14 November Thursday

സ്വാതന്ത്ര്യത്തിന്റെ ജിഹ്വ, 
അൽ അമീന്‌ നാളെ നൂറിന്റെ നിറവ്‌

പി വി ജീജോUpdated: Friday Oct 11, 2024


കോഴിക്കോട്‌
ദേശീയ സ്വാതന്ത്ര്യസമരത്തിന്‌ ആവേശമേകി മലയാള പത്രപ്രവർത്തന ചരിത്രത്തിൽ മിന്നൽപോലെ  ജ്വലിച്ച പത്രം ‘അൽ അമീന്‌’ ശനിയാഴ്‌ച നൂറ് ‌വയസ്സ്‌‌. കേരളത്തിന്റെ  വീരപുത്രനായി അറിയപ്പെടുന്ന സ്വാതന്ത്ര്യസമര പോരാളി മുഹമ്മദ്‌ അബ്ദുറഹ്മാൻ ആരംഭിച്ച പത്രമാണ്‌ അൽ -അമീൻ. 1924 ഒക്ടോബർ 12ന്‌ നബിദിനത്തിലാണ്‌  കോഴിക്കോട്ട്‌ നിന്ന്‌ ആദ്യലക്കം പ്രസിദ്ധീകരിച്ചത്‌. വിശ്വസ്‌തനെന്ന്‌ അർഥമുള്ള  അറബിപ്പേരിൽ ഇറക്കിയ പത്രം സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ജിഹ്വയായി  ഒന്നരപ്പതിറ്റാണ്ടോളം ബ്രിട്ടീഷ്‌ മേധാവിത്വത്തിനെതിരെ  ശബ്ദിച്ചു. മഹാകവി വള്ളത്തോളിന്റെ കവിതാസന്ദേശമായിരുന്നു ആദ്യപ്രതിയിൽ പ്രധാനം.

1921 ലെ മലബാർ കലാപശേഷം മുസ്ലിങ്ങളെ ആൻഡമാനിലേക്ക്‌ നാടുകടത്തുന്ന കരിനിയമത്തിനെതിരായിരുന്നു ആദ്യ മുഖപ്രസംഗം.  നിയമം പിൻവലിക്കാൻ  മുഖപ്രസംഗം കാരണമായതിനാൽ അൽ- അമീൻ സാമൂഹ്യശ്രദ്ധ നേടി. കോഴിക്കോട്‌ കോർട്ട്‌ റോഡിലായിരുന്നു ഓഫീസും പ്രസും. തുടക്കത്തിൽ ആഴ്‌ചയിൽ മൂന്നുദിവസമായിരുന്നു  പ്രസിദ്ധീകരണം. 1930 ജൂൺ 25 മുതൽ  ദിനപത്രമായി. മുസ്ലിങ്ങളെ ദേശീയ പ്രസ്ഥാനത്തിൽനിന്ന്‌ അകറ്റാൻ കോൺഗ്രസിലെ ഒരുവിഭാഗം ശ്രമിച്ചകാലത്ത്‌ സാമ്രാജ്യവിരോധികളുടെ രക്തം തിളപ്പിക്കുന്ന വാർത്തകളുമായി ‘അൽ -അമീൻ’ ദേശീയവികാരം വളർത്തി. ഇതിൽ പ്രകോപിതരായ  ബ്രിട്ടീഷ്‌ സർക്കാർ 1930 ആഗസ്‌ത്‌ നാലിന്‌ രാജ്യദ്രോഹം ചുമത്തി 2,000 രൂപ പിഴയിട്ടു. അടയ്‌ക്കാത്തതിനാൽ പ്രസ്‌ കണ്ടുകെട്ടിയതോടെ ആഗസ്‌ത്‌ നാലിന്‌ പത്രം നിലച്ചു. പിന്നീട്‌ നവംബർ 20–-ന്‌ പുനരാരംഭിച്ചതായി അബ്ദുറഹ്മാന്റെ ജീവചരിത്രകാരൻ എസ്‌ കെ പൊറ്റെക്കാട്ട്‌‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.  വിദേശഭരണം കെട്ടുകെട്ടിക്കാൻ ആഹ്വാനംചെയ്യുന്ന ‘കോൺഗ്രസും യുദ്ധവും’ എന്ന മുഖപ്രസംഗത്തിന്റെ പേരിൽ 1939 സെപ്തംബർ 29 ന്‌ സർക്കാർ നിരോധിച്ചതോടെ അൽ അമീൻ അച്ചടി നിലച്ചു. മുസ്ലിം സമുദായത്തിൽ ദേശീയ ബോധവും നവീന ആശയഗതികളും പരത്താൻ ഉപയോഗിച്ച മൂർച്ചയേറിയ ആയുധമെന്നാണ്‌ ഇ എം എസ്‌ അൽ അമീനെ വിശേഷിപ്പിച്ചത്‌. സ്വാതന്ത്ര്യത്തിന്‌ ശേഷം 1960 -ന്റെ ആദ്യം  സ്വാതന്ത്ര്യസമരസേനാനി ഇ മൊയ്‌തുമൗലവിയുടെ മകനും  കോൺഗ്രസ്‌ പ്രവർത്തകനുമായ വി സുബൈർ അൽ- അമീൻ കോഴിക്കോട്ടുനിന്ന്‌ സായാഹ്ന പത്രമായി പുനരാരംഭിച്ചു. മുപ്പതുവർഷത്തോളം ഇത്‌ തുടർന്നു. പിന്നീട്‌ മലപ്പുറത്തുനിന്ന്‌ തുടങ്ങിയെങ്കിലും  നീണ്ടുപോയില്ല.

ശതാബ്ദിവേളയിൽ മലപ്പുറത്തുനിന്ന്‌ ഓൺലൈൻ പതിപ്പിന്‌ പത്രപ്രവർത്തകൻ വീക്ഷണം മുഹമ്മദ്‌ ശ്രമമാരംഭിച്ചിട്ടുണ്ട്‌. സ്വാതന്ത്ര്യത്തിന്റെ ശബ്ദമെന്നതിനൊപ്പം കമ്യൂണിസ്‌റ്റ്‌ മാനിഫെസ്‌റ്റോയുടെ മലയാളം പരിഭാഷ പ്രസിദ്ധീകരിക്കാൻ ധീരതകാട്ടിയെന്ന നിലയിൽ അൽ അമീൻ പ്രസ്‌ ചരിത്രത്തിൽ അറിയപ്പെടുന്നുണ്ട്‌.   കെപിസിസി പ്രസിഡന്റായിരുന്ന  മുഹമ്മദ്‌ അബ്ദുറഹ്മാൻ 1937ലാണ്‌ കമ്യൂണിസ്‌റ്റ്‌ മാനിഫെസ്‌റ്റോ അൽ അമീൻ പ്രസിൽനിന്ന്‌  അച്ചടിച്ചത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top