ആലുവ > ചൂർണിക്കരയിൽ ബിഹാറി ബാലികയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ദാരുണസംഭവത്തിന് ഞായറാഴ്‌ച ഒരാണ്ട് തികയുന്നു. ആലുവ മാർക്കറ്റ് പരിസരത്ത് കൊടുംപീഡനം ഏറ്റുവാങ്ങിയ കുഞ്ഞിന്റെ നിലവിളി ഇന്നും മനുഷ്യസ്‌നേഹികളുടെ നെഞ്ചിൽ നെരിപ്പോടായി പുകയുന്നു. തീരാവേദനയിൽ നീറിക്കഴിയുന്ന കുടുംബത്തിന് ആശ്വസിക്കാനാകെയുള്ളത് അവളുടെ പുഞ്ചിരിയുടെ ഓർമകൾ മാത്രം.
കീഴ്മാട് ശ്മശാനത്തിൽ പൊതുശ്മശാനത്തിൽ ബാലിക അന്ത്യവിശ്രമംകൊള്ളുന്ന ഭാഗത്ത് പൂന്തോട്ടമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത് അധികൃതർ. പഞ്ചായത്ത് പ്രസിഡന്റ് സതി ലാലുവും വൈസ് പ്രസിഡന്റ് സ്നേഹ മോഹനനുമാണ് ഇതിന് മുൻകൈയെടുത്തിട്ടുള്ളത്.
2023 ജൂലൈ 28നാണ് ബിഹാർ സ്വദേശിയായ അസ്‍ഫാക് ആലം (29) അഞ്ചുവയസ്സുകാരിയെ ആലുവ മാർക്കറ്റ് പരിസരത്തേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മണിക്കൂറുകൾക്കകം പിടിയിലായ അസ്‍ഫാക് ആലം വധശിക്ഷ കാത്ത് ജയിലിലാണ്. 35-ാംദിവസം കുറ്റപത്രം സമർപ്പിച്ച് 109-ാംദിവസം പ്രതിക്ക് വധശിക്ഷ വിധിക്കാന്‍ പൊലീസിന്റെയും സർക്കാരിന്റെയും ഇടപെടലിലൂടെ കഴിഞ്ഞു. കോടതിവിധിയിൽ കുടുംബം സംതൃപ്തരാണെങ്കിലും എത്രയുംവേഗം ശിക്ഷ നടപ്പാക്കണമെന്ന് കുട്ടിയുടെ അമ്മ ആവശ്യപ്പെടുന്നു.
ബാലികയുടെ കുടുംബത്തിന് അടിയന്തരസഹായമായി ആരോഗ്യവകുപ്പ് ഒരുലക്ഷവും സംസ്ഥാന സർക്കാർ പത്തുലക്ഷവും നൽകി. കെട്ടിടനിർമാണ ക്ഷേമനിധി ബോർഡ് മൂന്നുലക്ഷം നൽകി. ദുരന്തത്തിനുശേഷം ജനപ്രതിനിധികൾ ഇടപെട്ട് പുളിഞ്ചോടിനുസമീപത്തെ വാടകവീട്ടിൽനിന്ന് ചൂർണിക്കരയിലെ സുരക്ഷിതമായ മറ്റൊരു വീട്ടിലേക്ക് കുടുംബത്തെ മാറ്റി താമസിപ്പിച്ചിരുന്നു. വീട്ടുടമ വീട് മറ്റൊരാൾക്ക് വിറ്റതിനാൽ ആ വീട് ഒഴിയേണ്ട അവസ്ഥയാണ്. പുതിയ വീട് കണ്ടെത്താൻ ഇനിയുമായിട്ടില്ല.
കൊടുംക്രൂരത നടന്ന് ഒരുവര്‍ഷം പിന്നിടുമ്പോഴും കുറ്റകൃത്യം നടന്ന ആലുവ മാർക്കറ്റ് ഇപ്പോഴും പഴയപടിതന്നെ. നഗരഭരണത്തിന്റെ പിടിപ്പുകേടിൽ ദുർഗന്ധം വമിക്കുന്ന മാലിന്യക്കൂനയാണ് ഈ മാര്‍ക്കറ്റ്. മാർക്കറ്റിനുപിന്നിൽ പുഴയോട് ചേർന്ന മാലിന്യക്കൂമ്പാരത്തിലാണ് ബാലിക പീഡനത്തിന് ഇരയായത്. മൃതദേഹം ഒളിപ്പിച്ചതും അവിടെത്തന്നെ. കൂമ്പാരമായി കിടക്കുന്ന മാലിന്യത്തില്‍ കാടും ചെടികളും വളർന്ന് പരിസരം ഭീതിജനകമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..