18 December Wednesday

ദുരിതവഴിയായി അങ്ങാടിക്കടവ് 
റെയില്‍വേ അടിപ്പാത

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

അങ്കമാലി > അഞ്ചുമാസംമുമ്പ്‌ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത അങ്കമാലി അങ്ങാടിക്കടവ് റെയിൽവേ അടിപ്പാതയുടെ നിർമാണം പാതിവഴിയില്‍ നിലച്ചു. 2023 ഒക്ടോബറില്‍ നിർമാണം ആരംഭിച്ചു. ആറുമാസംകൊണ്ട് പൂർത്തിയാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എസ്റ്റിമേറ്റുപ്രകാരം കോൺക്രീറ്റ് മിശ്രിതത്തി​ന്റെ പരിധി വശങ്ങളിലെ സംരക്ഷണഭിത്തി നിർമാണത്തോടെ അനുവദിച്ചതിൽ കൂടുതൽ കഴിഞ്ഞതായാണ് കരാർ കമ്പനി പറയുന്നത്. ഇനി റോഡ് കോൺക്രീറ്റ് ചെയ്യണമെങ്കിൽ എസ്റ്റിമേറ്റ് പുതുക്കണം. എന്നാല്‍, എസ്റ്റിമേറ്റ് പുതുക്കി അനുമതിക്കായി നൽകിയതായാണ് ഉദ്യോഗസ്ഥർ പറയുന്നത്. നിര്‍മാണം കഴിയാതെയാണ് അടിപ്പാത, ഫെബ്രുവരി 26ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

ദിവസങ്ങൾക്കകം വാഹനങ്ങൾ കടത്തിവിടുമെന്ന് പറഞ്ഞാണ് അന്നുണ്ടായ ജനങ്ങളുടെ പ്രതിഷേധം അടക്കിയത്. അടിപ്പാതനിർമാണത്തിനായി അങ്ങാടിക്കടവ് റെയിൽവേ ഗേറ്റ് അടച്ച് ഗതാഗതം നിരോധിച്ചതോടെ ജനങ്ങൾ ദുരിതത്തിലാണ്. പാറക്കടവ് പഞ്ചായത്തിലെ മുഴിക്കുളം, വട്ടപ്പറമ്പ്, കുന്നപ്പിള്ളിശേരി, കോടുശേരി പ്രദേശവാസികളും പീച്ചാനിക്കാട്ടുള്ളവരും ഇതുവഴിയുള്ള ബസ് സർവീസുകളിലായിരുന്നു യാത്ര. അങ്ങാടിക്കടവ് റെയിൽവേ ഗേറ്റ് അടച്ച് ഗതാഗതം നിരോധിച്ചതോടെ പീച്ചാനിക്കാട്, ചാക്കരപ്പറമ്പ് വാസികള്‍ക്ക് കാൽനടയാത്രപോലും അസാധ്യമായി.

ഇവർക്ക് അങ്കമാലിയിൽ വരാൻ ഏഴു കിലോമീറ്റർ കൂടുതൽ ചുറ്റിസഞ്ചരിക്കണം. ഇതുവഴിയുണ്ടായിരുന്ന ബസ് സര്‍വീസുകള്‍ ചുറ്റിവളഞ്ഞ് ഓടുന്നതിനാല്‍ നഷ്ടത്തിലായി. പാതനിര്‍മാണം പൂര്‍ത്തിയാക്കി ​ഗതാ​ഗതം പുനഃസ്ഥാപിക്കണമെന്ന് ബസ്‌ ഉടമസംഘം ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top