22 November Friday

നിയമവിദ്യാർഥിനിയുടെ കൊലപാതകം :
 സുപ്രീംകോടതി സ്‌റ്റേ സ്വാഭാവികനടപടി

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024



കൊച്ചി
പെരുമ്പാവൂരിൽ നിയമവിദ്യാർഥിനി കൊല്ലപ്പെട്ട കേസിലെ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്‌റ്റേ ചെയ്‌ത സുപ്രീംകോടതി വിധി ഇത്തരം കേസുകളിലെ സ്വാഭാവികനടപടിമാത്രമെന്ന്‌ നിയമവൃത്തങ്ങൾ. ഹൈക്കോടതി വധശിക്ഷ വിധിച്ച കേസുകളിൽ അപ്പീൽ നൽകിയാൽ വിധിയുടെ എല്ലാ വശങ്ങളും സുപ്രീംകോടതി വിശദമായി പരിശോധിക്കും. അപ്പീലിൽ വാദം കേൾക്കൽ പൂർത്തിയാക്കി അന്തിമതീരുമാനം എടുക്കുന്നതുവരെയാണ്‌ സ്‌റ്റേ.  വിചാരണക്കോടതി വിധിയിൽ ഹൈക്കോടതി നടത്തിയ പരിശോധനകൾതന്നെയാണ്‌ സുപ്രീംകോടതിയും നടത്തുന്നത്‌. അത്‌ പൂർത്തിയാക്കി കഴിഞ്ഞ മെയ്‌ 20നാണ്‌ ഹൈക്കോടതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ചത്‌. തുടർന്ന്‌ അമീറുൾ നൽകിയ അപ്പീലിലാണ്‌ ഇപ്പോൾ സ്‌റ്റേ ഉത്തരവ്‌.

2017 ഡിസംബർ 14നാണ്‌ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്‌ ജഡ്‌ജി എൻ അനിൽകുമാർ പ്രതിക്ക്‌ വധശിക്ഷ വിധിച്ചത്‌. തുടർന്ന്‌ വിധി ചോദ്യംചെയ്‌ത്‌ പ്രതി ഹൈക്കോടതിയിൽ അപ്പീൽ നൽകി. പ്രതിയുടെ കുടുംബപശ്ചാത്തലം, ജയിലിലെ പെരുമാറ്റം, കുറ്റവാസന എന്നിവ പരിശോധിക്കാൻ 2023 മേയിൽ ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായാണ്‌ ഇത്തരത്തിൽ മിറ്റിഗേഷൻ എൻക്വയറിക്ക്‌ ഉത്തരവായത്‌. വനിതാ അഭിഭാഷകയെ കമീഷനായി നിയോഗിച്ചു.

പ്രതിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ട്‌ വിശദമായ റിപ്പോർട്ടാണ്‌ അഭിഭാഷക കമീഷൻ സമർപ്പിച്ചത്‌. ശിക്ഷയിളവ്‌ നൽകാവുന്ന ഘടകങ്ങളൊന്നും കണ്ടെത്താനായില്ലെന്നായിരുന്നു റിപ്പോർട്ട്‌. പ്രതിയുടെ പെരുമാറ്റരീതികളെക്കുറിച്ച്‌ ജയിൽ ഡിജിപിയുടെ റിപ്പോർട്ടും പരിഗണിച്ചു. ഡിഎൻഎ സാമ്പിളുകൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ വീണ്ടും പരിശോധിച്ചു. അമീറുളിന്റെ പങ്ക്‌ വ്യക്തമാക്കുന്ന തെളിവുകളാണ്‌ ഇവയെന്ന്‌ വധശിക്ഷ ശരിവച്ചുള്ള ഉത്തരവിൽ ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം പരിശോധനകൾ സുപ്രീംകോടതി വിധിയുടെ ഭാഗമായി നടക്കുമെന്ന്‌ സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ പി നാരായണൻ പറഞ്ഞു. വിയ്യൂർ ജയിൽ സൂപ്രണ്ടിന്റെയും മെഡിക്കൽ സംഘത്തിന്റെയും റിപ്പോർട്ട്‌ എട്ടാഴ്‌ചയ്‌ക്കകവും അപ്ലൈഡ്‌ സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ട്‌ 12 ആഴ്‌ചയ്‌ക്കുള്ളിലും നൽകാനാണ്‌ സുപ്രീംകോടതി നിർദേശിച്ചിട്ടുള്ളത്‌. അത്‌ പരിഗണിച്ചാകും പ്രതിയുടെ അപ്പീലിൽ അന്തിമവിധി.

2016 ഏപ്രിൽ 28ന്‌ രാത്രി എട്ടിനാണ്‌ പെരുമ്പാവൂർ ഇരിങ്ങോളിലെ കനാൽ പുറമ്പോക്കിലെ വീട്ടിൽ നിയമവിദ്യാർഥിനി കൊല്ലപ്പെട്ടത്‌. ജൂൺ 16ന്‌ അസംകാരൻ അമീറുൾ ഇസ്ലാം അറസ്റ്റിലായി. സെപ്‌തംബർ 16ന്‌ കുറ്റപത്രം സമർപ്പിച്ചു. 85 ദിവസത്തെ വിചാരണയിൽ 100 സാക്ഷികളെ വിസ്‌തരിച്ചു. 290 രേഖകളും 36 തൊണ്ടിമുതലുകളും അന്വേഷകസംഘം ഹാജരാക്കി.

കൊലയാളിയെ തൂക്കിലേറ്റണം: 
നിയമവിദ്യാർഥിനിയുടെ അമ്മ
മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂക്കിലേറ്റണമെന്ന് പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനിയുടെ അമ്മ. പ്രതി അമീറുൾ ഇസ്ലാമിനെ വെറുതെ വിടരുത്. തന്റെ കുഞ്ഞ് അനുഭവിച്ച വേദന കുറ്റം ചെയ്തവനും അനുഭവിക്കണമെന്ന് വാർത്താസമ്മേളനത്തിൽ അവർ പറഞ്ഞു. കേസ് പഠിച്ചിട്ടല്ലെ രണ്ടു പ്രാവശ്യം കോടതി ശിക്ഷിച്ചത്. വീണ്ടും പഠിക്കണമെന്ന് പറയുന്നത് എന്തിനാണ്. കഷ്ടപ്പെട്ടാണ്‌ മകളെ വളർത്തിയതും പഠിപ്പിച്ചതും. ക്രൂരമായി മകളെ കൊന്നവനെ തൂക്കിലേറ്റുന്നത് കാണാനാണ് ജീവിക്കുന്നതെന്നും അവർ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top