22 November Friday

അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 4, 2021

photo credit: anil panachooran facebook page


ആലപ്പുഴ
കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. കോവിഡ്‌ ബാധിച്ച്‌ തിരുവനന്തപുരം കിംസ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 55 വയസായിരുന്നു. കായംകുളത്ത്‌ കുടുംബവീട്ടിൽ ഞായറാഴ്‌ച രാവിലെ കുഴഞ്ഞുവീണതിനെത്തുടർന്ന്‌ മാവേലിക്കരയിലെ വിഎസ്‌എം ആശുപത്രിയിലും പിന്നീട്‌ കരുനാഗപ്പള്ളി വല്ല്യത്ത്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെയാണ്‌ കിംസിലേക്ക്‌ മാറ്റിയത്‌. ആശുപത്രിയിൽ എത്തുമ്പോൾ അബോധാവസ്ഥയിലായിരുന്നു. രാത്രി 8.10ന്‌ മരിച്ചു. ഹ‌ൃദയാഘാതമാണ്‌ മരണകാരണമെന്ന്‌ ആശുപത്രി അധിക‌ൃതർ അറിയിച്ചു.

കവിതാലാപനത്തിന്റെ ഭംഗിയാലും മൂർച്ചയുള്ള വാക്കുകളാലും മലയാളമനസിൽ ഇടംനേടിയ അനിൽ പനച്ചൂരാൻ 37 സിനിമകൾക്ക്‌ ഗാനം രചിച്ചിട്ടുണ്ട്‌. പി യു അനിൽകുമാർ എന്നാണ് ‌യഥാർഥപേര്‌. 

കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20നാണ്‌ ജനിച്ചത്‌. പരേതനായ ഉദയഭാനുവിന്റെയും -ദ്രൗപതിയുടെയും മകനാണ്. നങ്യാർകുളങ്ങര ടികെഎം കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കൽ കാകതീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അഭിഭാഷകനായിരുന്നു. ഭാര്യ: മായ. മക്കൾ: അരുൾ, മൈത്രേയി. സഹോദരങ്ങൾ‌ക്ഷ അനിത(സൗദി), അജിത(ബംഗളൂരു) എന്നിവർ.

വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം, ഒരു മഴ പെയ്‌തെങ്കിൽ, കണ്ണീർക്കനലുകൾ തുടങ്ങിയ പ്രധാന കവിതകളാണ്‌. ജനപ്രിയ കവിതകളാണ്‌ സൃഷ്‌ടികളിലേറെയും. 

അറബിക്കഥ, കഥ പറയുമ്പോൾ, മാടമ്പി, ലൗഡ്‌ സ്‌പീക്കർ, പാസഞ്ചർ, ബോഡി ഗാർഡ്, അർജുനൻ സാക്ഷി, മാണിക്യക്കല്ല്, സീനിയേഴ്സ് തുടങ്ങീ സിനിമകളിലായി 140 ഗാനങ്ങള്‍ എഴുതി. ഏഷ്യാനെറ്റ്‌ ഫിലിം ഫെയർ അവാർഡ്, കണ്ണൂർ കവിമണ്ഡലത്തിന്റെ പി ഭാസ്‌കരൻ സ്മാരക സുവർണമുദ്രാ പുരസ്‌കാരം എന്നിവ നേടി‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top