കോഴിക്കോട്
തിരിച്ചുകിട്ടിയ ജീവിതത്തെ നോക്കി നിറഞ്ഞുചിരിക്കുകയാണ് മേലടി പള്ളിക്കര റൈഹാനത്തിന്റെയും സിദ്ദിഖിന്റെയും മകൻ അസ്‌നാൻ ജാസിം. ഗുരുതരാവസ്ഥയിൽ 21 ദിവസംമുമ്പ് ആശുപത്രിയിലെത്തുമ്പോൾ റൈഹാനത്തും സിദ്ദിഖും കരുതിയില്ല, നിറചിരിയോടെ മകനെ തിരിച്ചുകിട്ടുമെന്ന്.
അമീബിക് മസ്‌തിഷ്‌ക ജ്വരത്തിൽനിന്ന് പതിനാലുകാരൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് കേരളത്തിന്റെ ആരോഗ്യ സംവിധാന മികവിലാണ്. അപൂർവമായാണ് ഒരു കുട്ടി ഈ രോഗത്തെ അതിജീവിക്കുന്നതെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു. ലോകത്തുതന്നെ രോഗമുക്തർ 11 പേർ. അതിവേഗം രോഗനിർണയം നടത്തിയതും ആരോഗ്യവകുപ്പ് എല്ലാ ചികിത്സയും ഉറപ്പാക്കിയതുമാണ് 97 ശതമാനം മരണനിരക്കുള്ള രോഗത്തെ അതിജീവിക്കാൻ സഹായിച്ചത്.
വീടിനുസമീപത്തെ കുളത്തിൽ കുളിച്ച അസ്‌നാന് ജൂൺ 30ന് വൈകിട്ടാണ് തലവേദനയും അപസ്‌മാരവും വന്നത്. ഉടൻ ചികിത്സതേടി. മേലടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ മസ്തിഷ്ക ജ്വരമാകാമെന്ന സംശയത്തിൽ അപകടസാധ്യത അറിയിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ഐസിയുവിലേക്ക് മാറ്റി. ജർമനിയിൽനിന്ന് മിൽട്ടി ഫോസിൻ എന്ന മരുന്ന് ആരോഗ്യവകുപ്പ് എത്തിച്ചിരുന്നു.
മരുന്നുകളോട് അസ്‌നാൻ പ്രതികരിച്ചു. ഒമ്പതുദിവസത്തിന് ശേഷമാണ് ഐസിയുവിൽനിന്ന് മാറ്റിയത്. തിങ്കളാഴ്‌ച അസ്‌നാന് ബേബി മെമ്മോറിയൽ ആശുപത്രിയിൽ യാത്രയയപ്പ് നൽകി. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നൽകിയവരെ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
എല്ലാവർക്കും നന്ദി:
അസ്‌നാന്റെ
മാതാപിതാക്കൾ
കോഴിക്കോട്
‘ഇത് ഞങ്ങളുടെ പുതുജന്മമാണ്. സഹകരിച്ച എല്ലാവരോടും പറഞ്ഞറിയിക്കാനാവാത്ത നന്ദി. പ്രത്യേക മരുന്ന് വേഗത്തിൽ ജർമനിയിൽനിന്നെത്തിച്ചത് വലിയ സഹായമായി. ഡോക്ടർമാർ, ജീവനക്കാർ, നാട്ടുകാർ എല്ലാവരും കൂടെ നിന്നു’’–- അമീബിക് മസ്‌തിഷ്‌ക ജ്വരം അതിജീവിച്ച മേലടി പള്ളിക്കര അസ്‌നാൻ ജാസിമിന്റെ പിതാവ് സിദ്ദിഖിന്റെ വാക്കുകൾ.
ബേബി മെമ്മോറിയൽ ആശുപത്രിയിലെ കൺസൾട്ടന്റ് പീഡിയാട്രിക് ഇന്റൻസിവിസ്റ്റ് ഡോ. അബ്ദുൾ റഹൂഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ നൽകിയത്. അമീബിക് മസ്തിഷ്‌ക ജ്വരത്തിന് രാജ്യത്താദ്യമായി ചികിത്സാ മാർഗരേഖയും സംസ്ഥാനം പുറത്തിറക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..