22 December Sunday

പട്ടികവർഗ കുടുംബത്തിന്റെ വീട് ജപ്തി ; ഒടുവിൽ ബാങ്ക് വഴങ്ങി , തുക ഗഡുക്കളായി അടയ്ക്കാം

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024


ആലുവ
പ്രതിഷേധം ശക്തമായതോടെ, ഭിന്നശേഷിക്കാരനുൾപ്പെടുന്ന പട്ടികവർഗ കുടുംബത്തിന്റെ വീട്‌ ജപ്തിചെയ്ത നടപടിയിൽനിന്ന്‌ യുഡിഎഫ് ഭരിക്കുന്ന ആലുവ അർബൻ സഹകരണ ബാങ്ക് പിന്മാറുന്നു. വായ്പ ഗഡുക്കളായി തിരിച്ചടയ്ക്കാൻ അവസരമൊരുക്കാമെന്ന്‌ വ്യാഴാഴ്‌ച ബാങ്ക് അധികൃതർ കുടുംബത്തെ അറിയിച്ചു. കണക്കുകൾ പരിശോധിക്കാനും തിരിച്ചടവ്‌ ചർച്ച ചെയ്യാനും വെള്ളി രാവിലെ 10ന് കുടുംബത്തിന്‌ സൗകര്യമൊരുക്കും.

ആലുവ ചാലക്കൽ എംഎൽഎ പടിയിൽ താമസിക്കുന്ന കുഴിക്കിട്ടുമാലി കെ കെ വൈരമണിയുടെ അഞ്ചുസെന്റും വീടുമാണ് ബുധൻ പകൽ 2.30ന് അർബൺ ബാങ്ക് അധികൃതർ ജപ്തി ചെയ്തത്.  വൈരമണിയും ഭിന്നശേഷിക്കാരനായ മകൻ വിജേഷും ഉൾപ്പെട്ട കുടുംബത്തിന് സഹകരണമന്ത്രി വി എൻ വാസവൻ ഇടപെട്ട്‌ ബുധൻ രാത്രിതന്നെ വീട് തുറന്നുകൊടുത്തിരുന്നു.

കെപിസിസി ജനറൽ സെക്രട്ടറി ബി എ അബ്ദുൾ മുത്തലിബ്‌ പ്രസിഡന്റായ അർബൻ ബാങ്കിൽനിന്ന്‌ 2017ൽ 9,99,600 രൂപയാണ് വൈരമണി വസ്തു ഈടിന്മേൽ വായ്പ എടുത്തത്. ഇതിൽ 5,36,850 രൂപമാത്രമാണ്‌ തിരിച്ചടച്ചതെന്നാണ്‌ ബാങ്കിന്റെ വാദം. എന്നാൽ,  മൂന്നുവർഷംകൂടി കാലാവധിയുള്ളപ്പോൾ ഒമ്പതുലക്ഷം തിരിച്ചടച്ചതായി വ്യാഴാഴ്ച ബാങ്ക് സമ്മതിച്ചെന്ന്‌ വൈരമണി പറയുന്നു. 13 ലക്ഷംകൂടി അടയ്ക്കണമെന്നാണ്‌ ആവശ്യം. ഈ തുക അടയ്ക്കാൻ വഴിയില്ല. ആലുവ റെയിൽവേ സ്റ്റേഷനുസമീപം നടത്തുന്ന ആദായക്കട നഷ്ടത്തിലാണ്. വായ്പ തുകയിൽ 2.5 ശതമാനം കൂടുതൽ പലിശ ഈടാക്കി. ഇത് ചോദ്യംചെയ്തെങ്കിലും മറുപടി തന്നില്ല. അക്കൗണ്ടിൽനിന്ന്‌ 34,500 രൂപ അനുവാദമില്ലാതെ എടുത്തെന്നും വൈരമണി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top