തിരുവനന്തപുരം > ആരാണ് വിജയി എന്നറിയാൻ അവസാന ചോദ്യംവരെ നീണ്ട സസ്‌പെൻസ്. നിശ്‌ചിത സമയത്ത് ഒപ്പത്തിനൊപ്പം എത്തിയതോടെ ടൈ ബ്രേക്കിലേക്ക് നീണ്ട പോരാട്ടം. എല്ലാ മേഖലയെയും സ്‌പർശിച്ച ചോദ്യങ്ങൾ...
ദേശാഭിമാനി -അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ 13ന്റെ ജില്ലാ മത്സരങ്ങൾ അറിവും ആവേശവും പകരുന്നതായി. ജയവും തോൽവിയും മത്സരാർഥികൾ മറന്നപ്പോൾ കൂടുതൽ അറിവ് നേടാനുള്ള ഊർജമായി അറിവുത്സവം. മത്സരത്തിന്റെ ഭാഗമായി ഇത്തവണ ആദ്യമായി സംഘടിപ്പിച്ച ശാസ്‌ത്രപാർലമെന്റ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പുതു അനുഭവമായി.
തൈക്കാട് മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന അക്ഷരമുറ്റം ജില്ലാതലമത്സരം അശ്വമേധം ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് ഉദ്‌ഘാടനംചെയ്‌തു. ദേശാഭിമാനി യൂണിറ്റ് മാനേജർ ഐ സെയ്‌ഫ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ, മനോജ് കെ പുതിയവിള (ശാസ്‌ത്ര സാഹിത്യ പരിഷത്ത്), പ്രിൻസിപ്പൽ കെ വി പ്രമോദ്, കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എ നജീബ്, വൈസ് പ്രസിഡന്റ് എം എസ് പ്രശാന്ത്, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പി സുജു മേരി, ജില്ലാ പ്രസിഡന്റ് വിദ്യാ വിനോദ്, ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റർമാരായ കെ ആർ അജയൻ, ദിലീപ് മലയാലപ്പുഴ, ലോക്കൽ സെക്രട്ടറി പി അനിൽ കുമാർ, എച്ച് ആർ മാനേജർ ശ്യാം സുന്ദർ, സ്‌കൂൾ പിടിഎ പ്രസിഡന്റ് ആർ സുരേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു. സംഘാടക സമിതി കൺവീനർ സിജോവ് സത്യൻ സ്വാഗതവും അക്ഷരമുറ്റം ജില്ലാ കോ ഓർഡിനേറ്റർ വിനോദ് ശങ്കർ നന്ദിയും പറഞ്ഞു.
മത്സരത്തോട് അനുബന്ധിച്ച് നടന്ന ശാസ്‌ത്ര പാർലമെന്റിൽ മനോജ് കെ പുതിയവിള മോഡറേറ്ററായി. നവംബർ 23ന് കൊച്ചിയിലാണ് സംസ്ഥാനതല മത്സരം. ഹൈം ഗൂഗിൾ ടിവിയും കല്യാൺ ജ്വല്ലേഴ്സുമാണ് മുഖ്യ പ്രായോജകർ. വൈറ്റ് മാർട്ട്, വെൻകോബ്, ഓക്സിജൻ ഡിജിറ്റൽ ഷോപ്പി, കേരള ബാങ്ക്, സിയാൽ, സൂര്യ ഗോൾഡ് ലോൺ, ജോസ്‌കോ ജ്വല്ലേഴ്‌സ്, ഇമേജ് മൊബൈൽസ് ആൻഡ് കംപ്യൂട്ടേഴ്‌സ്, വള്ളുവനാട് ഈസി മണി, ഗ്ലോബൽ അക്കാദമി, ബാങ്ക് ഓഫ് ബറോഡ, സൂര്യ പസഫിക് ഫിനാൻഷ്യൽ സർവീസ് എന്നീ സ്ഥാപനങ്ങളാണ് പ്രായോജകർ.
ഇനി കൊച്ചിയിൽ കാണാം
ശാസ്‌ത്രജ്ഞയായ ക്ലൗഡിയ ഷെയിൻബോം പാർഡോ ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് ചുമതലയേറ്റത്. അഗ്നിസാക്ഷിയെക്കൂടാതെ ഒമ്പത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മറ്റൊരു ചിത്രം. അന്താരാഷ്‌ട്ര ഫുട്‌ബോളിൽ 900 ഗോൾ നേടിയ താരം ആര്. കേരളത്തിൽ മാലിന്യസംസ്കരണത്തിനായി കുടുംബശ്രീ പ്രവർത്തകരെ ഉൾപ്പെടുത്തി തുടങ്ങിയ പദ്ധതി ഏത്... ഇങ്ങനെ അന്താരാഷ്‌ട്ര, ദേശീയ, പ്രാദേശിക തലത്തിൽ നിന്നുള്ള 21 വീതം ചോദ്യങ്ങളാണ് കുട്ടികളെ കാത്തിരുന്നത്.
എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി തൊണ്ണൂറിലധികം കുട്ടികൾ പങ്കെടുത്തു. ജില്ലയിലെ 12 ഉപജില്ലകളിൽ നിന്നാണ് വിദ്യാർഥികൾ മത്സരത്തിനെത്തിയത്. ഉഷാറായി ഉത്തരങ്ങൾ എഴുതി കുട്ടികൾ മിടുക്ക് കാട്ടിയപ്പോൾ അക്ഷരമുറ്റം അറിവുത്സവമായി. യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിനും ഹയർ സെക്കൻഡറിയിൽ രണ്ടാം സ്ഥാനത്തിനുമായി ടൈ ബ്രേക്ക് ചോദ്യങ്ങളും വേണ്ടിവന്നു. ഉത്തരമറിയാവുന്ന ചോദ്യങ്ങൾ കേൾക്കുമ്പോൾ മുഖങ്ങളിൽ ആഹ്ലാദം, പ്രതീക്ഷിച്ച ഉത്തരം തെറ്റാണെന്ന് അറിയുമ്പോൾ നിരാശ, അപ്രതീക്ഷിത ശരിയുത്തരങ്ങളോട് അത്ഭുതം... അങ്ങനെ വിവിധ ഭാവങ്ങളാൽ സമ്പന്നമായിരുന്നു ഓരോ മത്സരവും.
ചോദ്യങ്ങൾക്ക് ഉത്തരം എഴുതുന്നതിനൊപ്പം അതിനപ്പുറമുള്ള അറിവുകളും പരസ്പരം പകർന്നുനൽകാനും കുട്ടികൾ മുന്നിലുണ്ടായിരുന്നു. എല്ലാ വർഷവും ജില്ലയിൽനിന്നുള്ള വിജയികൾ ടീമായിട്ടാണ് മത്സരിച്ചിരുന്നതെങ്കിൽ ഇത്തവണ പരസ്പരമാകും സംസ്ഥാനതലത്തിലെ മത്സരം. സ്ഥിരമായി പത്രം വായിക്കുന്നവർക്ക് ഉത്തരങ്ങൾ കൃത്യമായി എഴുതാനാകുന്ന തരത്തിലായിരുന്നു ചോദ്യങ്ങൾ ക്രമീകരിച്ചിരുന്നത്. അധ്യാപകർകൂടിയായ ക്വിസ് മാസ്റ്റർമാർ കുട്ടികൾക്കൊപ്പംനിന്ന് പാട്ടും കഥയും പറഞ്ഞ് ചോദ്യങ്ങൾ ചോദിച്ചതും ഏറെ ഗുണം ചെയ്തു. അതിനാൽത്തന്നെ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടാത്ത വിഷമം ആരിലും ഉണ്ടായിരുന്നില്ല. കൂടുതൽ അറിവെന്ന അനുഭവവുമായി അവർ മടങ്ങി. ഇനി അടുത്ത വർഷം കാണാം എന്ന വാക്കോടെ. നവംബർ 23ന് കൊച്ചിയിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ കാണാമെന്ന് പറഞ്ഞായിരുന്നു വിജയികൾ വേദി വിട്ടത്.
ഇക്കുറിയും നിളയുണ്ടാകും
കൊച്ചിയിൽ നടക്കുന്ന അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിന്റെ സംസ്ഥാന മത്സരത്തിലേക്ക് നിള എത്തുക പതിന്മടങ്ങ് സന്തോഷത്തോടെ. ഇളമ്പ ഗവ. എച്ച്‌എസ്‌എസിലെ പത്താംക്ലാസ് വിദ്യാർഥിയായ നിള റിജു നാലാം തവണയാണ് സംസ്ഥാനതലത്തിൽ മത്സരത്തിന് ഒരുങ്ങുന്നത്.
കഴിഞ്ഞതവണ ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാംസ്ഥാനം നിളയ്ക്കായിരുന്നു. 2021ൽ യുപി വിഭാഗത്തിലും സംസ്ഥാനതലത്തിൽ നിള ഒന്നാം സ്ഥാനം നേടി. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സംസ്ഥാനതലത്തിൽ മത്സരിച്ചത്. വാമനപുരം ആനച്ചൽ ലളിത ഭവനിൽ ഓട്ടോതൊഴിലാളിയായ റിജുലാലിന്റെയും രമ്യയുടെയും മകളാണ്. കലക്‌ടർ ആകണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം. അതിനുള്ള ഒരുക്കത്തിന്റെ ഭാഗം കൂടിയാണ് ഈ അറിവ് സമ്പാദിക്കൽ. പത്രവായനയിലൂടെയാണ് കൂടുതലും പുതിയ അറിവുകൾ ലഭിക്കുന്നതെന്ന് നിള പറഞ്ഞു. എല്ലാദിവസവും പത്രം വായിച്ച് പുതിയ വിവരങ്ങൾ നോട്ട് ബുക്കിൽ കുറിച്ചുവയ്‌ക്കും. മത്സരപരീക്ഷകൾക്ക് പഠിക്കാൻ ഈ നോട്ടുകളാണ് ഉപയോഗിക്കുക. സമൂഹമാധ്യമങ്ങളും വിവരശേഖരണത്തിന് സഹായിക്കാറുണ്ട്. ഇത്തവണ ശാസ്‌ത്രമേളയുടെ ഭാഗമായി നടന്ന സാമൂഹ്യ ശാസ്‌ത്ര ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നിളയ്‌ക്കായിരുന്നു. രണ്ടാം ക്ലാസ് മുതൽ വിവിധ ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുന്ന നിള നിരവധി സമ്മാനങ്ങളാണ് സ്വന്തമാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..