ആലപ്പുഴ
അഞ്ചുവർഷത്തിനപ്പുറം ഡോക്‌ടർമാരായി പടിയിറങ്ങേണ്ട കാമ്പസിൽനിന്ന് ചേതനയറ്റ് അവർ മടങ്ങി. സഹപാഠികൾക്കും ഉറ്റവർക്കും തീരാനോവായി ഇനി അവരുടെ ഓർമകൾ ബാക്കി. കളിചിരികളാൽ മുഖരിതമായിരുന്ന ആലപ്പുഴ മെഡിക്കൽ കോളേജ് സെൻട്രൽ ലൈബ്രറിക്കുമുന്നിലെ നടുത്തളത്തിൽ ജീവനറ്റ് കിടക്കുന്ന സഹപാഠികളെ കണ്ട് കൂട്ടുകാരും അധ്യാപകരും വിങ്ങിപ്പൊട്ടി.
ദേശീയപാതയിൽ കളർകോട് ചങ്ങനാശേരി ജങ്‌ഷന് സമീപം തിങ്കൾ രാത്രി 9.20നുണ്ടായ വാഹനാപകടത്തിൽ മരിച്ച ആലപ്പുഴ മെഡിക്കൽകോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികൾക്ക് നാട് കണ്ണീരിനാൽ അന്ത്യാഞ്‌ജലിയേകി. തുടർന്ന് പ്രത്യേകം സജ്ജമാക്കിയ ആംബുലൻസുകളിൽ പൊലീസ് അകമ്പടിയോടെ അവരവരുടെ നാടുകളിലേക്ക്.
കണ്ണൂർ സ്വദേശി മുഹമ്മദ് അബ്‌ദുൾ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി പി പി മുഹമ്മദ് ഇബ്രാഹിം, പാലക്കാട് സ്വദേശി ശ്രീദീപ് വത്സൻ എന്നിവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്‌ച സംസ്‌കരിച്ചു. മലപ്പുറം സ്വദേശി ബി ദേവനന്ദൻ, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി എന്നിവരുടെ സംസ്‌കാരം ബുധനാഴ്‌ച നടക്കും. പരിക്കേറ്റ ആറ് പേരിൽ ഒരാൾ ഗുരുതരാവസ്ഥയിലും മൂന്നുപേരുടെ നില ഗുരുതരവുമാണ്.
തിങ്കൾ രാത്രിതന്നെ പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി. രാവിലെ 8.30ന് പോസ്റ്റുമോർട്ടം നടപടി ആരംഭിച്ചു. പകൽ 11.35 ന് ബന്ധുക്കളും സഹപാഠികളും ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വച്ചു. പകൽ 1.15 ന് മൃതദേഹങ്ങൾ അവരവരുടെ നാടുകളിലേക്ക് കൊണ്ടുപോയി
ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ മൃതദേഹം പകൽ 3.30ന് എറണാകുളം മാർക്കറ്റ് റോഡ് സെൻട്രൽ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ശ്രീദീപ് വത്സന്റെ മൃതദേഹം വൈകിട്ട് പാലക്കാട് ശേഖരീപുരം കാവ് സ്‌ട്രീറ്റ് ശ്രീവിഹാറിൽ എത്തിച്ചു. പൊതുദർശനശേഷം ചന്ദ്രനഗർ വൈദ്യുതശ്‌മശാനത്തിൽ സംസ്‌കരിച്ചു. മുഹമ്മദ് അബ്ദുൾ ജബ്ബാറിന്റെ മൃതദേഹം രാത്രി എട്ടിന് കണ്ണുരിലെ വീട്ടിലെത്തിച്ചു. പൊതുദർശനശേഷം മാട്ടൂൽ നോർത്ത് വേദാമ്പ്രം ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ആലപ്പുഴ കാവാലം നെല്ലൂർ വീട്ടിൽ ആയുഷ് ഷാജിയുടെ സംസ്‌കാരം ബുധൻ പകൽ 10ന് വീട്ടുവളപ്പിൽ നടക്കും. ആയുഷിന്റെ മാതാപിതാക്കൾ ഇൻഡോറിൽനിന്ന് കാവാലത്തെ വീട്ടിലെത്തി. മലപ്പുറം കോട്ടയ്‌ക്കൽ ചീനംപുത്തൂർ വൈഷ്‌ണവത്തിൽ ബിനുരാജ്-–-രഞ്ജിമോൾ ദമ്പതികളുടെ മകൻ ബി ദേവനന്ദന്റെ മൃതദേഹം കോട്ടയം മറ്റക്കര കരിമ്പാനിയിലെ അച്ഛന്റെ കുടുംബവീടായ പൂവക്കുളത്ത് (അശ്വതി വിലാസം) വീട്ടിൽ എത്തിച്ചു. സംസ്‌കാരം ബുധൻ പകൽ രണ്ടിന് വീട്ടുവളപ്പിൽ.
ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, പി പ്രസാദ്, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, എംഎൽഎമാരായ എച്ച് സലാം, പി പി ചിത്തരഞ്ജൻ, തോമസ് കെ തോമസ് തുടങ്ങിയവർ പുഷ്പചക്രമർപ്പിച്ചു.
അപകട കാരണം മഴയും
വാഹനത്തിന്റെ പഴക്കവും
ആലപ്പുഴയിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിക്കാനിടയാക്കിയ അപകടത്തിന് കാരണമായത് മഴയും വാഹനത്തിന്റെ കാലപ്പഴക്കവുമെന്ന് അമ്പലപ്പുഴ എൻഫോഴ്‌മെന്റ് ആർടിഒ ആർ രമണൻ. കളർകോട് അപകടം സംഭവിച്ച സ്ഥലത്ത് നടത്തിയ പരിശോധനയ്‌ക്കുശേഷം ‘ദേശാഭിമാനി’യോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അപകടസമയത്ത് മഴയുണ്ടായിരുന്നു. എതിരെയുണ്ടായിരുന്ന കെഎസ്‌ആർടിസി ബസിനെ മറികടന്ന് മറ്റൊരു കാർ വരുന്നുണ്ടായിരുന്നു. ഈ കാറിന് ബസിനെ മറികടക്കാനുള്ള സ്ഥലമുണ്ടായിരുന്നു. എന്നാൽ മഴയിൽ കാഴ്‌ച മറഞ്ഞ് ഈ വാഹനത്തിന് പോകാൻ വേണ്ടത്ര സ്ഥലമില്ലെന്നു കരുതിയാകണം അപകടത്തിൽപ്പെട്ട കാർ ഉടനെ ബ്രേക്കുചെയ്‌തത്. എന്നാൽ എബിഎസ് (ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം) ഇല്ലാത്ത, 14 വർഷം പഴക്കമുള്ള വാഹനം നിൽക്കുന്നതിന് പകരം ചക്രങ്ങൾ ലോക്കായി വണ്ടി തെന്നിനീങ്ങാൻ ഇടയാക്കിയിരിക്കാം. റോഡിന് വലതുവശത്തേക്ക് തെന്നിമാറി ഇടതുവശം ബസിൽ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ വിൻഡ് ഗ്ലാസിന്റെ പഴക്കം കാഴ്ച മറച്ചിരിക്കാം. പഴക്കമുള്ള ഗ്ലാസിൽ വൈപ്പർ ഉണ്ടെങ്കിലും വെള്ളത്തിന്റെ അംശം ബാക്കിയുണ്ടാകാം.
പരമാവധി എട്ടുപേർക്ക് കയറാവുന്ന വണ്ടിയിൽ 11 പേരുണ്ടായിരുന്നു. ഇത് ഇടിയുടെ ആഘാതം വർധിപ്പിച്ചു. നേർക്കുനേരേയുള്ള ഇടിയായിരുന്നെങ്കിൽ അപകടത്തിന്റെ വ്യാപ്‌തി കുറഞ്ഞേനെ. ഇടിയുടെ ആഘാതം എൻജിൻ റൂം താങ്ങുമായിരുന്നു. വാഹന ഉടമയെ വിളിപ്പിച്ചിട്ടുണ്ട്. വാഹനം വാടകയ്‌ക്ക് നൽകിയതാണെന്നാണ് മനസിലാക്കുന്നത്. അംഗീകാരമില്ലാതെ വാഹനം വാടകയ്‌ക്ക് നൽകുന്നത് നിയമവിരുദ്ധമാണ്. ഇക്കാര്യം പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും ആർടിഒ പറഞ്ഞു.
മൂന്നുപേരുടെ
നില ഗുരുതരം
കളർകോട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആറ് മെഡിക്കൽ വിദ്യാർഥികളിൽ മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. വെന്ററിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ആലപ്പുഴ എടത്വാ പള്ളിച്ചിറയിൽ ആൽവിൻ ജോർജ് (20), ചേർത്തല മണപ്പുറത്ത് കൃഷ്ണദേവ് (20), തൃപ്പൂണിത്തുറ പാണ്ടിപ്പറമ്പ് ലക്ഷ്മിഭവനിൽ ഗൗരീശങ്കർ (18), കൊല്ലം പന്മന വെളുത്തേടത്ത് മേക്കാതിൽ മുഹസിൻ മുഹമ്മദ് (20), കൊല്ലം പോരുവഴി മുതുപിലാക്കാട് കാർത്തികയിൽ ആനന്ദ് മനു (19) എന്നിവരാണ് ചികിത്സയിലുള്ളത്.
കൃഷ്ണദേവിന് രാത്രിതന്നെ തലയിൽ ശസ്ത്രക്രിയ നടത്തി. പോളിട്രോമാ കാറ്റഗറിയിൽ ചികിത്സയിലുള്ള ആൽവിന്റെ നില അതീവ ഗുരുതരമാണ്. ആനന്ദ് മനുവിന്റെ അവസ്ഥയിൽ നേരിയ പുരോഗതിയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗൗരി ശങ്കറിന് ഇടത് തുടയെല്ലിന് പൊട്ടലുണ്ട്. മുഹസിന്റെ ഇടതു നെഞ്ചിലും തോൾ എല്ലിനും ക്ഷതമേറ്റിറ്റുണ്ട്.
കാറിലുണ്ടായിരുന്ന തിരുവനന്തപുരം പുതുക്കുറിച്ചി ഷെയ്‌ൻ ലൈനിൽ ഷെയ്‌ൻ ഡൺസ്‌റ്റൻ (20) പരിക്കില്ലാതെ രക്ഷപ്പെട്ടു. പ്രാഥമിക പരിശോധനകൾക്ക് ശേഷം ഷെയ്‌നെ മുറിയിലേക്കുമാറ്റി. അപകടത്തിൽപ്പെട്ട ബസിൽ യാത്ര ചെയ്തിരുന്ന ഷീബ(40)യ്ക്ക് തലയോട്ടിയിൽ പൊട്ടലുണ്ട്. ഇവരും ചികിത്സയിലാണ്. സ്ഥിതി വിലയിരുതറൊൻ ദിവസവും രാവിലെയും വൈകിട്ടും മെഡിക്കൽ ബോർഡ് ചേരും. ക്രിട്ടിക്കൽ കെയർ ടീമിന്റെ സേവനവും ഉറപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.
വിദഗ്‌ധ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്
കളർകോട് വാഹനാപകടത്തിൽ പരിക്കേറ്റ മെഡിക്കൽ വിദ്യാർഥികൾക്ക് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽതന്നെ എല്ലാ ചികിത്സയും ഉറപ്പാക്കുമെന്ന് വീണാ ജോർജ് പറഞ്ഞു. ആറ് വിദ്യാർഥികളാണ് ആശുപത്രിയിലുള്ളത്. ഒരാളുടെ നില ഗുരുതരവും മറ്റൊരാളുടെ നില അതീവഗുരുതരവുമാണ്. ഇവരെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ചികിത്സാ കാര്യങ്ങൾ തീരുമാനിക്കാൻ വകുപ്പുമേധാവികളെക്കൂടി ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗവും ചേർന്നതായി മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..