22 December Sunday

ആമയിഴഞ്ചാൻ ശുചീകരണം; 600 സ്ഥാപനങ്ങൾക്ക് നോട്ടീസ്

സ്വന്തം ലേഖികUpdated: Monday Aug 5, 2024

തിരുവനന്തപുരം> ആമഴിഞ്ചാൻ തോടിന് നൂറ് മീറ്റർ ചുറ്റളവിൽ മാലിന്യനിർമ്മാർജനത്തിൽ വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി കോർപ്പറേഷൻ. നിലവിൽ 600 സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. മാലിന്യ സംസ്കരണ രീതി എങ്ങനെയാണെന്ന ഒരാഴ്ചക്കകം കോർപ്പറേഷനെ അറിയിക്കണമെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം. 1600 സ്ഥാപനത്തിന് നോട്ടീസ് നൽകാനാണ് തീരുമാനം. സ്വകാര്യ ആശുപത്രികൾ, ഫ്ലാറ്റുകൾ, പരീക്ഷാ പരിശീലന സ്ഥാപനങ്ങൾ, ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ നോട്ടീസ് നൽകിയവയിൽ ഉൾപ്പെടും.

കെഎസ്ആർടിസി തമ്പാനൂർ ടെർമിനലിനും നോട്ടീസ് നൽകി. ബസ് സ്റ്റേഷനിൽ മാലിന്യ സംസ്ക്കരണം ശരിയായ രീതിയിലല്ലെന്നും സ്റ്റാൻഡിനൊപ്പമുള്ള യാർഡിൽ ബസുകൾ കഴുകുന്ന വെള്ളവും ടെർമിനലിലെ കടകളിലെ മാലിന്യവും ആമയിഴഞ്ചാൻ തോട്ടിലേക്കു നേരിട്ട് ഒഴുക്കുന്നത് സ്ക്വാഡ് കണ്ടെത്തിയിരുന്നു. അജൈവ മാലിന്യം ​ഹരിതകർമ്മ സേനയ്ക്കാണ് നൽകുന്നതെന്നും വലിയ രീതിയിലെ മാലിന്യസംസ്കരണ സംവിധാനം ഒരുക്കാൻ ഫണ്ടിന്റെ അപര്യാപ്തതയുണ്ടെന്നും കെഎസ്ആർടിസി മറുപടി നൽകി.

രാജാജി നഗറിലെ മാലിന്യ നിർമ്മാർജന സംവിധാനം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച കോർപ്പറേഷന്റെ നേതൃത്വത്തിൽ പ്രത്യേക യോഗവും ചേരും. മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിലാണ് യോ​ഗം. രാജാജി ന​ഗറിൽ‌ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നത് കോർപ്പറേഷന്റെ പരി​ഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട് എൻജിനീയറിങ് വിഭാ​ഗവും മേയർ ആര്യാ രാജേന്ദ്രനും കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top