22 November Friday

എഎംആർ പദ്ധതി ഏറ്റെടുത്ത്‌ 
തെലങ്കാനയും ; കേരളമാതൃകയെ അഭിനന്ദിച്ച്‌ തെലങ്കാന ആരോഗ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

ഹൈദരാബാദിൽ ഗ്ലോബൽ സൗത്ത്‌ കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയെ തെലങ്കാന ആരോഗ്യമന്ത്രി 
ദാമോദർ രാജ നരസിംഹ സ്വീകരിക്കുന്നു


തിരുവനന്തപുരം
കേരളം ആവിഷ്‌കരിച്ച ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്‌ കർമപദ്ധതി ഏറ്റെടുത്ത്‌ തെലങ്കാനയും.  അമിതമായ ആന്റിബയോട്ടിക്‌ ഉപയോഗത്തിന്റെ ഭവിഷ്യത്തുകൾ ജനങ്ങളിലെത്തിക്കാനും ഉപയോഗം കുറയ്ക്കാനും രാജ്യത്ത്‌ ആദ്യമായി പദ്ധതി രൂപീകരിച്ചത്‌ കേരളമാണ്‌. കേരളത്തെ പിന്തുടർന്ന്‌ ഈ പദ്ധതി നടപ്പാക്കുന്ന ഏഴാമത്തെ സംസ്ഥാനമാണ്‌ തെലങ്കാന. ആരോഗ്യമന്ത്രി ദാമോദർ രാജ നരസിംഹ ഇക്കാര്യത്തിൽ കേരള മാതൃകയെ അഭിനന്ദിച്ചു.

ഹൈദരാബാദിൽ നടന്ന ഗ്ലോബൽ സൗത്ത്‌ കോൺഫറൻസിലാണ്‌ തെലങ്കാന തങ്ങളുടെ കർമ പദ്ധതി അവതരിപ്പിച്ചത്‌. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ എംഎൽഎ ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും എഎംആർ നടപ്പാക്കണമെന്നും ഇതിലൂടെ ആയിരക്കണക്കിന്‌ രോഗികളെ രക്ഷിക്കാനാകുമെന്നും കെ കെ ശൈലജ പറഞ്ഞു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മനസിലാക്കാനും അതിലൂടെ കർമപദ്ധതി ആവിഷ്‌ക്കരിച്ച് ഇത് കുറയ്ക്കുകയുമാണ്‌ ഇതിന്റെ ലക്ഷ്യം. 

കേരളം തയാറാക്കിയ ആന്റി ബയോഗ്രാം റിപ്പോർട്ടിൽ ആളുകളിൽ ആന്റിബയോട്ടിക് പ്രതിരോധത്തോത് മുൻകാലങ്ങളെ അപേക്ഷിച്ച് കൂടിവരുന്നതായി വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടർന്ന്‌ അനാവശ്യമായുള്ള ആന്റിബയോട്ടിക്‌ ഉപയോഗം തടയാൻ മെഡിക്കൽ ഷോപ്പുകൾക്കും നിർദേശം നൽകി. ഇതിലൂടെ ആന്റിബയോട്ടിക്‌ വിൽപ്പനയിൽ ആയിരം കോടിയിലധികം രൂപയുടെ കുറവും കേരളത്തിൽ റിപ്പോർട്ട്‌ ചെയ്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top