തിരുവനന്തപുരം
നിർദിഷ്ട ആലുവ–- മൂന്നാർ നാലുവരിപ്പാത നടപ്പാക്കുമ്പോൾ വിവിധ മതവിഭാഗങ്ങളുടെ ശ്‌മശാനങ്ങൾ പൊളിക്കേണ്ടതില്ലെന്ന് കിഫ്‌ബി ഉന്നതതലയോഗത്തിൽ തീരുമാനം. കിഫ്‌ബി ആസ്ഥാനത്ത് എംഎൽഎമാരായ പി വി ശ്രീനിജിൻ, ആന്റണി ജോൺ, എൽദോസ് കുന്നപ്പിള്ളി എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ആരാധനാലയങ്ങളും കടകളും വീടുകളും പരമാവധി സംരക്ഷിക്കാൻ ശ്രദ്ധിച്ചുകൊണ്ടുള്ള അലൈൻമെന്റാണ് പാതയുടേതെന്ന് കിഫ്‌ബി അധികൃതർ വിശദീകരിച്ചു. പാതയുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകത ആന്റണി ജോൺ യോഗത്തിൽ ഉന്നയിച്ചു. ഖബർസ്ഥാനുകൾ ഉള്ള ഭാഗങ്ങളിൽ ഇവ പൊളിക്കാതെതന്നെ പരമാവധി ടാറിങ് വീതിയായ 15.5 മീറ്റർ ഉറപ്പുവരുത്താൻ കഴിയുമെന്ന് യോഗം വിലയിരുത്തി. ഇവിടങ്ങളിൽ മീഡിയൻ, നടപ്പാത എന്നിവയുടെ വീതി കുറയ്‌ക്കും.
തെക്കേ വാഴക്കുളം തടിയിട്ടപറമ്പ് മുസ്ലീം ജമാഅത്ത് പള്ളിയുടെ ഖബർസ്ഥാൻ വരുന്ന ഭാഗം സംരക്ഷിക്കുന്ന തരത്തിൽ രൂപരേഖയിൽ മാറ്റം വരുത്താനുള്ള പി വി ശ്രീനിജിൻ എംഎൽഎയുടെ ആവശ്യം യോഗം അംഗീകരിച്ചു. കിഫ്ബി സിഇഒ ഡോ. കെ എം എബ്രഹാം, അഡീഷണൽ സിഇഒ മിനി ആന്റണി, കെ പി പുരുഷോത്തമൻ, പി എ ഷൈല എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..