തിരുവനന്തപുരം > വർക്കലയിൽ ആംബുലൻസ് ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ നാല് പേരെ വർക്കല പൊലീസ് പിടികൂടി. പെരുംകുളം കീഴാറ്റിങ്ങൽ സ്വദേശി സബീൽ (24), കായിക്കര നിതിൻ (26), മണനാക്ക് സ്വദേശി ഷിനാസ് (26), മേലാറ്റിങ്ങൽ സ്വദേശി അമൽ അശോകൻ (26) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ആംബുലൻസ് ഡ്രൈവർ ചെറുകുന്നം സ്വദേശി അജ്മൽ(25) നാണ് കുത്തേറ്റത്. അജ്മലിന് ഒപ്പമുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർമാരായ ഉമേഷ് (23), സജീർ (23) എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഞായറാഴ്ച രാത്രി 10.30 ഓടെ വർക്കല താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയുടെ മുന്നിലാണ് സംഭവം. കൈക്ക് മുറിവേറ്റ് ചികിത്സയ്ക്കായി എത്തിയ നാലംഗ സംഘം ഹോസ്പിറ്റൽ കാഷ്വാലിറ്റിയുടെ മുന്നിൽ മൊബൈൽ നോക്കി ഇരിക്കുകയായിരുന്ന ആംബുലൻസ് ഡ്രൈവർമാരോട് അവിടെ നിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടായി. തുടർന്ന് സംഘം ഡ്രൈവർമാരെ ആക്രമിക്കുകയും സംഘത്തിൽ ഉണ്ടായിരുന്ന സബീൽ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് അജ്മലിന്റെ മുതുകിൽ കുത്തുകയുമായിരുന്നു. ശേഷം ഇവർ ബൈക്കുകളിൽ കയറി രക്ഷപ്പെടുകയും ചെയ്തു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പരിക്കേറ്റ മൂന്ന് പേരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..