09 September Monday

ജനരോഷം കടുത്തപ്പോൾ ‘വടക്കാഞ്ചേരി ഫ്ലാറ്റ്‌’ കൊള്ളാം ; പണിപൂർത്തിയാക്കണമെന്ന്‌ അക്കര

വെബ് ഡെസ്‌ക്‌Updated: Friday Nov 6, 2020


തൃശൂർ
അപവാദപ്രചാരണം നടത്തിയും കഴമ്പില്ലാത്ത പരാതി നൽകിയും വടക്കാഞ്ചേരി ഫ്ലാറ്റ്‌ സമുച്ചയനിർമ്മാണം തടഞ്ഞ അനിൽ അക്കര എംഎൽഎ മലക്കം മറിഞ്ഞു. വടക്കാഞ്ചേരിയിലുൾപ്പെടെ ഉയർന്ന  കടുത്ത ജനരോഷം, വരുന്ന തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമെന്ന്‌ കണ്ടാണ്‌ എംഎൽഎ യുടെ നിലപാട്‌ മാറ്റം.

സ്വന്തം മണ്ഡലത്തിലെ വീടില്ലാത്ത 140 പാവപ്പെട്ട കുടുംബങ്ങൾക്ക്‌  വീടു നൽകുന്ന പദ്ധതിയാണ്‌ അനിൽ അക്കര നൽകിയ പരാതിയെ തുടർന്ന്‌ തടഞ്ഞിട്ടിരിക്കുന്നത്‌. നിരന്തരം പരാതി നൽകിയും തലങ്ങും വിലങ്ങും നടന്ന്‌ വാർത്താസമ്മേളനം നടത്തിയുമാണ്‌ പദ്ധതിക്ക്‌ തുരങ്കം വച്ചത്‌.

ഭവന പദ്ധതി  പുനരാരംഭിക്കാൻ ലൈഫ് മിഷന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ്‌  ഇപ്പോൾ  ഹൈക്കോടതിയിൽ ഹർജി നൽകിയത്‌. പദ്ധതിയുടെ  ധനസഹായം യുഎഇ റെഡ്ക്രസന്റ് നിർമാണ കമ്പനിക്ക് കൈമാറിയിട്ടുണ്ടന്നും  പണി പൂർത്തിയാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. 

യുഎഇ ആസ്ഥാനമായ  റെഡ്‌ക്രസന്റ്‌ ഗ്രൂപ്പാണ്‌  വടക്കാഞ്ചേരിയിൽ സൗജന്യമായി  ഫ്ലാറ്റ്‌  നിർമിച്ചുനൽകാൻ സന്നദ്ധരായത്‌. പണം സർക്കാരിനെ ഏൽപ്പിക്കുന്നതിനു പകരം, റെഡ്‌ക്രസന്റ്‌ ഗ്രൂപ്പ്‌ തെരഞ്ഞെടുത്ത യൂണിടാക്‌ കമ്പനിയാണ്‌ ഫ്ലാറ്റ്‌ നിർമിക്കുന്നത്‌.  ഇതിനാവശ്യമായ ഭൂമി കൈമാറുകയാണ് സർക്കാർ‌ ചെയ്‌തത്‌. ഇതനുസരിച്ച്‌ ഫ്ലാറ്റ്‌ നിർമാണം പൂരോഗമിക്കുകയായിരുന്നു. എന്നാൽ,  പദ്ധതിക്ക്‌ സർക്കാർ‌ വിദേശ പണം സ്വീകരിച്ചതായി ആരോപിച്ച്‌  അനിൽ അക്കര സിബിഐക്ക്‌ പരാതി നൽകി. സിബിഐ തിടുക്കപ്പെട്ട്‌ കേസെടുത്തു.  ഇതോടെ‌  നിർമാണ കമ്പനി ഫ്ലാറ്റ്‌ നിർമാണം നിർത്തി.  ലൈഫ്‌ മിഷനെതിരായ സിബിഐ കേസ്‌ ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരിക്കുകയാണ്‌.  
അപവാദ പ്രചാരണവും കള്ള പരാതികളും മൂലം പദ്ധതി തടയാതിരുന്നെങ്കിൽ ഇപ്പോൾ ഫ്ലാറ്റ്‌ പൂർത്തീകരണത്തോട്‌ അടുക്കേണ്ടതായിരുന്നു.

അതേസമയം, ഭവനരഹിതർ എംഎൽഎയുടെ വീടിനടുത്തും ഓഫീസിനുമുന്നിലും സമരം തുടരുകയാണ്‌. നിൽക്കക്കള്ളി ഇല്ലാതായതോടെയാണ്‌  ഫ്ലാറ്റ്‌ നിർമാണം പൂർത്തീകരിക്കണമെന്ന ആവശ്യവുമായി ഹർജിയുമായെത്തിയത്‌. ഫ്‌ളാറ്റ്‌ നിർമാണത്തിൽ അപാകമുണ്ടെന്ന  പുതിയ ആരോപണങ്ങളുയർത്തി വാർത്താസമ്മേളനവും നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top