04 December Wednesday

അരങ്ങിനെ അനന്യമാക്കാന്‍ ട്രാന്‍സ്ജെന്‍ഡര്‍ താരങ്ങള്‍

സ്വന്തം ലേഖികUpdated: Monday Dec 2, 2024

തിരുവനന്തപുരം > ട്രാൻസ്ജെൻഡർ വ്യക്തികളുടെ സർ​ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ കലാട്രൂപ്പ് ആരംഭിക്കാൻ സാമൂഹ്യനീതി വകുപ്പ്. ‘അനന്യം’ എന്ന പേരിലുള്ള പദ്ധതിയിൽ 30 പേരടങ്ങുന്ന കലാട്രൂപ്പ് അടുത്തയാഴ്ച യാഥാർഥ്യമാകും. വട്ടിയൂർക്കാവിലെ ​ഗുരുഗോപിനാഥ് നടന​ഗ്രാമമാണ് പദ്ധതി നടപ്പാക്കുന്നത്.

കലാപരമായ കഴിവുകളുള്ള നിരവധി വ്യക്തികളാണ് ട്രാൻസ്ജെൻഡർ വിഭാ​ഗത്തിലുള്ളത്. എന്നാൽ, അവരിൽ പലർക്കും കൃത്യമായ പരിശീലനമോ വേദികളോ ലഭിക്കാറില്ല. ഈ സാഹചര്യം ഒഴിവാക്കി കൃത്യമായ വരുമാനം ലഭിക്കുന്ന വിധത്തിൽ ടീമിനെ സജ്ജീകരിക്കുകയാണ് ലക്ഷ്യം. നൃ-ത്തം, പാട്ട്, നാടകം, നാടൻകലാരൂപങ്ങൾ തുടങ്ങിയവ സമന്വയിപ്പിച്ചുള്ള ഒരു പ്രോ​ഗ്രാമായിരിക്കും സജ്ജമാക്കുക. ലഭിക്കുന്ന വേദികൾക്ക്‌ അനുസരിച്ച്‌ ചിട്ടപ്പെടുത്തിയാകും പരിപാടി അവതരിപ്പിക്കുക. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള മെ​ഗാ ഇവന്റും പരി​ഗണനയിലുണ്ട്. സംസ്ഥാന സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്ന മേളകൾ, പ്രദർശനങ്ങൾ എന്നിവിടങ്ങളിൽ വേദികൾ ഉറപ്പാക്കും.
‘അനന്യ’ത്തിലേക്കുള്ള പ്രതിഭകളെ ഓഡിഷൻ വഴിയാണ് തെരഞ്ഞെടുക്കുന്നത്. 
തുടർന്ന് അവരുടെ അഭിരുചിയ്ക്ക് അനുസരിച്ചുള്ള മേഖലകളിൽ പരിശീലനം നൽ‌കും.

ഇതിന് ഒരുമാസത്തെ റസിഡൻഷ്യൽ ക്യാമ്പ് വട്ടിയൂർക്കാവ്‌ ഗുരുഗോപിനാഥ്‌ ​നടന​ഗ്രാമത്തിൽ നടത്തും. ട്രൂപ്പിൽ മുപ്പത് പേരെയാണ് തീരുമാനിച്ചതെങ്കിലും കൂടുതൽ പേരെ ക്യാമ്പിൽ പരിശീലിപ്പിക്കും.

ഓപ്പൺ ഓഡിഷൻ കൊച്ചിയിലും 
തിരുവനന്തപുരത്തും

അനന്യം കലാട്രൂപ്പിലേക്ക് പ്രതിഭകളെ കണ്ടെത്താനുള്ള ഓപ്പൺ ഓഡിഷൻ തിങ്കളാഴ്ച തിരുവനന്തപുരത്തും, വ്യാഴാഴ്ച കൊച്ചിയിലും നടക്കും. ​
വട്ടിയൂർക്കാവ് ​ഗോപിനാഥ് നടന​ഗ്രാമത്തിലും എറണാകുളം സെന്റ് വിൻസെന്റ് റോഡിലെ മാക്ട ഓഫീസിലുമാണ് ഓഡിഷൻ. വിവരങ്ങൾക്ക്   6235125321, 8547913916.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top