കോഴിക്കോട് > അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി രോഗം അതിജീവിച്ച് ജീവിതത്തിലേക്ക്. തിക്കോടി സ്വദേശിയായ 14 കാരനാണ് 21 ദിവസത്തെ ചികിത്സയ്‌ക്കുശേഷം തിങ്കളാഴ്‌ച ആശുപത്രി വിടുന്നത്. പിസിആർ പരിശോധനയിൽ രോഗം സ്ഥിരീകരിച്ച് രോഗവിമുക്തി നേടുന്ന ആദ്യ കുട്ടിയാണിതെന്ന് ആരോഗ്യ വിദഗ്‌ധർ പറഞ്ഞു. നെഗ്ലേരിയ ഫൗലെറിയ വിഭാഗത്തിൽപ്പെട്ട അമീബയായിരുന്നു രോഗകാരി.
രോഗലക്ഷണങ്ങൾ കണ്ട ആദ്യദിനംതന്നെ അമീബിക് മസ്‌തിഷ്‌ക ജ്വരമെന്ന സാധ്യത കണ്ട് ചികിത്സ തുടങ്ങിയതാണ് ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായത്. സ്വകാര്യ ആശുപത്രിയിലായിരുന്ന കുട്ടിയുടെ ചികിത്സയ്‌ക്കായി ആരോഗ്യവകുപ്പ് ഇടപെട്ട് ജർമനിയിൽനിന്ന് മിൽട്ടി ഫോസിൻ എന്ന മരുന്ന് എത്തിച്ചിരുന്നു.
തിക്കോടിയിലെ കുളത്തിൽ കുളിച്ച ഈ കുട്ടിക്ക് അപസ്‌മാര ലക്ഷണത്തെ തുടർന്ന് വടകര ആശുപത്രിയിലാണ് ആദ്യം ചികിത്സതേടിയത്. അമീബിക് മസ്‌തിഷ്‌ക ജ്വര ലക്ഷണമെന്ന സംശയത്തിൽ ഡോക്ടർമാർ ഉയർന്ന ചികിത്സാ സംവിധാനങ്ങളുള്ള ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. മണിക്കൂറുകൾക്കകം ചികിത്സ തുടങ്ങിയിരുന്നു. കൂടെ കുളിച്ച മറ്റൊരു കുട്ടിയും ആശങ്കമൂലം ചികിത്സ തേടിയിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായി.
ഇതുവരെ ഒമ്പത് കുട്ടികളാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് മരിച്ചത്. ഈ വർഷംമാത്രം ഇതിനകം മൂന്ന് കുട്ടികളുടെ ജീവൻ നഷ്‌ടപ്പെട്ടു. 2016 ൽ ആലപ്പുഴയിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ കണ്ണൂർ സ്വദേശിയായ കുട്ടി കോഴിക്കോട്ട് ചികിത്സയിലുണ്ട്.
അതിനിടെ അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കണ്ണൂരിൽനിന്നുള്ള മൂന്നുവയസ്സുള്ള കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. രണ്ട് ദിവസംമുമ്പാണ് കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്ക് മാറ്റിയത്. വെന്റിലേറ്ററിലാണുള്ളത്.
ദിവസങ്ങൾക്കുമുമ്പ് കുട്ടി ഒരു വെള്ളച്ചാട്ടത്തിനുതാഴെ കുടുംബത്തിനൊപ്പം കുളിച്ചിരുന്നു. തുടർന്നാണ് ലക്ഷണങ്ങൾ കണ്ടത്. മരുന്നുകളോട് ചെറിയ രീതിയിൽ പ്രതികരിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..