23 December Monday

അമീബിക്‌ മസ്‌തിഷ്‌ക ജ്വരം: രാജ്യത്ത് ആദ്യമായി മാര്‍ഗരേഖ പുറത്തിറക്കി കേരളം

സ്വന്തം ലേഖികUpdated: Monday Jul 22, 2024

തിരുവനന്തപുരം > അമീബിക്‌ മസ്‌തിഷ്ക ജ്വരവുമായി (അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്‌) ബന്ധപ്പെട്ട് രാജ്യത്താദ്യമായി പ്രത്യേക മാർഗരേഖ പുറത്തിറക്കി കേരളം. രോഗ പ്രതിരോധം, നിർണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാർഗരേഖയാണ് പുറത്തിറക്കിയത്.

അപൂർവമായ ഈ രോഗത്തെപ്പറ്റി ശാസ്ത്രീയ പഠനങ്ങളും റിപ്പോർട്ടുകളും കുറവാണ്. ഈ സാഹചര്യത്തിലാണ് നിലവിലുള്ള ശാസ്ത്രീയ പഠനങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനം സ്വന്തംനിലയിൽ സമഗ്ര മാർഗരേഖ തയ്യാറാക്കാൻ തീരുമാനിച്ചത്. തുടർപഠനത്തിനും ഗവേഷണത്തിനുമായി ഐസിഎംആർ സഹകരണത്തോടെ സമിതിയെയും നിയോഗിക്കും. സർക്കാർ, സ്വകാര്യ ആശുപത്രികൾ മാർഗരേഖ കൃത്യമായി പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്‌ നിർദേശിച്ചു.
കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ അപൂർവമായി കാണുന്ന രോഗമാണിത്‌.

ഇത്തരം വെള്ളവുമായി സമ്പർക്കത്തിൽവരുന്ന 26 ലക്ഷത്തിൽ ഒരാൾക്ക് മാത്രമാണ് രോഗം ബാധിക്കുന്നത്. മൂക്കിനെയും മസ്‌തിഷ്കത്തെയും വേർതിരിക്കുന്ന നേർത്തപാളിയിൽ അപൂർവമായുണ്ടാകുന്ന സുഷിരങ്ങൾവഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരംവഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുന്നത്‌. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
വെള്ളത്തിലിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും രോഗം വന്നാലുള്ള ചികിത്സാ നടപടികളും മാർഗനിർദേശത്തിലുണ്ട്‌. വേനൽക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വർധിക്കുന്നത്. അമീബയ്‌ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന അഞ്ച്‌ മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സ. വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിങ്‌ പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു.

ജൂലൈ ഏഴുവരെ രണ്ട്‌ മാസത്തിനുള്ളിൽ അഞ്ച്‌ കേസാണ്‌ സംസ്ഥാനത്ത്‌ സ്ഥിരീകരിച്ചത്‌. അഞ്ച്‌, 13, 12, 13, 15 പ്രായക്കാരിലാണ്‌ രോഗം കണ്ടെത്തിയത്‌. ഈ കുട്ടികളെല്ലാം ഏതെങ്കിലും സാഹചര്യത്തിൽ വെള്ളത്തിൽ ഇറങ്ങിയിരുന്നതായും കണ്ടെത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top