07 September Saturday

ഫൈവ് സ്റ്റാര്‍ ഹോട്ടലല്ല, പൊലീസ് സ്റ്റേഷനാണ്; ആലുവയില്‍ മൂന്നുനില കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Monday Feb 1, 2021

ആലുവ > ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെയും റൂറല്‍ പൊലീസ് കമാന്‍ഡ് കണ്‍ട്രോള്‍ റൂമിന്റെയും കെട്ടിടങ്ങള്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. ആലുവയില്‍ പ്രത്യേക പരിപാടിയും സംഘടിപ്പിക്കും.

സംസ്ഥാന സര്‍ക്കാര്‍ 2.52 കോടി രൂപ ചെലവിട്ടാണ് 9,850 ചതുരശ്രയടിയില്‍ ആധുനിക രീതിയിലുള്ള പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.  പൊതുജനങ്ങള്‍ക്കും പൊലീസുകാര്‍ക്കും കൂടുതല്‍ സൗകര്യങ്ങളോടെയാണ് മൂന്നുനിലകളിലുള്ള  കെട്ടിടം ഒരുക്കിയിട്ടുള്ളത്. ജീര്‍ണാവസ്ഥയും സ്ഥലപരിമിതിയും നേരിട്ടതിനാല്‍ പഴയ കെട്ടിടം പൊളിച്ചുമാറ്റുകയായിരുന്നു.  

2019 ഏപ്രില്‍ അവസാനമാണ് കെട്ടിടംപണി ആരംഭിച്ചത്. ആലുവ മൂന്നാര്‍ റോഡില്‍നിന്ന് സ്റ്റേഷന്റെ അകത്തേക്ക് പ്രവേശിച്ച് സബ്ജയില്‍ റോഡിലൂടെ പുറത്തേക്ക് പോകുന്ന രീതിയിലാണ് രൂപകല്‍പ്പന. ജയില്‍മുറികള്‍ ഉള്‍പ്പെടെ സ്റ്റേഷനും പരിസരപ്രദേശങ്ങളും പൂര്‍ണമായും സിസിടിവി നിരീക്ഷണത്തിലാണ്.

താഴത്തെ നിലയിലാണ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്കുള്ള വിശ്രമമുറിയും റിസപ്ക്ഷനും. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, എസ്‌ഐ എന്നിവര്‍ക്കായി  പ്രത്യേക മുറിയും ഒരുക്കിയിട്ടുണ്ട്. ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനവുമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ട്രാന്‍സ് ജന്‍ഡേഴ്‌സിനുമായി മൂന്ന് ജയില്‍മുറികളും താഴത്തെ നിലയില്‍ തയ്യാറാക്കിയിട്ടുണ്ട്.

1107 ചതുരശ്രയടിയില്‍ അടുക്കള കാന്റീന്‍ സൗകര്യങ്ങളും സജ്ജീകരിച്ചിരിക്കുന്നു.  വികലാംഗര്‍ക്ക് പ്രത്യേക സംവിധാനങ്ങളോടെ ശുചിമുറികളും ഉണ്ട്. ഒന്നാമത്തെ നിലയില്‍ ആധുനിക കോണ്‍ഫറന്‍സ് ഹാളും കമ്യൂണിറ്റി പൊലീസിനായി പ്രത്യേക മുറിയും സീനിയര്‍ എസ്‌ഐ, ഹെഡ് കോണ്‍സ്റ്റബിള്‍ എന്നിവര്‍ക്കായുള്ള ഓഫീസ് സംവിധാനവും ഒരുക്കിയിരിക്കുന്നു. ഇന്‍വെസ്റ്റിഗേഷന്‍, സാക്ഷി, റെക്കോഡുകള്‍, തൊണ്ടിവസ്തുക്കള്‍ എന്നിവയ്ക്കും പ്രത്യേക മുറികളുണ്ട്. രണ്ടാംനിലയില്‍ പൊലീസുകാര്‍ക്ക് വിശ്രമമുറിയും സിസിടിവി, സ്റ്റോര്‍, മോട്ടോര്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് എന്നിവയ്ക്കായുള്ള സൗകര്യങ്ങളുമുണ്ട്. കൂടാതെ ഫയര്‍ എസ്‌കേപ്പ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

റൂറല്‍ പൊലീസ് കമാന്‍ഡ് കണ്‍ട്രോള്‍ റൂം കെട്ടിടം

റൂറല്‍ പൊലീസ് കമാന്‍ഡ് കണ്‍ട്രോള്‍ റൂം കെട്ടിടം



റൂറല്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂം കെട്ടിടം രണ്ടുനിലകളിലായി രണ്ടായിരത്തോളം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ്  ഒരുക്കിയിട്ടുള്ളത്. ട്രാഫിക് സ്റ്റേഷന് സമീപം പ്രവര്‍ത്തിച്ചിരുന്ന റൂറല്‍ ജില്ലാ കണ്‍ട്രോള്‍ റൂമാണ് എസ്പി ഓഫീസിന് സമീപത്തേക്ക് മാറ്റിയിരിക്കുന്നത്. എസ്എച്ച്ഒ, കോണ്‍ഫറന്‍സ് ഹാള്‍, സിസ്റ്റം റൂം, വനിതാ - പുരുഷ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം മുറികള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. അത്യാഹിത നമ്പറായ 112ലേക്ക് വരുന്ന കോളുകള്‍ റൂറല്‍ പൊലീസ് ജില്ലയില്‍ ഏകോപിപ്പിക്കുന്നത് ഇവിടെനിന്നാണ്. എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം (ഇആര്‍എസ്എസ് ) വഴി റൂറല്‍ ജില്ലയിലെ 15 കണ്‍ട്രോള്‍ റൂം വാഹനങ്ങളിലേക്ക് ആവശ്യമായ നിര്‍ദേശം നല്‍കുന്നതും ഇവിടെനിന്നാണ്. എംഡിടി ടാബ് സംവിധാനംവഴി വാഹനങ്ങളെല്ലാം ബന്ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വാഹനങ്ങളുടെ ചലനവും നിരീക്ഷിക്കാന്‍ സാധിക്കും. റൂറല്‍ ജില്ലയിലെ ഹൈവേ പെട്രോളിങ്, പിങ്ക് പൊലീസ് എന്നിവയുടെ നിയന്ത്രണവും ഇവിടെനിന്നാണ്.

വ്യത്യസ്തമായ ഷിഫ്റ്റുകളിലായി 156 പേരാണ് ഈ സെക്ഷന് കീഴില്‍ ജോലി ചെയ്യുന്നത്. റൂറല്‍ പൊലീസ് ആസ്ഥാനമായ ആലുവ നഗരത്തില്‍ സ്ഥാപിച്ച 70 സിസിടിവി ക്യാമറകള്‍ നിരീക്ഷിക്കുന്നതും കണ്‍ട്രോള്‍ റൂമില്‍വച്ചാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top