14 November Thursday

അമ്പൂരി ഏകാധ്യാപക വിദ്യാലയത്തെ സംബന്ധിച്ച വാർത്തകൾ വാസ്‌തവ വിരുദ്ധം: മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Jun 2, 2022

തിരുവനന്തപുരം > അമ്പൂരി അഗസ്‌ത്യയ ഏകാധ്യാപക വിദ്യാലയത്തെ സംബന്ധിച്ച സമൂഹ മാധ്യമ വാർത്തകൾവാസ്‌തവ വിരുദ്ധമാണെന്ന്‌ മന്ത്രി വി ശിവൻകുട്ടി. 18500 രൂപ ഓണറേറിയത്തിൽ വിദ്യാ വോളണ്ടിയർ ആയി സേവനം അനുഷ്‌ടിച്ച കെ ആർ ഉഷാകുമാരിയെ യോഗ്യതയുടെ അടിസ്ഥാനത്തിലും, അവരുടെ സമ്മതത്തോടെയും 23000 - 50200 രൂപ ശമ്പള സ്‌കെ‌യിലിൽ പേരൂർക്കട പിഎസ്എൻഎം ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ പിടിസിഎം ആയി നിയമനം നൽകി ജോലി സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് ചെയ്‌തത്. അമ്പൂരി കുന്നത്തുമല അഗസ്‌ത്യ  ഏകാധ്യാപക വിദ്യാലയത്തിൽ പ്രൈമറി വിഭാഗത്തിൽ ഏഴ് വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. ഈ വിദ്യാർത്ഥികളെ പുരളിമല ട്രൈബൽ എൽപിഎസ് സെൻറ് ജോർജ് എൽപിഎസ് അമ്പൂരി എന്നീ സ്‌കൂളുകളിൽ പഠിപ്പിക്കുന്നതിന് സൗകര്യം ഉറപ്പു വരുത്തിയിട്ടുണ്ട്. വ‌സ്‌തുതകൾ ഇതായിരിക്കെ ഇതുസംബന്ധിച്ച സമൂഹമാധ്യമങ്ങളിലെ വാർത്തകൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്ന് മന്ത്രി ശ്രീ വി ശിവൻകുട്ടി അറിയിച്ചു.

യാത്രാസൗകര്യം തീരെ ഇല്ലാത്തതും വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന ഒറ്റപ്പെട്ട തീരപ്രദേശങ്ങളിലെയും വന മേഖലകളിലെയും വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് 1997 ഡിപിഇപിപദ്ധതിയിൽ രൂപം കൊടുത്തതാണ് ഏകാധ്യാപക വിദ്യാലയങ്ങൾ . 2021 വരെ 11 ജില്ലകളിൽ  270 ഏകാധ്യാപക വിദ്യാലയങ്ങളിൽ 3818 വിദ്യാർഥികളായിരുന്നു പഠനം നടത്തിയിരുന്നത്. ഈ വിദ്യാലയങ്ങളിൽ അധ്യാപനത്തിന് അതാത് പ്രദേശങ്ങളിൽ ഏറ്റവും വിദ്യാഭ്യാസ യോഗ്യതയുള്ള വരെ വിദ്യാവോളണ്ടിയർമാരായി  താൽക്കാലികമായി നിയമിച്ചു. 344 വിദ്യാവോളണ്ടിയർ മാരാണ് ഇത്തരത്തിൽ നിയമിക്കപ്പെട്ടത് .ഇവർക്ക് ഓണറേറിയം ആയി 18500 രൂപയാണ് നൽകിയിരുന്നത്.

പൊതു വിദ്യാലയങ്ങൾ ഹൈടെക് ആയി മാറുകയും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളോടെ മികവിന്റെ കേന്ദ്രങ്ങളായി മാറുകയും ചെയ്‌തു. ഈ സാഹചര്യത്തിൽ ഒരു സൗകര്യവും ഇല്ലാത്ത ഏകാധ്യാപക വിദ്യാലയങ്ങളിലെ കുട്ടികൾക്കും ഇക്കാര്യങ്ങൾ അനുഭവ വേദ്യമാകേണ്ടതുണ്ട് .
അതിനാൽ തൊട്ടടുത്ത പ്രൈമറി സ്‌കൂളുകളിൽ എത്തിച്ചേരാൻ സാധിക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങളിലെ വിദ്യാർഥികളെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും  ഗോത്രവർഗ്ഗ വകുപ്പിന്റെയും സഹായത്തോടെയും സ്‌കൂളുകളിൽ എത്തിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് മുൻകൈയെടുത്തു. തൊട്ടടുത്ത എൽപി സ്‌കൂളുകളിൽ കുട്ടികളെ ഗതാഗതമാർഗം എത്തിക്കാൻ കഴിയും എന്ന് പഠനറിപ്പോർട്ടിന്റെയും ഇത് ഉറപ്പുവരുത്തിയതിന്റെയും അടിസ്ഥാനത്തിൽ 243 ഏകാധ്യാപക വിദ്യാലയങ്ങൾ പൂട്ടാനുംഇത്തരത്തിൽ സൗകര്യമില്ലാത്ത ബാക്കി 27 ഏകാധ്യാപക വിദ്യാലയങ്ങൾ തുടർന്നു പോകാനും ഗവൺമെൻറ് തീരുമാനിച്ചു.

ഈ ഏകാധ്യാപക വിദ്യാലയങ്ങളിലെ വിദ്യാ വോളണ്ടിയർമാരെ അവർക്ക് ആദ്യം നിയമനം നൽകിയ സീനിയോറിറ്റിയുടെയും അവരുടെ സമ്മതത്തിന്റെയും അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ 23000 -50200 ശമ്പളസ്കെയിൽ പിടിസിഎം/എഫ്‌ടിഎം തസ്‌തികയിൽ സ്ഥിര നിയമനം നടത്തി ജോലി സുരക്ഷിതത്വം ഉറപ്പാക്കിയതായും മന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top