മങ്കൊമ്പ്
ഒരാഴ്‌ച മുമ്പ് കൊച്ചച്ചൻ സുരേഷിന് നൽകിയ ഉറപ്പുപോലെ ക്രിസ്‌മസ് അവധിയ്‌ക്കല്ല, അതിനു മുമ്പേ കാവാലം നെല്ലൂരിലെ വീട്ടിലേക്ക് ആയുഷ് എത്തി. അച്ഛനും അമ്മയ്‌ക്കും സഹോദരിക്കും ഉറ്റവർക്കുമൊപ്പം അവസാനമായി ഒരുരാത്രികൂടി ചെലവഴിച്ച് ഒടുക്കം ഒന്നും മിണ്ടാതെ മടക്കം. ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച ആദ്യവർഷ മെഡിക്കൽ വിദ്യാർഥി ആയുഷ് ഷാജിക്ക് അന്ത്യയാത്രയേകാൻ കാവാലം ഗ്രാമമൊന്നാകെ എത്തി.
നെല്ലൂരിലെ കുടുംബ വീട്ടിലേക്ക് തോടിന് കുറുകെ താൽക്കാലികമായി നിർമിച്ച പാലം കടന്നെത്തിയവരെല്ലാം ഉള്ളുലയ്‌ക്കുന്ന കാഴ്‌ചയിൽ നെഞ്ചുനീറി. മുത്തച്ഛനെയും മുത്തശ്ശിയെയും സംസ്കരിച്ചതിന് സമീപമാണ് ആയുഷിനും ചിതയൊരുക്കിയത്. ഏകമകന്റെ മൃതദേഹത്തിന് മുന്നിൽ അലറിക്കരഞ്ഞ അച്ഛൻ ഷാജിയെയും അമ്മ ഉഷയെയും സഹോദരി ജിഷയെയും ആശ്വസിപ്പിക്കാൻ എത്തിയവരുടെ തൊണ്ടയിടറി. കണ്ടുനിന്നവരുടെയെല്ലാം കണ്ണുനിറഞ്ഞു. കുടുംബാംഗങ്ങളുടെ വിലാപങ്ങൾക്ക് നടുവിലേക്ക് വണ്ടാനം മെഡിക്കൽ കോളേജിൽനിന്ന് സഹപാഠികളും അധ്യാപകരുമെത്തി. വാവിട്ടുകരഞ്ഞ അമ്മയെയും സഹോദരിയെയും ആശ്വസിപ്പിക്കാൻ കുടുംബാംഗങ്ങൾ പാടുപെട്ടു.
രാവിലെ 9.30ന് സംസ്‌കാരച്ചടങ്ങുകൾ ആരംഭിച്ചു. ഷാജിയുടെ സഹോദരന്മാരുടെ മക്കൾ അന്ത്യകർമങ്ങൾ ചെയ്‌തു. പ്രിയപ്പെട്ടവരുടെയും അടുത്തബന്ധുക്കളുടെയും അന്ത്യചുംബനം ആയുഷിന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങി. കർമങ്ങൾക്ക് ശേഷം പിതൃസഹോദരൻ സതീശിന്റ മകൻ അനന്തു ചിതയ്‌ക്ക് തീകൊളുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..