26 December Thursday
‌മുഴു‍വന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ആധികാരിക രേഖ

തദ്ദേശീയ ജനത സ്വയംപര്യാപ്തമാകണം: മന്ത്രി കെ രാധാകൃഷ്ണന്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023

അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡിജിറ്റെെസേഷന്‍ (എ ബി സി ഡി) പദ്ധതി സമ്പൂര്‍ണ പ്രഖ്യാപനം നടത്തി മന്ത്രി കെ രാധാകൃഷ്ണന്‍ കലക്ടർക്ക്‌ പ്രഖ്യാപനപത്രം കൈമാറുന്നു

 പത്തനംതിട്ട > തദ്ദേശീയ  ജനവിഭാഗങ്ങൾ മികച്ച വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിൽ മുൻനിരയിലെത്തണമെന്ന് പട്ടികജാതി പട്ടികവർ​ഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ജില്ലയിലെ എല്ലാ ആദിവാസി സങ്കേതങ്ങളിലെയും കുടുംബങ്ങള്‍ക്ക് ആധികാരികരേഖകള്‍ നല്‍കുന്ന അക്ഷയ ബിഗ് കാമ്പയിന്‍ ഫോര്‍ ഡിജിറ്റെെസേഷന്‍ (എ ബി സി ഡി) പദ്ധതിയുടെ സമ്പൂര്‍ണ പ്രഖ്യാപനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

2,274 കുടുംബങ്ങളിലെ 6,193 വ്യക്തികള്‍ക്കാണ് ഏഴു മാസം കൊണ്ട് ആധികാരികരേഖകള്‍ നല്‍കിയത്. വയനാടിന് ശേഷം ജില്ലയാണ് ഈ നേട്ടം കൈവരിച്ചത്. തദ്ദേശ കുടുംബം മുഴുവനും സ്വയംപര്യാപ്തതയിൽ എത്തണം. അതിന് വിദ്യാഭ്യാസമാണ് ഏറ്റവും മികച്ച മാർ​ഗം. അതിനുവേണ്ട എല്ലാ സഹായവും സർക്കാർ നൽകുന്നുണ്ട്.  
 
എൽഡിഎഫ്‌ സർക്കാർ അധികാരമേറ്റ ശേഷമാണ്  ഇത്തരം പ്രവർത്തനത്തിന് തുടക്കമായത്.  ഭൂമിയില്ലാത്ത മുഴുവൻ ആദിവാസികൾക്കും ഭൂമി നൽകുകയെന്ന ഇടതുപക്ഷ സർക്കാരിന്റെ ലക്ഷ്യം പ്രാവർത്തികമാക്കുമെന്നും  മന്ത്രി പറഞ്ഞു . കേരളചരിത്രത്തില്‍ ആദ്യമായി നിലമ്പൂര്‍ ചോലനായ്ക്കര്‍ വിഭാഗത്തിലെ വിദ്യാര്‍ഥി പി എച്ച് ഡി എടുത്ത് ഉന്നതപഠനത്തിന്  നോര്‍വേയിലേക്ക് പോയത് സര്‍ക്കാരിന്റെ നേട്ടങ്ങളിലൊന്നാണ്. പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനത്തോടെയാണ് കലക്ടര്‍ പദവി ഒഴിയുന്നതെന്നത് ഏറെ ചാരിതാര്‍ത്ഥ്യമുളവാക്കുന്നതായി ദിവ്യ എസ് അയ്യര്‍ പറഞ്ഞു. യോഗത്തിൽ കലക്ടർ  അധ്യക്ഷയായി. എംഎൽഎമാരായ അഡ്വ. കെ യു ജെനീഷ്കുമാർ , അഡ്വ.  പ്രമോദ് നാരായൺ എന്നിവരും സംസാരിച്ചു. ജില്ലാ ട്രൈബൽ ഓഫീസർ എസ് സുധീർ സ്വാ​ഗതവും എഡിഎം ബി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.  
 
തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ആധാര്‍ അപ്‌ഡേഷന്‍ എന്നീ സേവനങ്ങളാണ് ക്യാമ്പുകളിലൂടെ നല്‍കിയത്. രേഖകള്‍ ഏതെങ്കിലും സന്ദര്‍ഭത്തില്‍ നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാൻ ഡിജിലോക്കര്‍ സംവിധാനവും ഉറപ്പാക്കി. ജില്ലാ ഭരണകേന്ദ്രം, ഐ ടി മിഷന്‍, പട്ടികവര്‍ഗ വികസന വകുപ്പ്, സിവില്‍ സപ്ലൈസ്, ആരോഗ്യസുരക്ഷാ പദ്ധതി, ലീഡ് ബാങ്ക് എന്നിവ ചേര്‍ന്ന് പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top