌കാരം ലഭിക്കും. ഈ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച്‌ അക്ഷരമുറ്റം ക്ലബ്ബുകൾ രൂപീകരിക്കും. ഹൈം ഗൂഗിൾ ടിവി,  വൈറ്റ്‌ മാർട്ട്‌, വെൻകോബ്‌, കേരള ബാങ്ക്‌, സിയാൽ, സൂര്യ ഗോൾഡ്‌ ലോൺ, ജോസ്‌കോ ജ്വല്ലേഴ്‌സ്‌, ഇമേജ്‌ മൊബൈൽസ് ആൻഡ്‌ കംപ്യൂട്ടേഴ്‌സ്‌, വള്ളുവനാട്‌ ഈസ്റ്റ്‌ മണി ഗ്ലോബൽ അക്കാദമി എന്നീ സ്ഥാപനങ്ങളാണ്‌ ദേശാഭിമാനി - അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ 13ന്റെ സ്‌പോൺസർമാർ.

മിന്നും താരങ്ങളാകാൻ 
അനന്യയും ആദിയും

കിളിമാനൂർ > വിജയം കൂടെക്കൂട്ടി ഇരട്ടകളായ ആദിദേവും അനന്യയും. അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിൽ ഹൈസ്‌കൂൾ വിഭാഗത്തിലാണ്‌ മുൻ വിജയികളായ ഇരുവരും ഒന്നും രണ്ടും സ്ഥാനക്കാരായി ജില്ലാ മത്സരത്തിലേക്ക് യോഗ്യത നേടിയത്‌. മടവൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളാണ്‌ പി എസ് ആദിദേവും പി എസ് അനന്യയും.

പ്രശ്നോത്തരി മത്സരങ്ങളിൽ നാട്ടിലെ മിന്നും താരങ്ങളാണിവർ. കഴിഞ്ഞ വർഷം കണ്ണൂരിൽ നടന്ന അക്ഷരമുറ്റം സീസൺ 12ലെ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനക്കാരിയാണ് അനന്യ.  2022ൽ തൃശൂരിൽ നടന്ന സീസൺ 11ൽ ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനവുംനേടി.  2019ൽ പാലക്കാട് നടന്ന സംസ്ഥാന മത്സരത്തിൽ യുപി വിഭാഗം ചാമ്പ്യനായിരുന്നു ആദിദേവ്. 2018 ൽ കോട്ടയത്ത് എൽപി വിഭാഗത്തിൽ ഇരുവരും ജില്ലയെ പ്രതിനിധികരിച്ച് ചാമ്പ്യൻമാരായിരുന്നു. ഇത്തവണ ജില്ലാ മത്സരത്തിൽ ഈ ഇരട്ടകൾ പരസ്പരം ഏറ്റുമുട്ടും.

ആത്രേയൻ 
യാത്ര തുടരുന്നു

വെഞ്ഞാറമൂട്  > ദേശാഭിമാനി അക്ഷരമുറ്റം മത്സരത്തിൽ ആത്രേയന്റെ വിജയഗാഥ തുടരുന്നു. രണ്ടാം ക്ലാസിൽ തുടങ്ങിയതാണ് ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തോടൊപ്പമുള്ള ആത്രേയന്റെ യാത്ര. ഇത്തവണ ഹയർ സെക്കൻഡറി വിഭാഗത്തിലാണ് സബ് ജില്ലയിൽ ഒന്നാം സ്ഥാനം.

ഇതിനകം ഏഴുതവണ സംസ്ഥാനതലത്തിൽ മത്സരിച്ചു. എൽപി വിഭാഗത്തിൽ ഒന്നും യുപി വിഭാഗത്തിൽ രണ്ടുതവണയും സംസ്ഥാന ജേതാവായി.
മിതൃമ്മല ഗവ ബോയ്സ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയായ ആത്രേയന് ക്വിസ് മത്സരങ്ങൾ കഴിഞ്ഞാൽ   ഇഷ്ടം വായനയാണ്  വൈക്കം മുഹമ്മദ് ബഷീറാണ്‌ പ്രിയ എഴുത്തുകാരൻ.അധ്യാപകരായ അജിത്തും സൗമ്യയുമാണ് അച്ഛനമ്മമാർ.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top