09 November Saturday

ജീവന്‌ വിലനൽകാതെ റെയിൽവേ; റിപ്പോർട്ട്‌ 
നൽകുന്നതിലും 
അനാസ്ഥ

സ്വന്തം ലേഖികUpdated: Monday Jul 15, 2024
തിരുവനന്തപുരം > ആമയിഴഞ്ചാൻ തോട്ടിലിറങ്ങിയ ശുചീകരണത്തൊഴിലാളി ഒഴുകിപ്പോയ സംഭവത്തിൽ സബ്‌ കലക്ടർ റിപ്പോർട്ട്‌ തേടിയിട്ടും മറുപടി നൽകാതെ അനാസ്ഥ തുടർന്ന്‌ റെയിൽവേ. ജോയിയുടെ ജീവനായി അഗ്നിശമന സേനയും സ്‌കൂബാ ഡൈവർമാരും നഗരസഭാ ശുചീകരണത്തൊഴിലാളികളും ശനി രാവിലെമുതൽ രക്ഷാപ്രവർത്തനത്തിലാണ്‌. മന്ത്രിയും മേയറും എംഎൽഎമാരും ഉദ്യോഗസ്ഥരുമടക്കം കൃത്യമായി സംഭവസ്ഥലത്തെത്തിയപ്പോഴും റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നില്ല. ഞായർ രാവിലെ ആറിന്‌ ആരംഭിച്ച തിരച്ചിലിൽ മൂന്ന്‌, നാല്‌ പ്ലാറ്റ്‌ഫോമുകൾക്കിടയിലെ മാൻഹോൾ തുറന്ന്‌ രണ്ടു സ്‌കൂബാ ഡൈവർമാർ ഇറങ്ങിയപ്പോഴും നാലാം ട്രാക്കിൽ നിരന്തരം ട്രെയിൻ വന്നുകൊണ്ടിരുന്നത്‌ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. ട്രാക്കുകൾ ഒഴിവുണ്ടായിട്ടും ആവശ്യമായ ക്രമീകരണം നടത്താൻ റെയിൽവേ തയ്യാറായില്ല. തങ്ങളുടെ പ്രദേശത്തെ മാലിന്യനീക്കച്ചുമതല റെയിൽവേ പൊതുമരാമത്ത്‌ വിഭാഗത്തിനായിരുന്നു. എന്നാൽ, മെക്കാനിക്കൽ വിഭാഗം എൻജിനിയർമാർ മാത്രമാണ്‌ ഇവിടേക്കെത്തിയത്‌. 
 
സ്‌റ്റേഷനിലെ ശുചിമുറികളിൽനിന്നടക്കമുള്ള മാലിന്യം പൈപ്പുവഴി ടണലിലേക്ക്‌ ഒഴുക്കിവിടുന്നതും കാണാനായി. പ്ലാറ്റ്‌ഫോമിൽനിന്നടക്കം പൈപ്പുകൾ ടണലിലേക്ക്‌ കൂട്ടിച്ചേർത്തിട്ടുണ്ടെന്നാണ്‌ നിഗമനം. മലിനജലവും ട്രെയിനിൽനിന്ന്‌ ശേഖരിക്കുന്ന പ്ലാസ്റ്റിക്‌ മാലിന്യവും അടക്കം റെയിൽവേ അധികൃതരുടെ അനുവാദത്തോടെയാണ്‌ തോട്ടിലേക്ക്‌ തള്ളുന്നത്‌. പവർഹൗസ്‌ കവാടത്തിന്റെ ഭാഗത്തേക്ക്‌ തുറക്കുന്ന തോട്ടിലേക്ക്‌ ശുചിമുറിമാലിന്യം തുടർച്ചയായി വീഴുന്നതും സ്ഥിരം കാഴ്‌ചയാണ്‌. മനുഷ്യവിസർജ്യം അടക്കം പൈപ്പുവഴി തള്ളുന്നുണ്ട്‌. സംരക്ഷണഭിത്തിയുടെ വശത്തുള്ള ദ്വാരം വഴിയും റെയിൽവേമാലിന്യം തൊട്ടിലേക്ക്‌ ഒഴുകിയെത്തുന്നു. ട്രെയിനുകളിൽനിന്ന്‌ ശേഖരിക്കുന്ന വിസർജ്യം, മാലിന്യം എന്നിവയും തള്ളുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top