തിരുവനന്തപുരം
രണ്ട് പുതിയ ദേശീയപാത പദ്ധതികൾക്കായി വീണ്ടും സംസ്ഥാന സർക്കാരിന്റെ സഹായം. അങ്കമാലി മുതൽ കുണ്ടന്നൂർ വരെയുള്ള എറണാകുളം–-ബൈപാസ് (എൻഎച്ച് 544), കൊല്ലം–-ചെങ്കോട്ട ( എൻഎച്ച് 744) എന്നിവയുടെ നിർമാണത്തിന് ജിഎസ്ടി വിഹിതവും നിർമാണ വസ്തുക്കളുടെ റോയൽറ്റിയും സംസ്ഥാന സർക്കാർ ഒഴിവാക്കും. ഇതുവഴി 741.35 കോടി രൂപയുടെ സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാരിനുണ്ടാകും. ഈ തുക ഗ്രാന്റായി ദേശീയപാത അതോറിട്ടിക്ക് ലഭിക്കും. കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പൊതുമരാമത്ത് വകുപ്പ് ബുധനാഴ്ച ഉത്തരവ് ഇറക്കി.
ദേശീയപാതയിൽ ഇടപ്പള്ളി മുതൽ അരൂർ വരെയുള്ള സ്ഥലങ്ങളിലെ തിരക്ക് ഒഴിവാക്കാൻ 45 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്നതാണ് എറണാകുളം ബൈപാസ്. ഇതിന് ജിഎസ്ടി വിഹിതമായി 254.4 കോടിയുടെയും റോയൽറ്റി ഇനത്തിൽ 169.6 കോടി രൂപയുടെയും സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാരിനുണ്ടാകും. 62 കിലോമീറ്ററിൽ കടമ്പാട്ടുകോണം മുതൽ - ആര്യങ്കാവ് വരെ നിർമിക്കുന്ന കൊല്ലം–-ചെങ്കോട്ടപാതയുടെ ജിഎസ്ടി ഒഴിവാക്കുന്നതിലൂടെ 173.7 കോടി രൂപയുടെയും റോയൽറ്റി ഇനത്തിൽ 143.65 കോടി രൂപയുടെയും ബാധ്യതയുണ്ടാകും. ജില്ലയിൽ ചുമതലയുള്ള ജിയോളജിസ്റ്റും ദേശീയപാത അതോറിട്ടി നിയമിച്ച എൻജിനിയറുടെയും നേതൃത്വത്തിൽ റോയൽറ്റിയിൽ നിന്ന് ഒഴിവാക്കേണ്ട ഉൽപ്പന്നങ്ങളുടെ അളവ് സാക്ഷ്യപ്പെടുത്തും. ഇരു പദ്ധതികളുടെയും നിർമാണവേളയിൽ കുഴിച്ചെടുക്കുന്ന പാറകളും മണ്ണും ആ ദേശീയപാതകളുടെ നിർമ്മാണത്തിന് മാത്രമേ ഉപയോഗിക്കാവൂ. ദേശീയപാത 66 ന്റെ വികസനത്തിനായി സംസ്ഥാനം 5580 കോടി രൂപ നൽകിയിരുന്നു.
കൂട്ടായ പ്രവർത്തനം
ദേശീയപാത വികസനം സാധ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത അതോറിറ്റിയുമായി ചേർന്ന് ഈ രണ്ട് ദേശീയപാതാ പ്രവൃത്തികളും മുന്നോട്ടു കൊണ്ടുപോകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..